
ചണ്ഡിഗഡ്: നവ്ജോത് കൗർ സിദ്ധുവിനെ വിവാദ പരാമർശത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ പാർട്ടിക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. നവജ്യോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യയാണ് നവ്ജോത് കൗർ.
പഞ്ചാബ് മുഖ്യമന്ത്രിയാകണമെങ്കിൽ 500 കോടി രൂപ ചെലവാകുമെന്ന പരാമർശത്തെ തുടർന്നാണ് നവ്ജോത് കൗർ സിദ്ധുവിനെതിരായ നടപടി. 500 കോടി രൂപയുടെ സ്യൂട്ട്കേസ് നൽകുന്ന ഒരാൾക്ക് മാത്രമേ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ കഴിയൂ എന്നായിരുന്നു പരാമർശം. പിന്നാലെ പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാരിംഗ് ആണ് നടപടി എടുത്തത്. നവ്ജോത് കൗർ സിദ്ധുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉടനടി സസ്‌പെൻഡ് ചെയ്തു എന്നാണ് അദ്ദേഹം അറിയിച്ചത്.
"ശരിയായ സമയത്ത് എടുത്ത ശരിയായ തീരുമാനമാണിത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്. അവരുടെ ഉദ്ദേശ്യം ശരിയായിരുന്നില്ല" എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പർതാപ് സിംഗ് ബജ്‌വ പ്രതികരിച്ചത്. നവജ്യോത് സിംഗ് സിദ്ധുവിനെ മന്ത്രിയും പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷനുമാക്കിയ പാർട്ടിക്കെതിരെയാണ് അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സുഖ്ജിന്ദർ സിംഗ് രണ്‍ധാവ ചൂണ്ടിക്കാട്ടി- "അദ്ദേഹം എത്ര പണം നൽകി? ആർക്കാണ് അദ്ദേഹം പണം നൽകിയത്? പാർട്ടി അധ്യക്ഷന്‍റെ പദവി മുഖ്യമന്ത്രിയേക്കാൾ ഉയർന്നതാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് പാർട്ടി വിരുദ്ധമാണ്. ഹൈക്കമാൻഡ് അത് ശ്രദ്ധിക്കണം" നവ്ജോത് കൗർ സിദ്ധു നാല് വർഷമായി സജീവമല്ലെന്നും 2027 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചത് "അവരെ നല്ല മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കട്ടെ" എന്നാണ്.
നവജ്യോത് സിംഗ് സിദ്ധുവിന്‍റെ ആരോപണം ബിജെപിയും ആം ആദ്മി പാർട്ടിയും ഏറ്റുപിടിച്ചു. കോണ്‍ഗ്രസ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ "വൃത്തികെട്ട സത്യം" അവർ തുറന്നുകാട്ടിയെന്നാണ് പ്രതികരണം. അതേസമയം തന്റെ അഭിപ്രായങ്ങൾ വളച്ചൊടിച്ചതാണെന്ന് നവജ്യോത് കൗർ അവകാശപ്പെട്ടു- "കോൺഗ്രസ് പാർട്ടി ഒരിക്കലും ഞങ്ങളിൽ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന പരാമർശം വളച്ചൊടിച്ചതു കണ്ട് ഞാൻ ഞെട്ടിപ്പോയി. മറ്റേതെങ്കിലും പാർട്ടിയിൽ നിന്ന് നവജ്യോത് മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തിന് നൽകാൻ ഞങ്ങളുടെ പക്കൽ പണമില്ലെന്നാണ് ഞാൻ പറഞ്ഞത്." പഞ്ചാബിൽ കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നവ്ജോത് സിങ് സിദ്ധുവിനെ പ്രഖ്യാപിച്ചാൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam