
ജോധ്പൂർ: സ്കൂളിൽ കൊണ്ടുവന്ന വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ പരിശോധിച്ച സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിലെ ആക്ടിങ് പ്രിൻസിപ്പലിനെതിരെ നടപടി. വിദ്യാർത്ഥിയുടെ സ്വകാര്യത ലംഘിച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ശനിയാഴ്ച പി എം ശ്രീ മഹാത്മാഗാന്ധി ഗവൺമെന്‍റ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മൊബൈൽ ഫോൺ സ്കൂളിലേക്ക് കൊണ്ടുവന്നത്. സ്കൂളിലെ ആക്ടിങ് പ്രിൻസിപ്പലായ ഷക്കീൽ അഹമ്മദ് ഫോൺ കണ്ടുകെട്ടുകയും, അത് അൺലോക്ക് ചെയ്ത് വിദ്യാർത്ഥിനിയുടെ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, കോൾ വിവരങ്ങൾ, ഗാലറി എന്നിവ പരിശോധിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
താൻ ചെയ്ത പ്രവൃത്തി പ്രിൻസിപ്പൽ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. ഇതിനുപുറമെ, ക്ലാസ്സിൽ അടുത്തിരിക്കുന്ന ഒരു ആൺകുട്ടിയെക്കുറിച്ച് വിദ്യാർത്ഥിനിയോട് അഹമ്മദ് ചോദ്യം ചെയ്തതായും ആരോപണമുണ്ട്. സംഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലെത്തി ബഹളമുണ്ടാക്കി. ഫോണിൽ ഏതെങ്കിലും സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ പ്രിൻസിപ്പൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കുടുംബം വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, പ്രിൻസിപ്പൽ തന്‍റെ പ്രവൃത്തി സമ്മതിച്ചു. സ്കൂളിൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥിനി റീൽസുകൾ റെക്കോർഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ മാത്രമാണ് ഫോൺ പരിശോധിച്ചതെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam