
ഹൈദരബാദ്: ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കണം. ആറ് വയസ് മാത്രം പ്രായമുള്ള പേരക്കുട്ടിയെക്കൊണ്ട് റോഡിലൂടെ കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. തിരക്കേറിയ റോഡിലൂടെയുള്ള സാഹസികത നാട്ടുകാർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തെലങ്കാനയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഞായറാഴ്ചയാണ് തിരക്കേറിയ റോഡിൽ പേരക്കുട്ടി ഓടിക്കുന്ന കാറിൽ മുൻസീറ്റിൽ ഇരിക്കുന്ന എസ്ഐയുടെ വീഡിയോ പുറത്ത് വന്നത്. ട്രാഫിക്കിൽ കാർ വളരെ വേഗം കുറച്ച് നീങ്ങുന്നത് കണ്ടതോടെയാണ് സ്റ്റിയറിംഗിന് പിന്നിലുള്ള കൊച്ച് പെൺകുട്ടിയെ ആളുകൾ ശ്രദ്ധിക്കുന്നത്. പരിശീലനം റോഡിലല്ല, ഗ്രൌണ്ടിൽ വച്ച് നൽകാനും മോട്ടോർ വാഹന നിയമങ്ങൾ പൊലീസുകാർക്ക് ബാധകമല്ലേയെന്നും നാട്ടുകാർ ചോദ്യം ചെയ്തതോടെ എസ്ഐ ക്ഷുഭിതനാവുകയായിരുന്നു.
Police Officer Under Scrutiny After Minor Granddaughter Allegedly Allowed to Drive Car in #Hyderabadpic.twitter.com/VObhtja2OS
— PaniG (@jaijagannath081) July 12, 2026
പൊലീസുകാരൻ ആയിട്ടുകൂടിയും ചെയ്യുന്ന പ്രവർത്തിയുടെ ഗൌരവത്തേക്കുറിച്ച് നാട്ടുകാർ ചോദ്യം ചെയ്തതോടെ ഗിന്നസ് റെക്കോർഡ് ഇടാനുള്ള പരിശീലനമാണ് എന്നായിരുന്നു റംഗ റെഡ്ഡി ജില്ലയിലെ പൊലീസുകാരനായ പൂജാരി തിരുപതി പ്രതികരിച്ചത്. ഇത് തന്റെ തീരുമാനം ആണെന്നും നിങ്ങൾ ആരാണ് ചോദ്യം ചെയ്യാനെന്നും ഇയാൾ നാട്ടുകാരോട് ദേഷ്യപ്പെടുന്നതിന്റേയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വീഡിയോ വൈറലാവുകയും പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമർശനം ശക്തമാവുകയും ചെയ്തതോടെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ഇത്തരം സാഹസികതയ്ക്ക് കാറിലുള്ളവർ മാത്രമല്ല റോഡിലെ മറ്റ് വാഹനങ്ങളും കാൽ നടയാത്രക്കാരും അടക്കം വലിയ വില നൽകേണ്ടി വരുമെന്നാണ് വ്യാപകമാവുന്ന വിമർശനം. ഭാരതീയ ന്യായ സംഹിതയിലെ 180, 184 വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ഇതിന് പിന്നാലെ എസ്ഐയെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam