Asianet News MalayalamAsianet News Malayalam

ബിഹാറിൽ ഒവൈസിക്ക് ആര്‍ജെഡി വക ഷോക്ക്: അഞ്ച് എഐഎംഐഎം എംഎൽഎമാരിൽ നാല് പേരും പാര്‍ട്ടി മാറി

പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് നാല് എഐഎംഐഎം എംഎൽഎമാരേയും ആർജെഡിയിലേക്ക് സ്വാഗതം ചെയ്തു. പുതിയ എംഎൽഎമാരുടെ വരവ് പാ‍ര്‍ട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.  

Four of five AIMIM MLAs join RJD making it single largest party in bihar assembly
Author
Patna Junction, First Published Jun 29, 2022, 5:18 PM IST

പാറ്റ്ന: അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന് (AIMIM) ബിഹാറില്‍ തിരിച്ചടി. പാര്‍ട്ടിയുടെ അഞ്ചില്‍ നാല് എംഎല്‍എമാരും ആര്‍ജെഡിയില്‍ ചേർന്നു. ഇതോടെ 80 എംഎല്‍എമാരുള്ള ആർജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ജെഡിയുമായി സഹകരിച്ച് ഭരണത്തില്‍ എത്തിയ ബിജെപിക്ക് ബിഹാറില്‍ 77 എംഎല്‍എമാരാണ് ഉള്ളത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍  എഐഎംഐഎമ്മലില്‍ നിന്ന്  മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എംഎല്‍എമാരുടെ പാര്‍ട്ടി മാറ്റമെന്നാണ് സൂചന. 

എഐഎംഐഎം സംസ്ഥാന പ്രസിഡന്റും അമൂർ എംഎൽഎയുമായ അക്തറുൽ ഇമാൻ ഒഴികെ, മറ്റ് നാല് പാർട്ടി നിയമസഭാംഗങ്ങൾ- മുഹമ്മദ് ഇസ്ഹാർ അസ്ഫി (കൊച്ചദാമം), ഷാനവാസ് ആലം ​​(ജോക്കിഹാത്ത്), സയ്യിദ് റുക്നുദ്ദീൻ (ബൈസി), അസ്ഹർ നയീമി (ബഹാദുർഗുഞ്ച്) എന്നിവരാണ് ആർജെഡിയിൽ ചേർന്നത്. 

പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് നാല് എഐഎംഐഎം എംഎൽഎമാരേയും ആർജെഡിയിലേക്ക് സ്വാഗതം ചെയ്തു. പുതിയ എംഎൽഎമാരുടെ വരവ് പാ‍ര്‍ട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.  “ ഈ നാല് എംഎൽഎമാരും സാമൂഹിക നീതിയും മതനിരപേക്ഷതയും ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. സീമാഞ്ചൽ മേഖല എന്നും ആര്‍ജെഡിയെ പിന്തുണച്ചിട്ടുണ്ട്. സീമാഞ്ചലിൽ ആര്‍ജെഡിക്ക് നല്ല സാന്നിധ്യമുണ്ട്. നാല് എംഎൽഎമാരുടെ വരവോട് മേഖലയിൽ ആര്‍ജെഡിയുടെ ശക്തി വീണ്ടും കൂടുകയാണെന്നും തേജസ്വി പറഞ്ഞു.

നിലവിൽ ബിഹാര്‍ നിയമസഭയിൽ ആർജെഡിക്ക് 76 എംഎൽഎമാരാണ് ഉള്ളത്. എഐഎംഐഎം എംഎൽഎമാര്‍ കൂടിയെത്തിയതോടെ ആര്‍ജെഡി അംഗസഖ്യം 80 ആവും. മൂന്ന് മാസം മുമ്പ് വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ മൂന്ന് എം‌എൽ‌എമാര്‍ ബിജെപി ക്യാംപിലേക്ക് എത്തിയിരുന്നു. ഇതോടെ ഭരണകക്ഷിയായ ബിജെപിയുടെ അംഗസഖ്യ 77 ആയി ഉയര്‍ന്നിരുന്നു.

Follow Us:
Download App:
  • android
  • ios