
ഭോപ്പാൽ: പന്ത്രണ്ട് വര്‍ഷത്തോളം ജോലി ചെയ്യാതെ 28 ലക്ഷം രൂപ ശമ്പളം കൈപ്പറ്റി പൊലീസ് ഉദ്യോഗസ്ഥൻ. വകുപ്പുതലത്തിലെ അനാസ്ഥയും സംവിധാനത്തിലെ പാളിച്ചകളും വെളിവാക്കുന്ന ഈ സംഭവം മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ഉണ്ടായത്. 2011ലാണ് ഈ കോൺസ്റ്റബിളിനെ മധ്യപ്രദേശ് പൊലീസിൽ നിയമിച്ചത്. ആദ്യ നിയമനം ഭോപ്പാൽ പൊലീസ് ലൈൻസിലായിരുന്നു. സേനയിൽ ചേർന്നതിന് തൊട്ടുപിന്നാലെ, തന്‍റെ ബാച്ചിലെ മറ്റുള്ളവരെപ്പോലെ സാഗർ പൊലീസ് പരിശീലന കേന്ദ്രത്തിൽ അടിസ്ഥാന പരിശീലനത്തിനായി ഇയാളെ അയച്ചു. എന്നാൽ അവിടെ റിപ്പോർട്ട് ചെയ്യുന്നതിനു പകരം ഇയാൾ ആരെയും ഒന്നും അറിയിക്കാതെ വിദിഷയിലെ വീട്ടിലേക്ക് മടങ്ങിയെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പൊലീസ് (എസിപി) അങ്കിത ഖാതർക്കർ പറഞ്ഞു.
തന്‍റെ മേലധികാരികളെ വിവരമറിയിക്കുകയോ അവധിക്ക് അപേക്ഷിക്കുകയോ ചെയ്യാതെ, കോൺസ്റ്റബിൾ തന്‍റെ സർവീസ് രേഖകൾ സ്പീഡ് പോസ്റ്റ് വഴി ഭോപ്പാൽ പൊലീസ് ലൈൻസിലേക്ക് അയച്ചു. യാതൊന്നും പരിശോധിക്കാതെ രേഖകൾ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തെന്ന് എസിപി അറിയിച്ചു. പരിശീലന കേന്ദ്രത്തിലെ ആരും ഇയാളുടെ അസാന്നിധ്യം ശ്രദ്ധിച്ചില്ല. ഭോപ്പാൽ പൊലീസ് ലൈൻസിലെ ആരും അത് ചോദ്യം ചെയ്തതുമില്ല.
മാസങ്ങളും വർഷങ്ങളും കടന്നുപോയി. കോൺസ്റ്റബിൾ ഒരിക്കലും ജോലിക്ക് ഹാജരായില്ല. എന്നിട്ടും, ഇയാളുടെ പേര് സേവന രേഖകളിൽ സജീവമായി തുടരുകയും എല്ലാ മാസവും ശമ്പളം മുടങ്ങാതെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. കാലക്രമേണ, ഒരു പോലീസ് സ്റ്റേഷനിലോ പരിശീലന ഗ്രൗണ്ടിലോ കാലുകുത്താതെ തന്നെ 28 ലക്ഷം രൂപയിലധികം ഇയാൾ സ്വന്തമാക്കി.
2011 ബാച്ചിലെ ശമ്പള ഗ്രേഡ് മൂല്യനിർണയം ആരംഭിച്ച 2023-ൽ മാത്രമാണ് ഈ ക്രമക്കേട് പുറത്തുവന്നത്. ഉദ്യോഗസ്ഥർക്ക് കോൺസ്റ്റബിളിനെ കണ്ടെത്താൻ കഴിഞ്ഞില്ല, വകുപ്പിലെ ആർക്കും ഇയാളുടെ പേരോ മുഖമോ തിരിച്ചറിയാനും കഴിഞ്ഞില്ല. ആഭ്യന്തര അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കോൺസ്റ്റബിളിന്‍റെ മുൻകാല രേഖകളും സേവന വിവരങ്ങളും കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. 12 വർഷത്തോളം ഒരാൾക്ക് ജോലിയിലായിരിക്കുകയും ഒരു വിവരങ്ങളും ഇല്ലാത്തത് എല്ലാവര്‍ക്കും അവിശ്വസനീയമായി തോന്നി.
ഒടുവിൽ ചോദ്യം ചെയ്യാനായി കോൺസ്റ്റബിളിനെ വിളിപ്പിച്ചപ്പോൾ തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഇയാൾ അവകാശപ്പെട്ടുവെന്ന് എസിപി ഖാതർക്കർ പറഞ്ഞു. ഈ വർഷങ്ങളത്രയും ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്‍റെ അവസ്ഥ തന്നെ തടഞ്ഞുവെന്ന് സ്ഥാപിക്കുന്ന രേഖകളും ഇയാൾ ഹാജരാക്കി. 2011ല്‍ പരീശീലനത്തിന് അയച്ചപ്പോൾ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഒറ്റയ്ക്ക് പോകാൻ അനുവാദം വാങ്ങുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
പരിശീലനം പൂർത്തിയാക്കുകയോ സജീവ ഡ്യൂട്ടിയിൽ പ്രവേശിക്കുകയോ ചെയ്തില്ലെങ്കിലും, പുതുതായി നിയമിതനായ കോൺസ്റ്റബിൾ എന്ന നിലയിൽ ഇയാളുടെ പേര് പൊലീസ് രേഖകളിൽ തുടരുകയായിരുന്നു അക്കാലത്ത് പൊലീസ് നിയമങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ആശയവിനിമയത്തിന്‍റെ അഭാവവും ആരോഗ്യപ്രശ്നങ്ങളും കാരണം തനിക്ക് നിയമങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെന്നുമാണ് കോൺസ്റ്റബിൾ പറയുന്നത്.
ഇതുവരെ ഇയാൾ 1.5 ലക്ഷം രൂപ വകുപ്പിന് തിരികെ നൽകിയിട്ടുണ്ട്. ശേഷിക്കുന്ന തുക ഭാവിയിലെ ശമ്പളത്തിൽ നിന്ന് കുറച്ച് അടയ്ക്കാൻ ഇയാൾ സമ്മതിച്ചു. ഇയാളെ നിലവിൽ ഭോപ്പാൽ പൊലീസ് ലൈൻസിൽ നിയമിച്ചിരിക്കുകയാണെന്നും നിരീക്ഷണത്തിലാണെന്നും എസിപി അറിയിച്ചു. അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും കൂടുതൽ മൊഴികൾ രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഈ വിഷയത്തിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam