Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഉത്തരവ് തിരുത്തി കേന്ദ്രം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമില്ല

കൊവിഡ് ധനസഹായത്തിനുള്ള ഉത്തരവിൽ മാറ്റം വരുത്തി കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം നൽകില്ല. 4 ലക്ഷം ധനസഹായം നൽകുമെന്നായിരുന്നു ആദ്യ ഉത്തരവ്. 

Coronavirus govt takes u-turn Rs 4 lakh to families of COVID-19 victims
Author
Delhi, First Published Mar 14, 2020, 8:22 PM IST

ദില്ലി: കൊവിഡ് 19നെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. ധനസഹായം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മാത്രമാക്കി ചുരുക്കിയുള്ള പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്. കൊവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപവരെ ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് നൽകാനാവുമെന്ന് ആദ്യം പുറത്തിറക്കിയ കേന്ദ്ര ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ ഇറക്കിയ പരിഷ്കരിച്ച ഉത്തരവിൽ ഈ നിര്‍ദ്ദേശം ഒഴിവാക്കിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം ധനസഹായം നൽകില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്.

ധനസഹായം മരുന്ന്, കരുതൽ, കേന്ദ്രങ്ങൾ, ലാബുകൾ എന്നിവ ഉൾപ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മാത്രമാക്കി മാറ്റിയിട്ടുണ്ട്. ദുരന്തര നിവാരണ നിധിയിലെ പരമാവധി 25 ശതമാനം വരെ തുക ഇതിനായി ചെലവഴിക്കാം. 

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 85 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. പഞ്ചാബിലും ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ച സാഹചര്യത്തിൽ വലിയ ജാഗ്രതയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏപ്രിൽ 3ന് നടത്താനിരുന്ന പത്മ പുരസ്കാര വിതരണ ചടങ്ങ് മാറ്റിവെച്ചു. ദില്ലിയിൽ മരിച്ച 68കാരിയുടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്.  

ലോക്സഭയിൽ തിങ്കളാഴ്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആയി ചുരുക്കി. സാനിറ്റൈസര്‍, മുഖാവരണം എന്നിവയെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ കരിഞ്ചന്ത തടയാൻ നടപടിയെടുക്കും എന്നും സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ, കൊവിഡ് 19 നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാനുള്ള സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തിൽ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ നിയോഗിക്കാമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios