
ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തിൽ വീഴ്ച സമ്മതിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലാണ് ദുരന്തമുണ്ടായത്. അവിടെ സർക്കാരിന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കർണാടക ക്രിക്കറ്റ് അസോസിയേഷനും ശ്രദ്ധിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അപകടത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വീഴ്ച്ച സമ്മതിച്ച് കർണാടക മുഖ്യമന്ത്രി രംഗത്തെത്തിയത്.
35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 11 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇവിടെ വിക്റ്ററി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ളവരുണ്ട്. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്.
തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ബെംഗളൂരുവിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. അത്തരത്തിലൊരു ടീമിന്റെ വിക്ടറി പരേഡ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങളൊന്നും തന്നെ ബെംഗളൂരുവിൽ ഏര്‍പ്പെടുത്തിയിരുന്നില്ല. 5000 പൊലീസുകാരെ മാത്രമാണ് തിരക്ക് നിയന്ത്രിക്കാൻ വിന്യസിച്ചിരുന്നത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഒറ്റ വിസ, ആറ് രാജ്യങ്ങൾ; ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam