മനുഷ്യന്റെ കൈയ്യുമായി തെരുവുനായ, തെരച്ചിലിൽ 3 കിലോമീറ്റ‍ർ പരിധിയിൽ 10 ഇടങ്ങളിൽ നിന്ന് കണ്ടെത്തിയത് 42കാരിയുടെ മൃതദേഹഭാഗങ്ങൾ

Published : Aug 10, 2025, 06:34 PM ISTUpdated : Aug 10, 2025, 06:35 PM IST
tumakuru gruesome murder

Synopsis

മനുഷ്യന്റെ കയ്യുമായി നായ റോഡ് മുറിച്ച് കടക്കുന്നതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ 42കാരിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത് പത്തിടങ്ങളിൽ നിന്ന്

തുംകുരു: കുറ്റിക്കാട്ടിൽ നിന്ന് മനുഷ്യന്റെ കയ്യുമായി ഓടിപ്പോയത് തെരുവുനായ. പിന്നാലെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പത്തിടങ്ങളിൽ നിന്ന് കണ്ടെത്തിയത് മനുഷ്യ ശരീരഭാഗങ്ങൾ. മൃതദേഹ ഭാഗങ്ങളിൽ നിന്ന് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ക‍ർണാടകയിലെ തുംകുരുവിലാണ് സംഭവം. ചിമ്പുഗനഹള്ളിയിൽ വ്യാഴാഴ്ചയാണ് പ്രദേശവാസി കുറ്റിക്കാട്ടിൽ നിന്ന് ഇറങ്ങി വന്ന തെരുവുനായയുടെ വായിൽ മനുഷ്യന്റെ കൈ ശ്രദ്ധിക്കുന്നത്. കൊറട്ടഗെരിയ്ക്കും കൊലാലയ്ക്കും ഇടയിൽ നായ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാ‍ർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നിയോജക മണ്ഡലത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പൊലീസ് നടത്തിയ തെരച്ചിലിൽ മൂന്ന് കിലോമീറ്റ‍ർ പരിധിയിൽ പത്തിടങ്ങളിൽ നിന്നായാണ് മനുഷ്യ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ കണ്ടെത്തിയത്. അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് കൈകളും, കൈപ്പത്തികളും വയർ ഭാഗങ്ങളും ആണ് കണ്ടെത്തിയത്.

അടുത്തിടെ ഉപേക്ഷിക്കപ്പെട്ടതെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 42കാരിയായ ലക്ഷ്മിദേവമ്മ എന്ന സ്ത്രീയാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുംകുരുവിലെ ബെല്ലാവി സ്വദേശിയായ ലക്ഷ്മിദേവമ്മയെ ഓഗസ്റ്റ് 4 മുതൽ കാണാതായിരുന്നു. മകളെ കാണാനായി പോയ 42കാരി തിരിച്ചെത്തിയില്ലെന്നാണ് പൊലീസിൽ ലഭിച്ച പരാതി. 42കാരിയുടെ ഭർത്താവ് ബാസവരാജുവാണ് ഭാര്യയെ കാണുന്നില്ലെന്ന് പരാതി നൽകിയത്. മൃതദേഹത്തിന്റെ ആദ്യഭാഗം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപാണ് 42കാരി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സൂപ്രണ്ട് അശോക് കെ വിയാണ് കേസ് അന്വേഷണത്തിന്റെ ചുമതലയിലുള്ളത്. സിദ്ദാർപെട്ട റോഡിൽ ചിമ്പുഗനഹള്ളിയ്ക്കും വെങ്കടപുരയ്ക്കും ഇടയിലായാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹഭാഗങ്ങൾ ഏതെങ്കിലും വാഹനത്തിൽ കയറ്റി റോഡിൽ പലയിടങ്ങളിലായി ഉപേക്ഷിച്ചതായാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കൊലപാതകിയെക്കുറിച്ചും കൊലപാതക പ്രേരണയേക്കുറിച്ചും സൂചനകൾ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ഓഗസ്റ്റ് ഏഴിന് ചിമ്പുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് നായ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കൈ കടിച്ചു കൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഒരുകിലോമീറ്റര്‍ അകലെയായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ മറ്റൊരു കൈകൂടി കണ്ടെത്തി. പിന്നാലെ ഒരു സ്ത്രീയുടെ തലയടക്കം ശരീരഭാഗങ്ങള്‍ പത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ലിംഗപുര റോഡ് പാലത്തിന് സമീപം മനുഷ്യന്‍റെ കുടലിന്റെ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ബെൻഡോൺ നഴ്സറിക്ക് സമീപത്ത് നിന്ന് ആമാശയവും മറ്റ് ആന്തരിക അവയവങ്ങളും കണ്ടെത്തി. ജോണിഗരഹള്ളിക്ക് സമീപം രക്തം പുരണ്ട ഒരു ബാഗും കണ്ടെത്തുകയായിരുന്നു. സിദ്ധാരബെട്ടയ്ക്കും നെഗലാലിനും ഇടയിലുള്ള റോഡിന് സമീപത്തുനിന്ന് രണ്ട് ബാഗുകളിലായാണ് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സിദ്ധാരബെട്ടയ്ക്ക് സമീപത്തുനിന്നും സ്ത്രീയുടെ വെട്ടിമാറ്റിയ തലയും കണ്ടെടുത്തു. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പത്തിടങ്ങളിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം