മദർ തെരേസ: അഗതികളുടെ അമ്മ, രാജ്യത്തിന്‍റെ പുത്രി

By Web TeamFirst Published Mar 23, 2022, 1:58 PM IST
Highlights

കൊല്‍ക്കത്തയിലെ തെരുവുകളില്‍ ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ട് കിടന്ന കുഷ്ഠരോഗികളും അനാഥരും അവരുടെ പ്രവര്‍ത്തന മണ്ഡലത്തെ പശ്ചിമ ബംഗാളിലേക്ക് എത്തിക്കുകയായിരുന്നു. 

മിഷണറി പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗമാണെന്ന ആരോപണം പരക്കെ ഉയരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളത്. എന്നാല്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ 1948മുതല്‍ സുപരിചിതയായിരുന്നു മദര്‍ തെരേസ. അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി സ്വന്തം ജീവിതം മാറ്റിവച്ച മഹത് വനിതയാണ് മദര്‍ തെരേസ. അഗതികശുടെ അമ്മ എന്ന അവരുടെ വിളിപ്പേര് അക്ഷരാര്‍ത്ഥത്തില്‍ മദര്‍ തെരേസയ്ക്ക് ഉതകുന്നതായിരുന്നു.

സമൂഹം മാറ്റി നിര്‍ത്തിയിരുന്ന കുഷ്ഠരോഗികളുടേയും പാവപ്പെട്ടവരുടേയും അനാഥരുടേയും കണ്ണീര്‍ തുടച്ച സന്യാസിനിയായിരുന്നു അവര്‍. യൂഗോസ്ലാവിയയിലെ സ്കോപ്ജെ എന്ന സ്ഥലത്ത് 1910 ഓഗസ്റ്റ് 26ന് ആയിരുന്നു മദര്‍ തെരേസയുടെ ജനനം.  ആഗ്നസ് എന്നായിരുന്നു മദര്‍ തെരേസയുടെ ആദ്യ കാലത്തെ പേര്. എട്ടാം വയസില്‍ പിതാവ് മരിച്ചതിന് പിന്നാലെ ആഗ്നസ് അധികസമയവും പള്ളിയില്‍ ചെലവഴിക്കാന്‍ തുടങ്ങി. പിതാവിന്‍റെ വ്യാപാര പങ്കാളി ചെയ്ത ചതിവ് മൂലം ബാല്യ കാലത്തില്‍ ദാരിദ്രത്തിന്‍റെ ബുദ്ധിമുട്ടുകള്‍ അവര്‍ മനസിലാക്കിയിരുന്നു.

കന്യാസ്ത്രീയാവണമെന്ന മകളുടെ പന്ത്രണ്ടാം വയസിലെ ആഗ്രഹം ആഗ്നസിന്‍റെ അമ്മ അത്ര പ്രോത്സാഹിപ്പിച്ചിരുന്നില്ല. പക്ഷേ പന്ത്രണ്ടാം വയസില്‍ തോന്നിയ ആഗ്രഹം ആഗ്നസിന്‍റെ മനസില്‍ വേരുറപ്പിച്ചിരുന്നു. ഒടുവില്‍ 18ാം വയസില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കുന്ന ബംഗാളിലെ ലെറേറ്റോ മഠത്തിലേക്ക് അവര്‍ അപേക്ഷ അയച്ചിരുന്നത്. 1931 മാര്‍ച്ച് 24 ന് ആഗ്നസ് ആദ്യ വ്രതവാഗ്ദാനം സ്വീകരിച്ചു. തെരേസ മാര്‍ട്ടിന്‍ എന്നായിരുന്നു ആഗ്നസ് സ്വീകരിച്ച പേര്. അധ്യാപികയായും ജീവകാരുണ്യ പ്രവര്‍ത്തകയായും അവര്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സഞ്ചരിച്ചു.

1946 സെപ്തംബറില്‍ അവര്‍ മഠം ഉപേക്ഷിച്ച് കല്‍ത്തയുടെ തെരുവുകളിലേക്ക് ഇറങ്ങി. കൊല്‍ക്കത്തയിലെ തെരുവുകളില്‍ ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ട് കിടന്ന കുഷ്ഠരോഗികളും അനാഥരും അവരുടെ പ്രവര്‍ത്തന മണ്ഡലത്തെ പശ്ചിമ ബംഗാളിലേക്ക് എത്തിക്കുകയായിരുന്നു. ജീവിതം കന്യാസ്ത്രീ മഠത്തിന്‍റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ലെന്ന് തിരിച്ചറിഞ്ഞ തെരേസ മാര്‍ട്ടില്‍ അശ്രമം സ്ഥാപിക്കുകയായിരുന്നു. 1948ലാണ് തെരുവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഭ അനുമതി നല്‍കിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പുരുഷന്മാരെ സഹായിക്കുന്ന മിഷിണറിസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ്, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച  നിര്‍മല ശിശുഭവന്‍, മരണാസന്നരായവര്‍ക്കു വേണ്ടി നിര്‍മല്‍ ഹൃദയഭവനങ്ങള്‍ എന്നിവ അവര്‍ സ്ഥാപിച്ചു.

1997ലാണ് സെപ്തംബര്‍ അഞ്ചിനാണ് അവര്‍ അന്തരിച്ചത്. അതിനോടകം നോബല്‍ സമ്മാനമടക്കം നിരവധി പുരസ്കാരങ്ങള്‍ മദറിനെ തേടിയെത്തിയിരുന്നു. ജീവിച്ചിരിക്കെ തന്നെ വിശുദ്ധയെന്നേ കേള്‍വി കേട്ട അവര്‍ വിശുദ്ധ പദവിയിലെത്തിയത് 2016 മാര്‍ച്ച് 15നായിരുന്നു. മിഷണറി പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്‍റെ  നിഴലിലാവുകയും മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗമാണെന്ന ആരോപണങ്ങള്‍ അടിയ്ക്കടി ഉയരുകയും ചെയ്യുന്ന ഈ കാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഇത്രയധികം സ്വാധീനിച്ച വ്യക്തികളിലൊരാളാണ് മദര്‍ തെരേസയെന്നത് വിസ്മരിക്കാനാവില്ല. 
 

click me!