ബംഗലൂരു: രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം സ്ഥിരീകരിച്ച കര്‍ണാടകയിലെ മലയാളി വിദ്യാര്‍ത്ഥികൾ വലിയ ആശങ്കയിലാണ്. കൽബുർഗിയിൽ സ്ഥിതി ഗുരുതരം ആണെന്നാണ് വിദ്യാര്‍ത്ഥികൾ പറയുന്നത്. 76 കാരൻ മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം മലയാളി വിദ്യാര്‍ത്ഥികളിൽ പലരും ഡ്യൂട്ടിക്കെത്തിയിരുന്നു എന്നതാണ് വലിയ ആശങ്കക്ക് കാരണം. 

ജനറൽ വാര്‍ഡിലാണ് രോഗിയെ പ്രവേശിപ്പിച്ചിരുന്നത്. മൂന്ന് ദിവസം ആശുപത്രിയിൽ രോഗി ഉണ്ടായിരുന്നു. ഈ സമയങ്ങളിലാണ് ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയിരുന്നതെന്നും വിദ്യാര്‍ത്ഥികൾ വിശദീകരിക്കുന്നു. 

രോഗി ചികിത്സയിലുണ്ടായിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പോലും ഇതുവരെ നിരീക്ഷണത്തിലാക്കിയില്ല. സ്വകാര്യ സ്ഥാപനമായ ജിംസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് പത്തോളം മലയാളി വിദ്യാർത്ഥികളാണ് ആശങ്കയുമായി എത്തിയിട്ടുള്ളത്. കർണാടകത്തിലെ നടപടികളിൽ വിശ്വാസമില്ലെന്ന് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഐസൊലേഷന് തയ്യാറാണെന്നും നാട്ടിലെത്തിക്കണമെന്നും  വിദ്യാര്‍ത്ഥികൾ ആവശ്യപ്പെടുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക