
ദില്ലി: ദേശീയ നേതാക്കൾ പാർട്ടി വിടുന്നതിനിടെ ഹരിയാനയിൽ നിന്ന് കോൺഗ്രസിന് (Congress) ആശ്വാസ വാർത്ത. ഹരിയാനയിൽ എട്ട് മുൻ നിയമസഭാംഗങ്ങൾ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നേരത്തെ പാർട്ടി വിട്ടവരാണ് തിരിച്ചെത്തിയത്. ജൂൺ 19 ന് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നിൽക്കണ്ടാണ് നീക്കം. ഹരിയാനപ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ചൗധരി ഉദയ്ഭാന്റെയും സാന്നിധ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ ചേർന്നത്. രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കളും കോൺഗ്രസ് എംഎൽഎമാരും മുൻ മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
ശാരദ റാത്തോഡ്, രാം നിവാസ് ഗോഡേല, നരേഷ് സെൽവാൾ, പർമീന്ദർ സിംഗ് ദുൽ, ജിലേ റാം ശർമ്മ, രാകേഷ് കംബോജ്, രാജ്കുമാർ വാൽമീകി, സുഭാഷ് ചൗധരി എന്നിവരാണ് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎമാർ. ലോക് തന്ത്ര സുരക്ഷാ പാർട്ടിയുടെ കിഷൻലാൽ പഞ്ചലും കോൺഗ്രസിൽ ചേർന്നു.
പാർട്ടിയിൽ ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പുതിയതായി എത്തിയവർക്ക് പാർട്ടിയിൽ പൂർണ്ണമായ ബഹുമാനവും പ്രവർത്തന സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും നേതാക്കൾ ഉറപ്പ് നൽകി. ഇത്രയും മുതിർന്ന നേതാക്കൾ ഒരേ സമയം ചേരുന്നത് ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹൂഡ പറഞ്ഞു. പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നും ഹൂഡ കൂട്ടിച്ചേർത്തു.
സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടില്ല; പുതിയ പാർട്ടി പ്രവേശം തീരുമാനിച്ചിട്ടില്ലെന്ന് കപിൽ സിബൽ
“എല്ലാ വിഭാഗങ്ങളും കോൺഗ്രസിനൊപ്പമാണെന്ന വ്യക്തമായ സൂചനയാണ് ചേർന്നവർ നൽകുന്നത്. ഇവർ പാർട്ടിയിലെത്തിയത് പാർട്ടിക്ക് കൂടുതൽ കരുത്ത് പകരും. ഇനി സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കും'' - ഉദയ്ഭാൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam