
സോലാപ്പൂർ: അമ്മയുടെ മരണത്തിൽ മനംനൊന്ത് മഹാരാഷ്ട്രയിലെ സോലാപ്പൂരിൽ 16 വയസുകാരൻ ജീവനൊടുക്കി. ശിവശരൺ ഭൂതാലി താൽക്കോട്ടി എന്ന വിദ്യാർത്ഥിയെ അമ്മാവന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് മാസം മുൻപാണ് ശിവശരണിന്‍റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
അധികൃതർ നടത്തിയ പരിശോധനയിൽ ശിവശരൺ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ അമ്മയെ സ്വപ്നം കണ്ടെന്നും, അമ്മ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. സങ്കടപ്പെടുത്തുന്ന കുറിപ്പാണ് കണ്ടെടുത്തിട്ടുള്ളത്. "ഞാൻ ശിവശരൺ. എനിക്ക് ജീവിക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് ഞാൻ മരിക്കുകയാണ്. അമ്മ പോയപ്പോൾ തന്നെ ഞാൻ പോകേണ്ടതായിരുന്നു, പക്ഷേ അമ്മാവന്‍റെയും മുത്തശ്ശിയുടെയും മുഖം കണ്ടതുകൊണ്ട് ഞാൻ ജീവിച്ചു. എന്‍റെ മരണത്തിന് കാരണം ഇന്നലെ എന്‍റെ സ്വപ്നത്തിൽ അമ്മ വന്നതാണ്. നീയെന്തിനാണ് ഇത്ര വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു, എന്നിട്ട് എന്നോട് അടുത്തേക്ക് വരാൻ പറഞ്ഞു. അതുകൊണ്ട് ഞാൻ മരിക്കാൻ തീരുമാനിച്ചു. എനിക്ക് അമ്മാവനോടും മുത്തശ്ശിയോടും ഒരുപാട് നന്ദിയുണ്ട്, കാരണം അവർ എന്നെ ഒരുപാട് പിന്തുണച്ചു. അവർ എന്നെ ഒരുപാട് ലാളിച്ചു," കുറിപ്പിൽ പറയുന്നു.
അമ്മാവനോട് തന്‍റെ മുത്തശ്ശിയെ അച്ഛനോടൊപ്പം വിടരുതെന്നും കൗമാരക്കാരൻ കുറിപ്പിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. "അമ്മാവാ, ഞാൻ മരിക്കുകയാണ്. ഞാൻ പോയാൽ എന്‍റെ സഹോദരിയെ സന്തോഷത്തോടെ നോക്കണം. അമ്മാവാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്. മുത്തശ്ശിയെ അച്ഛന്‍റെ അടുത്തേക്ക് അയക്കരുത്. എല്ലാവരും സ്വയം ശ്രദ്ധിക്കുക. എന്‍റെ മാതാപിതാക്കളെക്കാൾ കൂടുതൽ നിങ്ങൾ എനിക്ക് വേണ്ടി ചെയ്തിട്ടുണ്ട്," എന്ന് കുറിപ്പിൽ കൂട്ടിച്ചേർത്തു. തന്‍റെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദി എന്നും ശിവശരൺ കുറിച്ചു.
'നിങ്ങളുടെ പിന്തിയ' എന്ന് ഒപ്പിട്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ അവനെ സ്നേഹത്തോടെ വിളിച്ചിരുന്ന പേരാണിതെന്ന് കരുതപ്പെടുന്നു. ശിവശരൺ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പത്താം ക്ലാസ്സിൽ 92 ശതമാനം മാർക്ക് നേടിയിരുന്ന ശിവശരണിന് ഡോക്ടറാകാനായിരുന്നു ആഗ്രഹം. സംഭവത്തിൽ സോലാപ്പൂർ സിറ്റി പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam