പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം, സാമ്പത്തിക പ്രതിസന്ധി മേളയുടെ മികവിനെ ബാധിക്കില്ല: ബീന പോള്‍

By Web TeamFirst Published Dec 7, 2018, 9:30 PM IST
Highlights

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മികച്ച ചിത്രങ്ങൾ തന്നെയാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നതെന്ന് മേളയുടെ ക്രിയേറ്റിവ് ഹെഡ് ബീനാ പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മികച്ച ചിത്രങ്ങൾ തന്നെയാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നതെന്ന് മേളയുടെ ക്രിയേറ്റിവ് ഹെഡ് ബീനാ പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതുമുഖ സംവിധായകർക്ക് കൂടുതൽ അവസരങ്ങൾ ഇത്തവണയുണ്ട്.. വിഖ്യാത സംവിധായകൻ മജീദ് മജീദിയുടെ സാന്നിദ്ധ്യം  മേളയുടെ മികവ് വർധിപ്പിക്കുമെന്നും ബീനാ പോൾ പറഞ്ഞു.

ആള്‍ക്കാരുടെ കയ്യില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിക്കുമ്പോള്‍ പ്രോഗ്രാം വളരെ മികച്ചതായിരിക്കണം. ആഗോളതലത്തില്‍ ലഭിച്ച വലിയ സഹകരണം കൊണ്ടാണ് പ്രത്യേക സാഹചര്യത്തിലും മികച്ച പ്രോഗ്രാം നടത്താൻ പറ്റുന്നതെന്നും ബീന പോള്‍ പറയുന്നു. ഫിലിംസ് ഓണ്‍ ഹോപ് ആൻഡ് റീ ബില്‍ഡിംഗ് എന്ന പാക്കേജ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചു മാത്രമുള്ളതല്ല. എങ്ങനെയാണ് മുന്നോട്ടുള്ള പുരോഗതിയെന്നതിന്റെ ഉദാഹരണം കൂടി കാണിക്കുന്നവയാണ്. നെല്‍സണ്‍ മണ്ടേലയെ കുറിച്ചൊക്കെയുള്ള സിനിമ കാണിക്കുമ്പോള്‍ തന്നെ അത് ഒരു പ്രചോദനവുമാണെന്ന് ബീന പോള്‍ പറയുന്നു.

മജീദ് മജീദി വരുന്നത് മേളയുടെ മിഴിവ് വര്‍ദ്ധിപ്പിക്കുന്നതുതന്നെയാണ്.  കുറെക്കാലമായി അദ്ദേഹത്തെ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേക സാഹചര്യത്തില്‍ ഇപ്പോള്‍ വരാൻ തോന്നിയത് മേളയ്ക്ക് മികവാകുമെന്നും ബീന പോള്‍ പറയുന്നു. ഇറാനിയൻ സംവിധായകനായ അസ്കര്‍ ഫഹാദിയും കേരളത്തിലെ പോപ്പുലര്‍ സംവിധായകനാണ്. അല്ലെങ്കിലും ഇറാനിയൻ സംവിധായകര്‍ കേരളത്തില്‍ പ്രശസ്തരാണ്. അസ്കര്‍ ഫഹാദിയുടെ എവരിബഡി നോസ് എന്ന സിനിമ ഉദ്ഘാടന ചിത്രമായി വെച്ചത് പല കാരണങ്ങള്‍ കൊണ്ടാണ്. ഒരു ഇറാനിയൻ സംവിധായകൻ പുറത്തുപോയി സിനിമ ചെയ്യുമ്പോള്‍ എങ്ങനെ പ്രമേയം വ്യത്യാസപ്പെടുന്നു, അല്ലെങ്കില്‍ പ്രമേയം മാറുന്നു; അതെല്ലാം കാണണം. അബ്ബാസ് കിരോസ്താമിയെ പോലുള്ള സംവിധായകൻ ഫ്രാൻസില്‍ പോയിയും ജപ്പാനില്‍ പോയിയുമൊക്കെ സിനിമ ചെയ്‍തല്ലോ? അതിര്‍ത്തികളില്‍ ഒത്തിരി കാർക്കശ്യം വേണ്ടെന്നതു തന്നെയാണ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ദേശമെന്നും ബീന പോള്‍ പറയുന്നു.
 
ചലച്ചിത്രോത്സവത്തിലെ മലയാള സിനിമകളും മികവുള്ളതാണ്. പ്രത്യേക വിഭാഗമായി ഒതുങ്ങിനില്‍ക്കുന്നതല്ലെന്നതാണ് നമ്മുടെ സിനിമകളുടെ പ്രത്യേകത. തീയേറ്ററില്‍ കാണിക്കും, മത്സരത്തിനു പോകും; അതാണ് മലയാള സിനിമയുടെ കരുത്ത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും സ്വീകാര്യമാണ്. നവാഗതരുടെ സിനിമകള്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും ബീന പോള്‍ പറയുന്നു.

click me!