തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞത് ഫലപ്രദമായ പ്രതിരോധത്തിനായെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ. ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടർ നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പറഞ്ഞു.

തിരുവനന്തപുരത്ത് ആളുകൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നായിരുന്നു കളക്ടറുടെ നിർദ്ദേശം. മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരൻ പലസ്ഥലത്തും കറങ്ങിയതായുള്ള വിവരവും കിട്ടിയ സാഹചര്യത്തിലാണ് നിയന്ത്രണം. തിരുവനന്തപുരത്തെ മാളുകളും ബീച്ചുകളും അടയ്ക്കും. ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവയ്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. വര്‍ക്കലയില്‍ ജാഗ്രത കൂട്ടും. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. 

കൊവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ കഴിഞ്ഞ മാസം 27നാണ് ദില്ലി വഴി തിരുവനന്തപുരത്തെത്തിയത്. ആഭ്യന്തര വിമാന സർവ്വീസ് ആയതിനാൽ കൂടെയുള്ളവരെ ഇതുവരെ കണ്ടെത്താനായില്ല. ഈ മാസം പത്തിനാണ് ഇയാള്‍ക്ക് രോഗലക്ഷണം കണ്ടത്. ആശുപത്രിയിലേക്ക് ഓട്ടോയിലാണ് ഇയാൾ പോയത്. ഉത്സവത്തിനടക്കം ഇയാള്‍ പോയെന്നും വിവരമുണ്ട്. ഇയാളുടെ സമ്പർക്ക പട്ടിക കണ്ടെത്തുകയെന്നത് വൻ വെല്ലുവിളിയാണ്. യുകെയിൽ നിന്നെത്തിയ ആളുടേതടക്കം ജില്ലയിലെ മറ്റ് രണ്ടു കൊവിഡ് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് നടപടി തുടങ്ങി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 249 പേരാണ് നിരീക്ഷണത്തിലുള്ളത്. 231 പേര്‍ വീടുകളിലും 18 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇനി 70 പേരുടെ പരിശോധനാ ഫലം വരാനുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക