
ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 7 ന് ദേശീയ ക്യാൻസർ അവബോധ ദിനം ആചരിക്കുന്നു. ക്യാൻസർ സാധ്യതകൾ, പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തലിന്റെ ഗുണങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ജീവിതശൈലിയിലെ മാറ്റങ്ങൾ, പുകയില ഉപയോഗം, മോശം ഭക്ഷണശീലങ്ങൾ, വ്യായാമമില്ലായ്മ എന്നിവ ക്യാൻസർ കേസുകളുടെ സാധ്യത കൂട്ടുന്നു. ദേശീയ ക്യാൻസർ അവബോധ ദിനം ഔദ്യോഗികമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 2014 ൽ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹർഷ് വർദ്ധനാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്. നോബൽ സമ്മാന ജേതാവായ മേരി ക്യൂറിയുടെ ജന്മദിനമായ നവംബർ 7 ആണ് ഈ ദിനം ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ക്യാൻസർ നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. രാജ്യത്ത് ഓരോ വർഷവും ഏകദേശം 800,000 പുതിയ ക്യാൻസർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതായി പ്രസ് ഇന്ത്യ ബ്യൂറോ വ്യക്തമാക്കുന്നു. ഈ ക്യാൻസറുകളിൽ പലതും നേരത്തെയുള്ള കണ്ടെത്തൽ വഴി തടയാൻ കഴിയും.
പ്രാരംഭ ഘട്ടത്തിൽ രോഗം തിരിച്ചറിയുന്നത് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയ്ക്ക് സഹായിക്കുന്നു. ക്യാൻസർ നേരത്തേ കണ്ടെത്തുന്നത് അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ ഏറ്റവും സാധാരണമായ ക്യാൻസർ തരങ്ങൾ സ്തനാർബുദം, ഗർഭാശയ അർബുദം, ഓറൽ കാൻസർ, ശ്വാസകോശ അർബുദം, വൻകുടൽ അർബുദം എന്നിവയാണ്. ഇനി ഇവയുടെ ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
1. സ്തനാർബുദം
സ്തനത്തിലോ കക്ഷത്തിലോ മുഴ കാണുക
സ്തനങ്ങളുടെ വലിപ്പത്തിലോ, ആകൃതിയിലോ, ചർമ്മത്തിലോ ഉള്ള മാറ്റങ്ങൾ.
മുലക്കണ്ണിൽ നിന്ന് ഡിസ്ചാർജ് വരിക
2. സെർവിക്കൽ ക്യാൻസർ
അസാധാരണമായ യോനിയിൽ രക്തസ്രാവം
പെൽവിക് വേദന
അസാധാരണമായ യോനി ഡിസ്ചാർജ്
3. ഓറൽ ക്യാൻസർ
വായിൽ മുറിവ് വരിക
വായിൽ വെള്ളയും ചുവപ്പും നിറത്തിലുള്ള പാടുകൾ കാണുക
സംസാരിക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട്
4. ശ്വാസകോശ അർബുദം
കടുത്ത ചുമ
കഫത്തിൽ രക്തം കാണുക
ശ്വാസം മുട്ടൽ
നെഞ്ച് വേദന
5. കോളൻ ക്യാൻസർ
കുടൽ ശീലങ്ങളിലെ മാറ്റങ്ങൾ
മലത്തിൽ രക്തം കാണുക
പെട്ടെന്ന് ഭാരം കുറയുക.