തിരുവനന്തപുരം: കൊവിഡ് 19 പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരീക്ഷ മാറ്റാതെ കേരള സർവ്വകലാശാല. കേരള സർവ്വകലാശാലയുടെ ഡി​ഗ്രി പരീക്ഷകൾ നാളെ ആരംഭിക്കും. പിജി പരീക്ഷകളും നടത്തും. കൊറോണ വൈറസ് ബാധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്ര താമസം എന്നീ കാര്യങ്ങളിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുപോലെ ആശങ്കാകുലരാണ്. സ്വകാര്യ ഹോസ്റ്റലുകളും പേയിം​ഗ് ​ഗസ്റ്റ് സൗകര്യങ്ങളും നിർത്തലാക്കിയ സാഹചര്യമാണുള്ളത്. 

തലസ്ഥാനത്ത് അതീവ ജാഗ്രതയാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ സ്ഥിരത കൈവന്നാൽ നിയന്ത്രണങ്ങൾ കുറയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഷോപ്പിങ്മാളുകൾ, ജിംനേഷ്യം, ബ്യൂട്ടിപാർലറുകൾ തുടങ്ങിയവ അടച്ചിടാൻ നിർദ്ദേശം നൽകി. പൊതുചടങ്ങുകൾ മാറ്റിവയ്ക്കാനും അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ബീച്ചുകളിലേക്കും ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വീടുകളിൽ കഴിയുന്നവർ സഹകരിക്കണമെന്നും ജാഗ്രതയാണ് ആവശ്യമെന്നും തിരുവനന്തപുരം മേയർ വ്യക്തമാക്കി.