Web Desk   | Asianet News
Published : Mar 14, 2020, 08:29 AM ISTUpdated : Mar 22, 2022, 07:17 PM IST

പരിഭ്രാന്തി പരത്തരുത്, കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസന; പുറത്തിറങ്ങാം, കൂട്ടത്തോടെ വേണ്ടെന്നും പിണറായി-live

Summary

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി.  രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 83 ആയി. സംസ്ഥാനത്ത് 19 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പരിഭ്രാന്തി പരത്തരുത്, കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസന; പുറത്തിറങ്ങാം, കൂട്ടത്തോടെ വേണ്ടെന്നും പിണറായി-live

10:40 PM (IST) Mar 14

'കൊവിഡ് ബാധിതർക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കരുത്', പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ ചികിത്സയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകാൻ വഴിയൊരുങ്ങിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കേന്ദ്രം ഇറക്കിയ ഉത്തരവിൽ ഈ ചട്ടങ്ങൾ റദ്ദ് ചെയ്തിരുന്നു.

Read more at: 'കൊവിഡ് ബാധിതരുടെ സഹായം ഇല്ലാതാക്കരുത്', പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

09:14 PM (IST) Mar 14

കോഴിക്കോട് 1245 പേര്‍ പുതുതായി  നിരീക്ഷണത്തില്‍

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 1245 പേര്‍ നിരീക്ഷണത്തില്‍. ഇതോടെ 1851 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ 14 പേരും ബീച്ച് ആശുപത്രിയില്‍ നാലു പേരും ഉള്‍പ്പെടെ ആകെ 18 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് നാലു പേരേയും ബീച്ച് ആശുപത്രിയില്‍ നിന്ന് ഒരാളെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 88 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 68 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. 20 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. 

08:54 PM (IST) Mar 14

തിരുവനന്തപുരം കളക്ടറെ ശാസിച്ച് തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തിൽ പ്രസ്താവന നടത്തിയ ജില്ലാ കളക്ടറെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളിൽ ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞു. 

'ആളുകളെ പരിഭ്രാന്തരാക്കരുത്', തിരുവനന്തപുരം കളക്ടറെ ശാസിച്ച് തിരുത്തി മുഖ്യമന്ത്രി


 

08:52 PM (IST) Mar 14

ഉത്തരവ് തിരുത്തി കേന്ദ്രം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമില്ല

കൊവിഡ് ധനസഹായത്തിനുള്ള ഉത്തരവിൽ മാറ്റം വരുത്തി കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം നൽകില്ല. 4 ലക്ഷം ധനസഹായം നൽകുമെന്നായിരുന്നു ആദ്യ ഉത്തരവ്. 

കൊവിഡ് 19: ഉത്തരവ് തിരുത്തി കേന്ദ്രം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമില്ല

07:26 PM (IST) Mar 14

മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

കൊറോണക്കാലത്തെ മാധ്യമപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. 'പ്രതിസന്ധിഘട്ടങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ചിലർ ശ്രമിച്ചിരുന്നു. അതിന് പിന്നാലെ മാധ്യമങ്ങൾ പോയില്ല', പ്രതിപക്ഷത്തിന് നേരെ ഒളിയമ്പെയ്ത് മുഖ്യമന്ത്രി. എന്നാൽ മൈക്കുമായി അസുഖബാധിതരുടെ വീട്ടിലോ, ഐസൊലേഷനിലുള്ളവരെയോ കാണാൻ പോകരുത്, നിങ്ങളും ജാഗ്രത പാലിക്കണം- എന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട്. 

07:12 PM (IST) Mar 14

കൊവിഡ് 19: ഇന്ന് ആശുപത്രിയിൽ ആയത് 106 പേര്‍, നിയന്ത്രണങ്ങൾ ഫലം ചെയ്തെന്ന് മുഖ്യമന്ത്രി

രോഗികൾ രക്ഷപ്പെടുന്ന സാഹചര്യമുള്ളതിനാലും, എല്ലാവർക്കും പരിശോധന ആവശ്യമായതിനാലും കർശന പരിശോധന നടത്താനാണ് തീരുമാനമെന്ന് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി. കൂടുതൽ വായിക്കാം:

Read more at: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലെ തീരുമാനങ്ങൾ

07:08 PM (IST) Mar 14

ലോക്സഭയിൽ സന്ദർശകരെ വിലക്കി

ലോക്സഭയിൽ ഇനി സന്ദർശകരെ അനുവദിക്കില്ല. നാളെ മുതൽ സന്ദർശകപാസ്സ് നൽകുന്നത് നിർത്തി. 

07:06 PM (IST) Mar 14

നെടുമ്പാശ്ശേരിയിൽ പരിശോധന നാല് ഘട്ടമായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വരുന്നവരെ 4 ഘട്ട പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട് എന്ന് മന്ത്രി വി എസ് സുനിൽകുമാർ. പ്രതിദിനം ശരാശരി 3000 പേരെ പരിശോധിക്കുന്നു. ഇന്ന് രാവിലെ ഇറ്റലിയിൽ നിന്നും എത്തിയ 21പേരെ ജില്ലയിലെ 3ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി എന്നും സുനിൽകുമാർ. വിമാനത്താവളം, റയിൽവേ സ്റ്റേഷൻ, ഇന്‍റർസ്റ്റേറ്റ് സർവീസ് എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. 

 

07:00 PM (IST) Mar 14

മഹാരാഷ്ട്രയിൽ ഐസൊലേഷനിലുണ്ടായിരുന്ന രോഗി മരിച്ചു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധ സംശയിച്ച് ഐസൊലേറ്റ് ചെയ്ത വൃദ്ധനായ രോഗി മരിച്ചു. ബുൽധാന ജില്ലയിലാണ് 71-കാരൻ മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഫലം വരും മുൻപാണ് മരണം. ഇദ്ദേഹം സൗദി അറേബ്യയിൽ പോയിരുന്നു. തിരികെ വന്ന ശേഷമാണ് ഐസൊലേറ്റ് ചെയ്തത്. 

06:58 PM (IST) Mar 14

തിരുവനന്തപുരത്ത് ചാടിപ്പോയ ആളെ തിരികെ കിട്ടി, കിട്ടിയത് ഹോട്ടലിൽ നിന്ന്

തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ ഹരിയാന സ്വദേശിയെ ഹോട്ടലിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇയാളെ തിരികെ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയി. 

06:55 PM (IST) Mar 14

ഇനി പരിശോധനയ്ക്ക് പൊലീസും

കൊവിഡ്- 19: സംസ്ഥാനത്ത് ഇനി പരിശോധനയ്ക്ക് പൊലീസും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. എല്ലാ വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന് ഒപ്പം എസ്‍പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാകും. യാത്രക്കാരെ ആരോഗ്യ വകുപ്പിനൊപ്പം പരിശോധിക്കും. റയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഇനി ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ പരിശോധനാ സംഘങ്ങളുണ്ടാകും. ഇന്ന് രാത്രി മുതൽ പരിശോധന തുടങ്ങും. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാൻ സംവിധാനം ഒരുക്കും. ഉത്സവങ്ങളും പ്രാർത്ഥനാ യോഗങ്ങളും മാറ്റാൻ ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ജൂനിയർ ഐപിഎസ് ഉദ്യോഗ്രന്ഥരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. പളളികളിലെ പ്രാർത്ഥനകൾ ഓൺലൈൻ വഴിയാക്കാനുള്ള നിർദ്ദേശം എസ്‍പിമാർ പള്ളി അധികാരികളുമായി ചർച്ച ചെയ്യും. 

06:45 PM (IST) Mar 14

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ കടന്നുകളഞ്ഞു

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശിയാണ് കടന്നുകളഞ്ഞത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം കിട്ടിയിട്ടുണ്ട്. പരിഭ്രാന്തരാകരുതെന്നും, ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയെന്നും ജില്ലാ ഭരണകൂടം. 

Read More: കൊവിഡ് 19: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ കടന്നുകളഞ്ഞു

06:31 PM (IST) Mar 14

പത്തനംതിട്ട അതീവജാഗ്രതയിലേക്ക്, നാളെ മുതൽ പരിശോധനയ്ക്ക് പൊലീസും

പത്തനംതിട്ടയിൽ റെയിൽവേ സ്റ്റേഷനിൽ വരുന്നവരെ നിരീക്ഷിക്കാൻ സംവിധാനം. പ്രധാന ബസ് സ്റ്റാൻഡുകളിൽ പരിശോധനയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ അടുത്ത ദിവസം പരിശോധന നടത്തും. ഉത്സവം, പള്ളി ചടങ്ങുകൾ കുറഞ്ഞ പങ്കാളിത്തത്തിൽ നടത്തണമെന്ന് വീണ്ടും കളക്ടർ അഭ്യർത്ഥിച്ചു. കോളേജുകളിലെ ആഘോഷ പരിപാടികൾ നിയന്ത്രിക്കും. ഇന്ന് മാത്രം 223 പേർക്ക് വീട്ടിൽ ഭക്ഷണം എത്തിച്ചു. ചടങ്ങുകൾ നടത്തുന്നില്ല എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണത്തിന് പോലീസും ഉണ്ടാകും. ഐസൊലേഷൻ പാലിച്ചില്ലെങ്കിൽ പോലീസ് നടപടിയുണ്ടാകും. 

മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ 73 കേസുകൾ വീടുകളിൽ  ഉണ്ടെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ 28 പേർ ആശുപത്രിയിൽ ഐസോലേഷനിൽ ഉണ്ട്. ഒരാൾ ഇറ്റലിയിൽ നിന്ന് എത്തിയ ആൾ. ഇയാൾക്ക് രോഗലക്ഷണവും ഉണ്ട്. 1248 പേർ വീടുകളിലുണ്ട്.

പൊതുപരിപാടികളടക്കം രണ്ട് ആഴ്ചത്തേക്ക് നടത്തരുത്. നടത്തുന്നവർക്ക് പൊലീസ് നോട്ടീസ് നൽകും. ഇന്ന് 4 സാമ്പിളുകൾ അയച്ചു. ഇതു വരെ 33 നെഗറ്റീവ്. 37 സാംപിൾ ഫലം വരാനുണ്ട്.

 

 

06:25 PM (IST) Mar 14

മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിലെ യാവാത്മാൽ ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആ

 

05:38 PM (IST) Mar 14

ഖത്തറിൽ രണ്ട് ദിവത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 337 ആയി. ഇന്നലെ 58 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരും പ്രവാസികളാണ്.

Read more at: ഖത്തറില്‍ രണ്ട് ദിവസത്തിനിടെ കൊറോണ സ്ഥിരീകരിച്ചത് 75 പേര്‍ക്ക്

05:37 PM (IST) Mar 14

കൊവിഡിനെ നേരിടാൻ ഗോമൂത്ര സത്കാരം

കൊറോണയെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടി നടത്തി ഹിന്ദുമഹാസഭ. ദില്ലിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരതഹിന്ദു മഹാസഭയുടെ ഓഫീസിൽ വച്ചായിരുന്നു ഗോമൂത്ര പാർട്ടി.

Read more at: കൊറോണയെ നേരിടാന്‍ ഗോമൂത്ര സത്കാരം; തുടക്കമിട്ട് ഹിന്ദുമഹാസഭ

05:35 PM (IST) Mar 14

കൊവിഡ്: കോളേജ് ചെയർമാൻമാരുടെ രണ്ടാം സംഘത്തിന്‍റെ ലണ്ടൻ യാത്ര റദ്ദാക്കി

പരിശീലനത്തിന് പോയി വന്ന ആദ്യസംഘത്തിലെ എല്ലാവരും വീട്ടിൽ നിരീക്ഷണത്തിലാണിപ്പോൾ.

Read more at: കൊവിഡ് 19: കോളേജ് ചെയർമാൻമാരുടെ രണ്ടാം സംഘത്തിന്‍റെ ലണ്ടന്‍ യാത്ര റദ്ദാക്കി

05:26 PM (IST) Mar 14

എംജിയിലും കേരളയിലും പരീക്ഷകളിൽ മാറ്റമില്ല, ആശങ്കയോടെ വിദ്യാർത്ഥികൾ

തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കവേ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ താമസിക്കാനാവില്ലെന്ന് എംജി സർവകലാശാലാ അധികൃതർ. ബന്ധുവീടുകളിൽ തങ്ങണമെന്ന് നിർദേശം. മറ്റ് ജില്ലകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കാണ് ബുദ്ധിമുട്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതെ സർവകലാശാല. . കേരള സർവകലാശാലയും പരീക്ഷകൾ മാറ്റിവച്ചില്ല.

Read more at: കൊവിഡ് 19: കനത്ത ജാ​ഗ്രത; പരീക്ഷകൾക്ക് മാറ്റമില്ല; വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ

05:25 PM (IST) Mar 14

ഗോവയിൽ കസീനോകളും ക്ലബ്ബുകളും അടച്ചു

ഗോവയിൽ സ്കൂളുകൾ, കോളേജുകൾ, കസീനോകൾ, പെട്രോൾ പമ്പ്, ആഢംബര ബോട്ടുകൾ എന്നിവയെല്ലാം മാർച്ച് 31 വരെ അടച്ചു. ഇന്നലെ പകർച്ചവ്യാധി തടയൽ നിയമം ഗോവയിൽ നടപ്പാക്കിയിരുന്നു. ഐസൊലേഷന് തയാറാകാത്തവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും ഗോവൻ സർക്കാർ പറഞ്ഞു. സമാനമായ നിയന്ത്രണങ്ങൾ ഗുജറാത്തിലും കൊണ്ടുവരുമെന്ന് പ്രഖ്യാപനം.

05:24 PM (IST) Mar 14

കേരളത്തിലെ എയർപോർട്ടുകളിൽ സ്ക്രീനിംഗ് ശക്തമാക്കി

560-ഓളം ഐസൊലേഷൻ വാർഡുകൾ എറണാകുളത്ത്  സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ. എയർപോർട്ടുകളിലെ  സ്ക്രീനിങ് സംവിധാനം ശക്തിപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി.

 

05:23 PM (IST) Mar 14

പത്തനംതിട്ടയിൽ നാല് പേർ ഐസൊലേഷനിൽ

പത്തനംതിട്ടയിൽ 4 പേരെ പുതുതായി ഐസോലേഷൻ  വാർഡിൽ പ്രവേശിപ്പിച്ചു. 5 പേർ ഡിസ്ചാർജ് ആയി. ദീർഘദൂര സർവ്വീസ് നടത്തുന്ന ബസ്സുകളിലും ട്രയിനിലും എത്തുന്ന യാത്രക്കാരെ നിരിക്ഷിക്കാൻ പത്തനംതിട്ടയിൽ നടപടി തുടങ്ങിയെന്ന് ജില്ലയിൽ ജനപ്രതിനിധികളടക്കം പങ്കെടുത്ത അവലോകനയോഗത്തിന് ശേഷം മന്ത്രി കെ രാജു. പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരം. പത്തനംതിട്ട ജില്ലയിൽ പഞ്ചായത്ത് തലത്തിൽ പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി. 

05:22 PM (IST) Mar 14

ബേക്കൽ കോട്ട അടച്ചു, പള്ളിക്കര ബീച്ചിലും പ്രവേശനമില്ല

കാസർഗോഡ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബേക്കൽ കോട്ടയിലും പള്ളിക്കര ബീച്ചിലും  മാർച്ച് 31 വരെ സന്ദർശകർക്ക് അനുമതി നൽകില്ലെന്നും കോട്ട അടച്ചിടുമെന്നും ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു അറിയിച്ചു.

05:21 PM (IST) Mar 14

പദ്മ പുരസ്കാരദാനച്ചടങ്ങ് റദ്ദാക്കി

ദില്ലിയിൽ നടത്താനിരുന്ന പദ്മ പുരസ്ക്കാര വിതരണ ചടങ്ങും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ഏപ്രിൽ മൂന്നിനാണ് ചടങ്ങ് നടത്താൻ ഇരുന്നത്.

05:21 PM (IST) Mar 14

ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ ഇന്ത്യക്കാരന് കൊവിഡ്

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ ഇന്ത്യക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് എട്ടിനാണ് ഇയാൾ എത്തിയത്. റുവാണ്ടയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.

05:21 PM (IST) Mar 14

രാജ്യത്ത് കൊവിഡ് ബാധിതർ 84

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 84 ആയി ഉയർന്നെന്ന് ആരോഗ്യമന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി സഞ്ജീവ് കുമാർ. ഇറാനിൽ നിന്നുള്ള അടുത്ത സംഘത്തെ ഇന്ന് ഇന്ത്യയിൽ തിരികെ എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.

05:20 PM (IST) Mar 14

ഒമാനിലേക്ക് ടൂറിസ്റ്റ് വിസ ലഭിച്ചത് റദ്ദാകും

ടൂറിസ്റ്റ് വിസയുള്ള ആരെയും മാർച്ച് 15 മുതൽ ഒമാനിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു.

05:19 PM (IST) Mar 14

ബോംബെ ഹൈക്കോടതിയുടെ പ്രവർത്തനം ഭാഗികം

ബോംബെ ഹൈക്കോടതി തിങ്കളാഴ്ച മുതൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമേ പരിഗണിക്കൂ.

05:18 PM (IST) Mar 14

ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്ര

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയായി. 20 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാഗ്പൂരിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണത്.

05:17 PM (IST) Mar 14

ദുബായ് - കോഴിക്കോട് സ്പൈസ് ജെറ്റിൽ വന്ന യാത്രക്കാർ ശ്രദ്ധിക്കാൻ

കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ SG54 ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്നേ ദിവസം ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 346 ലെ യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ സ്‌പൈസ്‌ജെറ്റ് SG54 യാത്രക്കാരോടൊപ്പമാണ് നടന്നത്. ആയതിനാല്‍ ആ ഫ്ളൈറ്റില്‍ (എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 346) സഞ്ചരിച്ച കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ ഉടന്‍തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി 04952371002, 2371471 നിര്‍ബന്ധമായും ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

04:45 PM (IST) Mar 14

'എങ്ങനെയെങ്കിലും തിരികെ എത്തിക്കണം', കൽബുർഗിയിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ

ആദ്യ കൊവിഡ് മരണമുണ്ടായ കൽബുർഗിയിൽ പരിശോധന കാര്യക്ഷമമല്ലെന്ന് മലയാളി വിദ്യാർത്ഥികൾ. വിശദമായി വായിക്കുക. 

Read more at: 'കൽബുർഗിയിൽ സ്ഥിതി ഗുരുതരം', വൻ സുരക്ഷാ വീഴ്ചയുണ്ടെന്ന് മലയാളി വിദ്യാര്‍ത്ഥികൾ

04:35 PM (IST) Mar 14

തിരുവനന്തപുരത്ത് അമിത ഭീതി വേണ്ട, ജാഗ്രത വേണം

അത്യാവശ്യമല്ലാത്ത യാത്രകളും പരിപാടികളും ഒഴിവാക്കണമെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ ഉദ്ദേശിച്ചതെന്ന് ജില്ലാ ഇൻഫോർമേഷൻ ഓഫീസർ. ജാഗ്രത എങ്ങനെയൊക്കെ? വിശദമായി വായിക്കാം. 

Read more at: അമിത ഭീതി വേണ്ട, കളക്ടർ നിർദ്ദേശിച്ചത് ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാന്‍: ജില്ലാ ഇൻഫോ. ഓഫീസർ

04:32 PM (IST) Mar 14

കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

രാജ്യത്ത് രണ്ട് പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ വരെ ലഭിക്കും. 

Read more at: കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു, അതീവ ജാഗ്രത

03:21 PM (IST) Mar 14

പശ്ചിമബംഗാളിലും കടുത്ത നിയന്ത്രണം

ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ  സര്‍വ്വീസ് നടത്തുന്ന  രണ്ട് ട്രെയിനുകൾ റദ്ദാക്കി.  കൊൽക്കത്തയിൽ രോഗം ഉണ്ടെന്ന് സംശയിക്കുന്ന നാല് പെറു സ്വദേശികളെ കരുതൽ സംരക്ഷണത്തിലേക്ക് മാറ്റി. പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ബോർഡ് പരീക്ഷകൾക്ക് മാറ്റമില്ല.

02:21 PM (IST) Mar 14

ദില്ലിയില്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം

ഞായറാഴ്ച്ചയ്ക്കുള്ളിൽ ഹോസ്റ്റലുകൾ ഒഴിയാൻ ദില്ലി ഐ ഐ ടി വിദ്യാർത്ഥികൾക്ക് നിർദ്ദേശം. മാർച്ച് 31 വരെ കാമ്പസിൽ എത്താൻ പാടില്ല. ഗവേഷക, വിദേശ വിദ്യാർത്ഥികൾക്ക് മാത്രം കാമ്പസിൽ തുടരാം.

02:19 PM (IST) Mar 14

തെലങ്കാനയിൽ വീണ്ടും കൊവിഡ്

തെലങ്കാനയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ ഐ ടി ജീവനക്കാരനിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

02:17 PM (IST) Mar 14

നെടുമ്പാശ്ശേരി: രോഗലക്ഷണമുള്ള 11 പേരെ നിരീക്ഷണത്തിനായി മാറ്റി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ രോഗ ലക്ഷണമുള്ള 11 പേരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാജ്യാന്തര ടെർമിനലിൽ 3091 പേരെയും ആഭ്യന്തര ടെർമിനലിൽ 3121 യാത്രക്കാരെയും പരിശോധന വിധേയമാക്കി. 

01:00 PM (IST) Mar 14

പാലക്കാട്ട് 40 പേരുടെ പരിശോധനാഫലം നെഗറ്റീവ്

പാലക്കാട് 62 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചതില്‍  40 എണ്ണവും നെഗറ്റീവാണെന്ന് മന്ത്രി  എ  കെ ബാലന്‍. 22 പേരുടെ ഫലം വരാനുണ്ട്. 
ഇവർ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.  750 പേരെ നിരീക്ഷിക്കാനുള്ള  സൗകര്യങ്ങൾ സജ്ജമാണെന്നും മന്ത്രി.

12:57 PM (IST) Mar 14

വയനാട്ടിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും അടയ്ക്കും

വയനാട് ഡിറ്റിപിസിയുടെ കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളും അടയ്ക്കാൻ തീരുമാനം. ഇന്ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

12:30 PM (IST) Mar 14

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം

മൂന്നുപേര്‍ക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍. ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും കളക്ടര്‍ അറിയിച്ചു.ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവു എന്നും മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം; മാളുകള്‍ അടക്കും, ബീച്ച് യാത്രക്ക് വിലക്ക്

12:19 PM (IST) Mar 14

എറണാകുളത്ത് 30 പേരുടെ ഫലം നെഗറ്റീവ്

എറണാകുളം ജില്ലയിൽ നിന്നും അയച്ച 30 സാമ്പിളുകളുടെ ഫലം നെഗറ്റീവ്.