
ദില്ലി: എയർ ഇന്ത്യയുടെ ദില്ലി - സാൻ ഫ്രാൻസിസ്കോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലിയിൽ തിരിച്ചിറക്കി. ദില്ലിയിൽനിന്ന് 230 യാത്രക്കാരുമായി പറന്നുയർന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യയുടെ എഐ173 വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ദില്ലിയിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ173 വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ച് ഡൽഹിയിലേക്ക് തന്നെ മടങ്ങിയെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ദില്ലിയിൽനിന്ന് പുറപ്പെട്ട് മൂന്നുമണിക്കൂറിന് ശേഷം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് വിമാനം ദില്ലിയിലേക്ക് തിരിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും അറിയിച്ചു. യാത്രക്കാർക്ക് താമസവും ഭക്ഷണവും അടക്കം എല്ലാ സഹായങ്ങളും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ദില്ലി ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുലർച്ചെ 3:09നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിൻ്റെ ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിനുണ്ടായ സാങ്കേതിക പ്രശ്നമാണ് തിരിച്ചിറക്കാൻ കാരണമെന്നാണ് റിപ്പോട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം യാത്ര പൂർത്തിയാക്കാനാകാതെ ദില്ലിയിൽ തിരിച്ചിറക്കുന്നത്. മാർച്ച് 19ന് ദില്ലിയിൽനിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനം ഒൻപത് മണിക്കൂർ സഞ്ചരിച്ച ശേഷം ദില്ലിയിൽ തിരിച്ചിറക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam