Asianet News MalayalamAsianet News Malayalam

'കൊവിഡ് ബാധിതരുടെ സഹായം ഇല്ലാതാക്കരുത്', പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ ചികിത്സയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകാൻ വഴിയൊരുങ്ങിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കേന്ദ്രം ഇറക്കിയ ഉത്തരവിൽ ഈ ചട്ടങ്ങൾ റദ്ദ് ചെയ്തിരുന്നു.

utilisation of state disaster response fund cm pinarayi writes letter to pm modi
Author
Thiruvananthapuram, First Published Mar 14, 2020, 10:39 PM IST

തിരുവനന്തപുരം: കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടും, ദുരിതാശ്വാസനിധിയിൽ നിന്ന് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കോ, രോഗബാധിതരായവരുടെ ചികിത്സയ്ക്കോ പണം നൽകാനാകില്ലെന്ന് കാട്ടി കേന്ദ്രം ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 

കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ ചികിത്സയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകാൻ വഴിയൊരുങ്ങിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്ന് സംസ്ഥാനസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ കേന്ദ്രം ഇറക്കിയ വിശദീകരണ ഉത്തരവിൽ ഈ ചട്ടങ്ങൾ റദ്ദ് ചെയ്തിരുന്നു.

കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായധനം ലഭിക്കാനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് കൊവിഡ് ബാധിതർക്ക് ചികിത്സ നൽകാനും കഴിയുമായിരുന്നു. 

'ചെറിയ തിരുത്തൽ' എന്ന് ചൂണ്ടിക്കാണിച്ച്, കേന്ദ്രം വരുത്തിയ ഈ മാറ്റം കൊവിഡ് ചികിത്സാരംഗത്ത് വലിയ പ്രത്യാഘാതമാണ് വരുത്തുകയെന്നും, ദുരിതാശ്വാസത്തിനും സഹായത്തിനും വേണ്ടിയുള്ള ദുരിതാശ്വാസനിധിയുടെ അർത്ഥം തന്നെ ഇല്ലാതാക്കുന്നതാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

Read more at: കൊവിഡ് 19: ഉത്തരവ് തിരുത്തി കേന്ദ്രം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമില്ല

ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് വലിയ സഹായമാകുമായിരുന്ന ചട്ടം പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും കത്തിലാവശ്യമുണ്ട്.

അതേസമയം, കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൊവിഡിനെ നേരിടാൻ ഇതുവരെ സഹായം നൽകിയിട്ടില്ലെന്ന് ദില്ലിയിൽ ജിഎസ്‍ടി യോഗത്തിന് എത്തിയ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കൊവിഡിനെ നേരിടാൻ സംസ്ഥാനങ്ങൾക്ക് ധനസഹായം വേണമെന്ന് ജിഎസ്‍ടി യോഗത്തിൽത്തന്നെ ആവശ്യപ്പെട്ടതായും തോമസ് ഐസക് പറഞ്ഞിരുന്നു. 'പണം നൽകില്ല എന്ന് കേന്ദ്രം പറഞ്ഞില്ല', എന്നായിരുന്നു കേന്ദ്രധനമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ തോമസ് ഐസക് ചിരിച്ചു കൊണ്ട് പറഞ്ഞത്.

ഇറാനിലെപ്പോലെ മറ്റ് ഗൾഫ് രാജ്യങ്ങളിലും കൊവിഡ് പടർന്നാൽ അത് കേരളത്തെ ഗുരുതരമായി ബാധിക്കും. നിരവധി പ്രവാസികൾക്ക് തിരികെ വരേണ്ടി വരും. രോഗബാധിതരായവരും തിരികെ വരും. പ്രവാസികൾ നിരവധി തിരികെ വന്നാൽ, കേരളത്തിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്ക് കുറയും. മാത്രമല്ല, പ്രതിരോധപ്രവർത്തനങ്ങൾക്ക് അടക്കം കൂടുതൽ പണം ചിലവാക്കിയേ തീരൂ. 

കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്നത് സാങ്കേതിക സഹായം മാത്രമാണ്. അത് പോര, സാമ്പത്തിക സഹായം തന്നെ വേണമെന്നാണ് ജിഎസ്‍ടി യോഗത്തിൽ ആവശ്യപ്പെട്ടതെന്നും തോമസ് ഐസക് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios