
ഭോപാൽ: മധ്യപ്രദേശിനെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ സിവിൽ ജഡ്ജ് ഉദ്യോഗാർത്ഥിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത നീങ്ങി. കാണാതായ അർച്ചന തിവാരി (29)യെ കണ്ടെത്തി. ഇൻഡോറിൽ നിന്ന് കട്‌നിയിലേക്ക് ട്രെയിൻ യാത്ര ചെയ്ത അർച്ചനയെ പിന്നീട് കാണാതാവുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചില നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
ഗ്വാളിയോറിലെ ഒരു പൊലീസ് കോൺസ്റ്റബിളുമായി അർച്ചന നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇയാളെ പൊലീസ് ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. അർച്ചന ജീവിച്ചിരിപ്പുണ്ടെന്ന് സഹോദരൻ ദിവ്യാൻഷു മിശ്ര സ്ഥിരീകരിച്ചു. അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്ന് ഭോപാൽ റെയിൽവേ ഡിവിഷൻ പൊലീസ് സൂപ്രണ്ട് രാഹുൽ കുമാർ ലോധ അറിയിച്ചു.
അർച്ചന അമ്മയുമായി ഫോണിൽ സംസാരിക്കുകയും താൻ എവിടെയാണെന്ന് അറിയിക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അർച്ചനയെ കൂട്ടിക്കൊണ്ടുവരാൻ ഒരു റെയിൽവേ പൊലീസ് സംഘം പുറപ്പെട്ടതായും സൂചനയുണ്ട്. ജുഡീഷ്യൽ സർവീസുകൾക്കായി ഇൻഡോറിൽ തയ്യാറെടുക്കുകയായിരുന്ന അർച്ചന ഓഗസ്റ്റ് ഏഴിന് ഇൻഡോർ-ബിലാസ്പൂർ നർമദ എക്സ്പ്രസ് ട്രെയിനിലാണ് യാത്ര തിരിച്ചത്. രാത്രി 10:15-ന് ട്രെയിൻ ഭോപാലിൽ എത്തിയപ്പോൾ അർച്ചന അമ്മയുമായി സംസാരിച്ചിരുന്നു. അതിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
പിന്നീട് ഉമാരിയ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അർച്ചനയുടെ ബാഗ് കണ്ടെത്തുകയായിരുന്നു. ഭോപാലിലെ റാണി കമലാപതി സ്റ്റേഷനിലായിരുന്നു അർച്ചനയുടെ ഫോണിന്‍റെ അവസാന ലൊക്കേഷൻ. പിന്നീട് ഫോൺ ഓഫാകുന്നതിന് മുമ്പ് ഇതാർസിയിൽ വച്ച് ഒരു ഇന്‍റർനെറ്റ് കോൾ ചെയ്തതായും സൂചന ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് 97 ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് മൂന്ന് പ്രത്യേക ടീമുകൾ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
മിഡ്‌ഘാട്ടിലെ വനപ്രദേശങ്ങളിൽ ഡ്രോണുകളും, സ്നിഫർ ഡോഗുകളും ഉപയോഗിച്ച് പരിശോധന നടത്തി. അർച്ചനയുടെ കോൾ ഡീറ്റെയിൽസും, സോഷ്യൽ മീഡിയ അക്കൗണ്ടുകളും വിശകലനം ചെയ്യുകയും സുഹൃത്തുക്കളെയും സഹപാഠികളെയും ചോദ്യം ചെയ്യുകയും ചെയ്തു. ട്രെയിനിലെ ടിക്കറ്റ് എക്സാമിനർ, കോച്ച് അറ്റൻഡർമാർ, സഹയാത്രികർ എന്നിവരെയും ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam