
ദില്ലി: ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനില്‍ ഇറക്കി. ഷാർജയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും ഇന്‍ഡിഗോ അധികൃതർ അറിയിച്ചു.
യാത്രക്കാരെ കൊണ്ടുവരാനായി ഇന്ത്യയില്‍ നിന്നും മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയച്ചുവെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറയുന്നു. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയില്‍ ഇറക്കേണ്ടി വന്നത്. സ്പൈസ് ജെറ്റിന്റെ ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയ വിമാനമാണ് ഈ മാസം ആദ്യം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയത്. സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ഇന്റിക്കേറ്റർ ലൈറ്റിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയതെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം.
എമർജൻസി ലാന്‍റിംഗായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്‍റിംഗായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. തകരാർ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു വിമാനം കറാച്ചിയിലേക്ക് അയച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിമാനം ലാന്‍റ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാൻസിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു.
യന്ത്രത്തകരാര്‍; ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി
കഴിഞ്ഞ ദിവസം, യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാർജയിൽ നിന്നുള്ള വിമാനം അടിയന്തരമായി നെടുമ്പാശേരിയിൽ ഇറക്കി. എയർ അറേബ്യയുടെ വിമാനമാണ് രാത്രി 7.25ന് അടിയന്തിരമായി നിലത്തിറക്കിയത്. നെടുമ്പാശ്ശേരിയിലേക്ക് പറക്കുന്നതിനിടയിൽ തകരാർ പൈലറ്റിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇറക്കിയത്. 215 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം റൺവേയിൽ നിന്നും മാറ്റി. 222 യാത്രക്കാരെയും ഏഴ് വിമാന ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തിൽ ജാഗത്രാ നിർദ്ദേശം പിൻവലിച്ചു.