അനുമതിയില്ലാതെ മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ് പ്രദർശിപ്പിക്കാൻ ശ്രമം; ക്യാമ്പസ് ഫ്രണ്ടുകാരെന്ന് പൊലീസ്

By Web TeamFirst Published Dec 12, 2018, 11:40 PM IST
Highlights

ക്യാമ്പസ് ഫ്രണ്ടുകാരാണ് ചിത്രം ലാപ്ടോപ്പില്‍ കൊണ്ട് വന്ന് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഉപയോഗിച്ച പ്രൊജക്ടറും ലാപ് ടോപ്പും പൊലീസ് പിടിച്ചെടുത്തു

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കാതിരുന്നത് മൂലം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനാകാതെ പോയ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ് ലാപ്ടോപ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമം. ക്യാമ്പസ് ഫ്രണ്ടുകാരാണ് ചിത്രം ലാപ്ടോപ്പില്‍ കൊണ്ട് വന്ന് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇതിനായി ഉപയോഗിച്ച പ്രൊജക്ടറും ലാപ് ടോപ്പും പൊലീസ് പിടിച്ചെടുത്തു. ടാഗോര്‍ തീയറ്ററിന് പുറത്ത് ചിത്രം പ്രദർശിപ്പിക്കാനായിരുന്നു ശ്രമം നടത്തിയത്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ സെൻസർ അനുമതി കിട്ടാതിരുന്നത് മൂലമാണ് മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ് ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിക്കാനാകാതെ പോയത്.

കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ്.  2015ലാണ് പ്രവാചകന്‍ മുഹമ്മദിന്‍റെ ബാല്യകാലത്തെ അടയാളപ്പെടുത്തുന്ന ചിത്രം പുറത്തിറങ്ങിയത്. ഇറാനിലും ചിത്രത്തിന് വിലക്കുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ഇറാന്‍റെ ഔദ്യോഗിക ചിത്രമായി 'മുഹമ്മദ് ദ  മെസഞ്ചര്‍ ഓഫ് ഗോഡ്' അക്കാദമി അവാര്‍ഡിന് പരിഗണിക്കുകയും ചെയ്തു. ചിത്രം പ്രദര്‍ശിപ്പിക്കാത്തത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.  മജീദിയെ അപമാനിക്കുന്നരീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് പ്രേക്ഷകരുടെ വിമർശനം.

മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനം നിഷേധിച്ചത് കേന്ദ്രസര്‍ക്കാരെന്ന് അക്കാദമി വൈസ് ചെയര്‍പേഴ്സണും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍ വ്യക്തമാക്കിയിരുന്നു. പ്രദര്‍ശനാനുമതി തേടി ആഴ്ചകള്‍ക്കു മുന്‍പേ അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്നോ വേണ്ടയോ എന്ന് അറിയിച്ചില്ല.

മറുപടിയൊന്നും നല്‍കാതെ അപേക്ഷയെ അവഗണിച്ച് കേന്ദ്രം കേരളത്തോടുള്ള സമീപനം വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി അറിയിക്കുന്നതുവഴിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണ് മറുപടിയൊന്നും നല്‍കാത്തത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണ് വെളിപ്പെടുത്തുന്നതെന്നും ബീനാപോള്‍ വ്യക്തമാക്കി.

click me!