Asianet News MalayalamAsianet News Malayalam

'ആളുകളെ പരിഭ്രാന്തരാക്കരുത്', തിരുവനന്തപുരം കളക്ടറെ ശാസിച്ച് തിരുത്തി മുഖ്യമന്ത്രി

ഭീതി ഉണ്ടാക്കുന്ന പ്രസ്താവന പാടില്ലെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി കളക്ടർ കെ ഗോപാലകൃഷ്ണനെ തിരുത്തിയതും ശാസിച്ചതും. 

covid 19 cm pinarayi vijayan corrects trivandrum district collector on restrictions in public gatherings
Author
Thiruvananthapuram, First Published Mar 14, 2020, 8:42 PM IST

തിരുവനന്തപുരം: മൂന്ന് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തിൽ പ്രസ്താവന നടത്തിയ ജില്ലാ കളക്ടറെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളിൽ ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന അവലോകനയോഗത്തിൽ കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളില്ല.

വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞിട്ടില്ല. അത് കൂടുതൽ ആശങ്കയുണ്ടാക്കുക മാത്രമേ ചെയ്യൂ. ഇത്തരം പരിഭ്രാന്തിയുണ്ടാക്കുന്ന പ്രസ്താവനകൾ പാടില്ല. സർവകലാശാലാ പരീക്ഷകൾ തൽക്കാലം മാറ്റി വയ്ക്കുന്നില്ല. 

തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിർബന്ധപൂർവം അടപ്പിക്കില്ല. മാളുകൾ അടയ്ക്കണം എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. ബീച്ചുകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ല. ഇതൊക്കെ കൂടുതൽ ആളുകളെ പരിഭ്രാന്തിയിലാക്കുകയേ ഉള്ളൂ. പക്ഷേ ആളുകൾ കൂട്ടത്തോടെ ഉള്ള സന്ദർശനം ഒഴിവാക്കുന്നത് തന്നെയാണ് നല്ലത് - മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഡിജിപി പരിശോധനയ്ക്ക് വിധേയനായെന്നും, അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കടുത്ത നിയന്ത്രണങ്ങൾ വരുന്നെന്ന മുന്നറിയിപ്പിനെത്തുടർന്ന് പരിഭ്രാന്തി തലസ്ഥാനനഗരത്തിൽ പ്രകടമായിരുന്നു. കിഴക്കേക്കോട്ട, സെക്രട്ടേറിയറ്റ്, സ്റ്റാച്യൂ, തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിലൊക്കെ ഇന്ന് ആളൊഴിഞ്ഞു കിടന്നു. രണ്ടാം ശനിയാഴ്ചയായിരുന്നതിനാൽ സർക്കാർ ഓഫീസുകൾ അവധിയായത് ഒരു കാരണമായി ചൂണ്ടിക്കാണിക്കാമെങ്കിലും, അവധിയായതുകൊണ്ട് ഉണ്ടാകുന്ന ഒരു തിരക്ക് പോലും നഗരത്തിലുണ്ടായിരുന്നില്ല. 

ഈ സാഹചര്യത്തിലാണ് കളക്ടറുടെ പ്രസ്താവന പരിഭ്രാന്തിയുണ്ടാക്കുന്നതാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രി തന്നെ നടത്തിയത്. മൂന്ന് പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

എന്നാൽ ഇതിനാൽ മാത്രമല്ല, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് കളക്ടർ വ്യക്തമാക്കിയത്. വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരൻ ജില്ലയിൽ പല സ്ഥലത്തും കറങ്ങിയതായുള്ള വിവരവും കിട്ടിയ സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണം. രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽ കൃത്യമായി നിരീക്ഷണത്തിൽ കഴിയാത്തതും മറ്റൊരു കാരണമായി കളക്ടർ ചൂണ്ടിക്കാട്ടി. 

വർക്കലയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ കളക്ടർ നിർദേശിച്ചു. ബ്യൂട്ടി പാർലറുകളിലും ജിമ്മുകളിലും നിയന്ത്രണങ്ങളുണ്ടാകും. അടച്ചിടാൻ നിർദേശം നൽകും. പക്ഷെ സെക്രട്ടറിയേറ്റിൽ നിന്നുള്ളതടക്കമുള്ള സേവനങ്ങൾ തടസ്സപ്പെടില്ല. ആളുകൾ പരിഭ്രാന്തരാകരുതെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു.

ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പിൽ ഇപ്പോഴും വ്യക്തതയില്ല

കൊവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ കഴിഞ്ഞ മാസം 27-ന് ജർമനിയിലെ മ്യൂണിച്ച് - ദില്ലി - വഴി തിരുവനന്തപുരത്തെത്തിയെന്നാണ് യാത്രാരേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമാകുന്നത്. ആഭ്യന്തരവിമാനസർവ്വീസ് ആയതിനാൽ ഒപ്പം യാത്ര ചെയ്തവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഈ മാസം പത്താം തീയതി ഇദ്ദേഹത്തിന് രോഗലക്ഷണം കണ്ടു. ഇദ്ദേഹം ഓട്ടോയിലാണ് ആശുപത്രിയിലേക്ക് പോയത്. സന്ദർശനത്തിനിടെ ഇദ്ദേഹം ഉത്സവത്തിനടക്കം പോയെന്നാണ് വിവരം. ഇയാളുടെ സമ്പർക്ക പട്ടിക കണ്ടെത്തുകയാണ് വൻ വെല്ലുവിളി. 

ഈ ഇറ്റാലിയൻ പൗരൻ കൊല്ലത്തും എത്തിയിരുന്നതിനാൽ ജില്ലയിലും ജാഗ്രതയുണ്ട്. യുകെയിൽ നിന്നെത്തിയ ആളുടേതടക്കം തിരുവനന്തപുരത്തെ മറ്റ് രണ്ടു കൊവിഡ് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് നടപടി നേരത്തേ തുടങ്ങി. 

231 പേരാണ് ജില്ലയിൽ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 18 പേർ ആശുപത്രിയിലാണ്. 70 സാംപിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്. 

Read more at: കൊവിഡിൽ ജാഗ്രതയോടെ സംസ്ഥാനം; തിരുവനന്തപുരത്തെ രോഗികളുടെ യാത്രാ വിവരങ്ങൾ പുറത്ത് വിട്ടു

ഇതുവരെ പുറത്തുവിട്ട രോഗികളുടെ സന്ദർശന റൂട്ട് മാപ്പ്:

covid 19 cm pinarayi vijayan corrects trivandrum district collector on restrictions in public gatherings

covid 19 cm pinarayi vijayan corrects trivandrum district collector on restrictions in public gatherings
 

Follow Us:
Download App:
  • android
  • ios