
ബെംഗളൂരു: ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി. വെളിപ്പെടുത്തൽ നടത്തിയയാൾ ഒളിവിൽ പോകാൻ സാധ്യതയെന്ന് വിവരം കിട്ടിയതായി ദക്ഷിണ കന്നഡ എസ്പി കെ അരുൺ പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ മൃതദേഹങ്ങളുണ്ടോ എന്ന് തിരക്കിട്ട് പരിശോധന നടത്താൻ കഴിയില്ലെന്ന് എസ്പി പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസമായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് വന്ന് മൃതദേഹം കുഴിച്ചെടുക്കാൻ പരിശോധന വേണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കില്ല. സമുദായസംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ സുരക്ഷ ഒരുക്കണം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം മാത്രമേ ഇത്തരം നീക്കങ്ങളിലേക്ക് കടക്കൂ എന്നും എസ്‍പി പ്രതികരിച്ചു.
സാക്ഷിയായ ഇയാൾക്ക് സുരക്ഷ നൽകണമെന്ന് നേരത്തേ ഇയാളെ കോടതിയിൽ ഹാജരാക്കിയ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അഭിഭാഷകർ പിന്നീട് സാക്ഷിയായ ഇയാളുടെ വിവരങ്ങൾ നൽകിയില്ലെന്ന് പൊലീസ് പറയുന്നു. സാക്ഷിയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരം പുറത്ത് വിട്ടത് അഭിഭാഷകരാണ്. വാർത്താക്കുറിപ്പുകളിലൂടെ സാക്ഷിയുടെ വിവരങ്ങൾ പലതും അഭിഭാഷകർ പുറത്ത് വിട്ടു. സാക്ഷിയും അഭിഭാഷകരും കൃത്യമായി സഹകരിക്കാതെ അന്വേഷണം മുന്നോട്ട് പോകില്ല. വെളിപ്പെടുത്തൽ നടത്തിയ സാക്ഷിക്ക് നുണ പരിശോധന നടത്തും.
ഇതിനുള്ള കോടതി അനുമതി കിട്ടിയാലുടൻ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു. അതേസമയം, കേസിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകർ പ്രതികരിച്ചു. സാക്ഷിക്ക് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇയാളെ കോടതിയിൽ ഹാജരാക്കിയ അഭിഭാഷകർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam