
ചർമ്മസംരക്ഷണത്തിൽ ഫേസ് ടോണറുകൾ ഏറെ സഹായകരമാണ്. ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഫേസ് ടോണറുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ടോണർ അഴുക്ക് നീക്കം ചെയ്യുകയും, തുറന്ന സുഷിരങ്ങൾ ശക്തമാക്കുകയും ചർമ്മത്തിന് പുതുമ നൽകുകയും, ചെയ്യുന്നു. തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നാച്ചുറൽ ഫേസ് ടോണറുകൾ പരിചയപ്പെടാം.
ഒന്ന്
ഏറ്റവും പ്രചാരമുള്ള പ്രകൃതിദത്ത ടോണറുകളിൽ ഒന്നാണ് റോസ് വാട്ടർ. ഇത് സൗമ്യവും എല്ലാ ചർമ്മക്കാർക്കും അനുയോജ്യവുമാണ്. റോസ് വാട്ടർ ചർമ്മത്തിന് ജലാംശം നൽകാനും, ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് നിലനിർത്താനും സഹായിക്കുന്നു. ഇത് തൽക്ഷണം പുതുമയുള്ളതും തിളക്കമുള്ളതുമായ ലുക്ക് നൽകുന്നു. റോസ് വാട്ടർ ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. ശേഷം മുഖത്ത് സ്പ്രേ ചെയ്യുക. അല്ലെങ്കിൽ കോട്ടൺ പാഡിലേക്ക് ഒഴിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്ത് വൃത്തിയാക്കിയ ശേഷം ഇത് പുരട്ടുക. ഇത് രണ്ടു തവണ ഉപയോഗിക്കാം.
രണ്ട്
കഞ്ഞി വെള്ളം ചർമ്മ സംരക്ഷണത്തിനായി പതിവായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. ചർമ്മത്തിന്റെ ഘടനയും തിളക്കവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കഞ്ഞി വെള്ളം സുഷിരങ്ങൾ മുറുക്കാനും, എണ്ണമയം നിയന്ത്രിക്കാനും, ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു. കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം.
മൂന്ന്
ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. മുഖക്കുരു സാധ്യതയുള്ളതും എണ്ണമയമുള്ളതുമായ ചർമ്മത്തിന് ഇത് ഒരു മികച്ച ടോണറാണ്. ഗ്രീൻ ടീ വീക്കം കുറയ്ക്കാനും, അധിക എണ്ണമയം നിയന്ത്രിക്കാനും, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്നു. ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുന്നു. ഒരു കപ്പ് ഗ്രീൻ ടീ ഉണ്ടാക്കി പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. ഒരു കുപ്പിയിലേക്ക് ഒഴിച്ച് ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് പുരട്ടുക.
നാല്
കറ്റാർവാഴയാണ് മറ്റൊരു ചേരുവ. കറ്റാർവാഴ വരണ്ട, സെൻസിറ്റീവ് ആയ ചർമ്മത്തിന് സഹായിക്കുന്നു. കറ്റാർവാഴ ടോണർ ചർമ്മത്തിന് ആശ്വാസം നൽകുകയും ചുവപ്പ് നിറം കുറയ്ക്കുകയും ചർമ്മത്തെ എണ്ണമയമുള്ളതാക്കാതെ ആഴത്തിലുള്ള ജലാംശം നൽകുകയും ചെയ്യുന്നു. ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക.
അഞ്ച്
വെള്ളരിക്കയ്ക്ക ചർമ്മത്തിന് സ്വാഭാവിക തണുപ്പ് നൽകുന്നു. ക്ഷീണിച്ച ചർമ്മത്തിന് പുതുമ നൽകാനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു. കുക്കുമ്പർ ടോണർ ചർമ്മത്തിന് ജലാംശം നൽകുന്നു. മൊത്തത്തിലുള്ള ചർമ്മ നിറം മെച്ചപ്പെടുത്തുന്നു. ചൂടുള്ള കാലാവസ്ഥയ്ക്കും സെൻസിറ്റീവ് ചർമ്മത്തിനും ഇത് അനുയോജ്യമാണ്. വെള്ളരിക്ക അരച്ച് നീര് അരിച്ചെടുക്കുക. ശേഷം കോട്ടൺ പാഡ് നീരിൽ മുക്കിയ ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ള ത്തിൽ മുഖം കഴുകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam