
ഗോരഖ്പൂർ: ഐഎഎസ് ഓഫീസറാകണമെന്നുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപേക്ഷ ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ വിവാദമായി മാറുന്നു. പൻഖുരി ത്രിപാഠിയെന്ന ഏഴാം ക്ലാസുകാരിയാണ് സഹായം തേടിയത്. പൻഖുരിയുടെ പിതാവ് രാജീവ് കുമാർ ത്രിപാഠിക്ക് ഒരു അപകടത്തിൽ ഗുരുതരമായ കാൽമുട്ടിന് പരിക്കേൽക്കുകയും ജോലി ഉപേക്ഷിക്കേണ്ടിയും വന്നതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി. അവർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായം തേടി. വിദ്യാഭ്യാസം തടസപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു.
എന്നാൽ, സ്കൂൾ മാനേജ്മെന്‍റ് ഫീസ് ഇളവ് ചെയ്യാൻ വിസമ്മതിച്ചതായി ഏഴാം ക്ലാസ് വിദ്യാർത്ഥിനി പറയുന്നു. അത്തരമൊരു വ്യവസ്ഥയില്ലെന്നാണ് അവർ വ്യക്തമാക്കിയത്. ഇതോടെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രംഗത്തെത്തി. പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകാനും അദ്ദേഹം സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി ഇടപെട്ട് തന്‍റെ മകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൻഖുരിയുടെ കുടുംബം.
ഗോരഖ്പൂരിലെ പക്കിബാഗിലുള്ള സരസ്വതി ശിശു മന്ദിറിലാണ് പൻഖുരി ത്രിപാഠി പഠിക്കുന്നത്. ആർഎസ്എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതി നടത്തുന്ന ഈ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് പ്രതിമാസം 1,650 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഏകദേശം 18,000 രൂപയോളം പൻഖുരിക്ക് ഫീസ് കുടിശ്ശികയുണ്ട്. ഫീസ് ഒഴിവാക്കാനുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയുടെ അടുത്ത് പോയിരുന്നുവെന്നും അദ്ദേഹം ചോക്ലേറ്റ് നൽകുകയും അത് ശരിയാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നുവെന്ന് പൻഖുരി പറയുന്നു.
എന്നാൽ, അച്ഛനോടൊപ്പം സ്കൂളിൽ പോയപ്പോൾ അവർ ഞങ്ങളോട് മോശമായി പെരുമാറി. ഫീസ് ഒഴിവാക്കാൻ കഴിയില്ലെന്ന് പറഞ്ഞു. കൂടുതൽ രക്ഷിതാക്കൾ ഫീസ് ഇളവ് ആവശ്യപ്പെട്ടാൽ സ്കൂളിന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. അധ്യാപകർക്ക് ശമ്പളം നൽകണമെന്നും അവർ പറഞ്ഞുവെന്ന് പൻഖുരി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ശക്തികേന്ദ്രമാണ് ഗോരഖ്പൂർ. അദ്ദേഹം ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യ പൂജാരിയാണ്. സംസ്ഥാന മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് അഞ്ച് തവണ ഗോരഖ്പൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന ബിജെപിയുടെ വ്യാജ മുദ്രാവാക്യങ്ങളുടെ യാഥാർത്ഥ്യമാണിതെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. കുട്ടികളോട് കള്ളം പറയരുതെന്ന് ബിജെപിയോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിൽ കുറിച്ചു. എന്നാല്‍, സ്കൂൾ അധികൃതർ ഈ വിഷയത്തിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ വിസമ്മതിച്ചുവെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.