
30 വയസിന് മുകളിലുള്ള സ്ത്രീകൾ ദൈനംദിന ഭക്ഷണക്രമത്തിൽ ഉയർന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം പ്രായം കൂടുന്നതിനനുസരിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ 30 കഴിഞ്ഞാൽ സ്ത്രീകൾ ശരീരത്തിൻറെയും ചർമ്മത്തിൻറെയും ആരോഗ്യം സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ഏറ്റവും പ്രാധമികമായി ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ലോവ്നീത് ബത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു...
ആദ്യമായി പറയുന്നത് മിക്സഡ് നട്സാണ്. ഒരു പിടി ബദാം, വാൾനട്ട് അല്ലെങ്കിൽ കശുവണ്ടി ദിവസവും കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, സസ്യ പ്രോട്ടീൻ, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശ്രദ്ധ മെച്ചപ്പെടുത്താനും ഊർജ്ജം നിലനിർത്താനും മാനസികാവസ്ഥ ഉയർത്താനും സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഗ്രീൻ ടീ അല്ലെങ്കിൽ ഹെർബൽ ടീ നട്സുമായി ചേർത്ത് കഴിക്കാവുന്നതാണ്. മറ്റൊരു ഭക്ഷണം വെള്ളക്കടലയാണ്. മസാല ചേർത്ത വെള്ള കടല ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു. വറുത്ത കടലയിൽ നാരുകൾ, സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അമിത വിശപ്പ് തടയുന്നു.
മഞ്ഞൾ, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആന്റിഓക്‌സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുകയും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.
സമ്മർദ്ദത്തെ ചെറുക്കുന്നതിന് ഈന്തപ്പഴും വാൾനട്ടും കഴിക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യകരവും സ്വാഭാവികമായും മധുരമുള്ളതുമായ ഇവയിൽ മഗ്നീഷ്യം, ഒമേഗ-3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കോർട്ടിസോൾ കുറയ്ക്കാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.