
ചെന്നൈ: ജമ്മു കാശ്മീരിൽ സേവനം ചെയ്യുന്ന സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) വനിതാ ഓഫീസറുടെ തമിഴ്നാട്ടിലെ വീട്ടിൽ മോഷണം. കുടുംബം തമിഴ്‌നാട്ടിൽ നൽകിയ മോഷണക്കേസിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് ആരോപിച്ച് ക്യാമറയ്ക്ക് മുന്നിൽ ഓഫീസർ വിങ്ങിപ്പൊട്ടി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, 32 കാരിയായ കലാമതി തന്‍റെ വിവാഹത്തിനായി മാറ്റിവെച്ച ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും പ്രാദേശിക പൊലീസ് കൃത്യസമയത്ത് നടപടിയെടുത്തില്ലെന്നും കണ്ണീരോടെ പറയുന്നുണ്ട്.
പൊലീസ് നടപടികളിലെ കാലതാമസം മോഷണക്കേസ് ദുർബലമാക്കുന്നുണ്ടെന്ന് കലാമതി ആരോപിച്ചു. ജൂൺ 24ന് പൊന്നൈക്ക് സമീപമുള്ള നാരായണപുരം ഗ്രാമത്തിലെ വീട്ടിലാണ് മോഷണം നടന്നതെന്ന് കലാമതി പറഞ്ഞു. അന്ന് കലാമതിയുടെ അച്ഛനും സഹോദരനും കൃഷിയിടത്തിൽ ജോലിക്ക് പോയപ്പോൾ അമ്മ കന്നുകാലികളെ മേയ്ക്കാൻ പോയിരുന്നു.
വിവാഹത്തിനായി സൂക്ഷിച്ചിരുന്ന എല്ലാ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. വൈകുന്നേരം 5.30ഓടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കണ്ടത്, ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നു. ഇത് കണ്ട് കരഞ്ഞ മാതാപിതാക്കളെ കണ്ട ശേഷം സഹോദരൻ ജൂൺ 24ന് പരാതി നൽകി. എന്നാൽ ജൂൺ 25ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് ആരും അന്വേഷിക്കാൻ വന്നില്ല. പിന്നീട് ജൂൺ 28നാണ് ഫിംഗർപ്രിന്‍റുകൾ ശേഖരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതതെന്ന് കലാമതി വീഡിയോയിൽ പറഞ്ഞു.
കലാമതിയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടതിന്‍റെ വേദനയിലായ കുടുംബം തകർന്നുപോയെന്നും പൊലീസിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കാര്യമായ തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും കലാമതി ആരോപിച്ചു. ബിജെപി നേതാവ് കെ അണ്ണാമലൈ ഈ വീഡിയോ എക്സിൽ പങ്കുവെച്ചു. ഒരു യൂണിഫോമിട്ട സ്ത്രീയെ, ചുമലിൽ രാജ്യത്തിന്‍റെ പതാകയുമായി നീതിക്കായി ഓൺലൈനിൽ യാചിക്കാൻ നിർബന്ധിതയാക്കുന്ന എന്ത് തരം ഭരണമാണിതെന്ന് അദ്ദേഹം ചോദിച്ചു.
ജൂൺ 24ന് കലാമതിയുടെ അച്ഛൻ കുമാരസാമി വീട്ടിൽ നടന്ന മോഷണത്തെക്കുറിച്ച് പരാതി നൽകിയിരുന്നു. അദ്ദേഹത്തിന്‍റെ പരാതി പ്രകാരം, കലാമതിയുടെ വിവാഹത്തിനായി മാറ്റിവെച്ചിരുന്ന 15 പവൻ സ്വർണാഭരണങ്ങളും, 50,000 രൂപയും ഒരു പട്ടുസാരിയും മോഷ്ടിക്കപ്പെട്ടു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ജൂൺ 25ന് കേസ് രജിസ്റ്റർ ചെയ്തതായും ഫിംഗർപ്രിന്‍റ് സാമ്പിളുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതായും പൊലീസ് പറഞ്ഞു.
ജൂൺ 29-ന് മോഷ്ടിക്കപ്പെട്ട ആഭരണങ്ങളുടെ തൂക്കം 22.5 പവനാണെന്ന് പരാതിക്കാരൻ മൊഴി തിരുത്തിയതായും പൊലീസ് അറിയിച്ചു. മുമ്പ് കലാമതിയെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്ത സന്തോഷിനെതിരെ കുമാരസാമി സംശയം പ്രകടിപ്പിച്ചതായും പൊലീസ് പറഞ്ഞു. അന്വേഷണം കാലതാമസമില്ലാതെ പുരോഗമിക്കുകയാണെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം നേരിട്ടെന്ന കലാമതിയുടെ ആരോപണം തള്ളിക്കൊണ്ട് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam