Asianet News MalayalamAsianet News Malayalam

സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടില്ല; പുതിയ പാർട്ടി പ്രവേശം തീരുമാനിച്ചിട്ടില്ലെന്ന് കപിൽ സിബൽ

സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുന്നത്. പുതിയ പാർട്ടി പ്രവേശം ഇപ്പോൾ തീരുമാനത്തിലില്ലെന്നും കോൺഗ്രസിനെ വിമർശിക്കാനില്ലെന്നും കപിൽ സിബൽ പറഞ്ഞു.

Kapil Sibal quits Congress says not joined the Samajwadi Party
Author
Delhi, First Published May 25, 2022, 2:45 PM IST

ദില്ലി: കോണ്‍ഗ്രസ് (Congress) വിട്ട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി കപിൽ സിബൽ. സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടില്ലെന്ന് കപിൽ സിബൽ (Kapil Sibal) വ്യക്തമാക്കി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുന്നത്. പുതിയ പാർട്ടി പ്രവേശം ഇപ്പോൾ തീരുമാനത്തിലില്ലെന്നും കോൺഗ്രസിനെ വിമർശിക്കാനില്ലെന്നും കപിൽ സിബൽ പറഞ്ഞു.

ദില്ലിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തി രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് തൊട്ടുമുന്‍പാണ് കപില്‍ സിബല്‍  കോണ്‍ഗ്രസ് വിട്ടെന്ന സ്ഥിരീകരണം വരുന്നത്. കഴിഞ്ഞ പതിനാറിന് രാജിക്കത്ത് നല്‍കിയിരുന്നുവെന്ന് കപില്‍ സിബൽ വ്യക്തമാക്കി. ഒരാഴ്ച പിന്നിടുമ്പോള്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമെത്തി രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മൂന്ന് സീറ്റുകളിലൊന്നില്‍ സ്വതന്ത്രനായാണ്  സിബല്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനില്ലെന്നും രാജ്യസഭയില്‍ വേറിട്ട ശബ്ദമാകുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

നേതൃസ്ഥാനത്ത് നിന്ന ഗാന്ധി കുടുംബം മാറണമെന്നാവശ്യപ്പെട്ട ഗ്രൂപ്പ് 23ലെ തീവ്ര നിലപാടുകാരനായിരുന്നു സിബല്‍. വാര്‍ത്തസമ്മേളനം വിളിച്ച് പോലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു. ചിന്തന്‍ ശിബിരത്തോടെ ഗ്രൂപ്പ് 23ലെ ഒരു വിഭാഗം നേതൃത്വത്തോടടുത്തെങ്കിലും ശിബരത്തില്‍ നിന്ന് വിട്ട് നിന്ന് സിബല്‍ പ്രതിഷേധിച്ചു. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിബല്‍ പാര്‍ട്ടിയുടെ പടിയിറങ്ങിയത്. മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസിന്‍റെ മുഖമായിരുന്ന കപില്‍ സിബല്‍ യുപിഎ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്‍റെ പാണ്ഡിത്യം കോണ്‍ഗ്രസിന്‍റെ നിയമ പോരാട്ടത്തിനും മുതല്‍ക്കൂട്ടായിരുന്നു.

വലിയ പാര്‍ട്ടിയില്‍ നിന്ന് ആളുകള്‍ പോകുന്നത് സ്വാഭാവികമാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ പ്രതികരണം. അതേസമയം, കോൺഗ്രസ് വിട്ടതിൽ കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പുറത്തുപോകുന്നവരെ ആക്ഷേപിക്കാനില്ല.  കപിൽ സിബല്‍ പാർട്ടി വിട്ടത് തിരിച്ചടിയല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios