
പറ്റ്ന : ബീഹാറിൽ ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് എൻഡിഎ മുന്നണി വിട്ട നിതീഷ് കുമാര്‍ ആർജെഡിയുമായി ചേർന്ന് പുതിയ മന്ത്രിസഭ രൂപീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ആര്‍ജെഡിക്ക് ഒപ്പം കോൺഗ്രസിൻയും ഇടതുപക്ഷത്തിൻറെയും പിന്തുണയോടെയുള്ള നിതീഷിന്‍റെ വിശാലസഖ്യ സര്‍ക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മന്ത്രിമാരുടേയും വകുപ്പുകളുടെയും കാര്യത്തിൽ ഇതുവരെയും ധാരണയായിട്ടില്ല. 35 അംഗ മന്ത്രിസഭയിൽ 18 മന്ത്രിസ്ഥാനം ആർജെഡി ആവശ്യപ്പെട്ടതായാണ് സൂചന. മന്ത്രിസഭയില്‍ പ്രധാനകക്ഷികളായ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡി തങ്ങൾക്ക് 18 മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ, 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാനുമാണ് ധാരണയെന്നാണ് സൂചന. അതേ സമയം, ആർജെഡി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതിന് പിന്നാലെ മന്ത്രിസഭയിൽ ചേരണമെന്ന് സിപിഐഎംഎല്ലിനോട് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പാർട്ടി നാളെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വകുപ്പുകളിലും തീരുമാനമാകാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും ഉണ്ടാകുക.
ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് എൻഡിഎ വിട്ട് പുറത്ത് വന്നതിന് പിന്നാലെ നിതീഷ് ഉന്നയിക്കുന്നത്. 2014 ൽ നിന്ന് 2024 ൽ എത്തുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകില്ലെന്നും നരേന്ജ്ര മോദി വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തില്ലെന്നും നിതീഷ് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നിട്ടും പദവി നല്‍കി തന്നെ കുടുക്കാനാണ് ബിജെപി ശ്രമിച്ചതെന്ന സത്യപ്രതിജ്ഞക്ക് തൊട്ട് പിന്നാലെ നിതീഷ് കുമാര്‍ ഉയർത്തിയ ആരോപണം ബിജെപി പരിഹസിച്ച് തള്ളുകയാണ്. അധികാരമോഹിയാണ് നിതീഷ് എന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. ഉപപ്രധാനമന്ത്രി പദവിയും നിതീഷ് ലക്ഷ്യമിട്ടിരുന്നുവെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. എട്ടാമത്തെ തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തത്.
അധികാരത്തിനായി മുന്നണികൾ മാറിമറിഞ്ഞ നിതീഷ്, ചരിത്രം പരിശോധിക്കുമ്പോൾ...
അധികാരത്തിനായി മുന്നണികൾ മാറിമറിഞ്ഞതിന്റെ കഥയാണ് നിതീഷ് കുമാറിന്റേത്. 1994 മുതൽ അധികാരം നിലനിറുത്താൻ അവസരവാദ രാഷ്ട്രീയം സ്വീകരിച്ച നിതീഷ് എട്ടാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യതത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ നേതൃത്വപദവിയിലേക്ക് ഉയർന്ന നീതിഷിന്റെയും ലാലു പ്രസാദിന്റെയും ഇണക്കവും പിണക്കവുമാണ് ബീഹാറിന്റെ രാഷ്ട്രീയ കാലാവസ്ഥ മൂന്നര പതിറ്റാണ്ടായി നിർണ്ണയിച്ചത്.
1994 ൽ ജനതാദളിൽ ലാലൂവിന്റെ ഏകാധിപത്യമെന്ന് ആരോപിച്ചാണ് നിതീഷ് ജോർജ്ജ് ഫെർണ്ടാസിനൊപ്പം സമതാ പാർട്ടി രൂപീകരിക്കുന്നത്. പിന്നെ ഏറെക്കാലം കേന്ദ്രമന്ത്രിസ്ഥാനത്ത്. എബി വാജ്പേയി മന്ത്രിസഭയിൽ റെയിൽമന്ത്രിയായിരുന്നു നിതീഷ്. 2000 ലെ ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി കസേരയിൽ ആദ്യമായി എത്തിയെങ്കിലും കേവലം ഭൂരിപക്ഷം തെളിക്കാതെ രാജിവെക്കേണ്ടി വന്നു. പിന്നീട് 2005 മുതൽ എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രിയായി നീതീഷ് കുമാർ അധികാരത്തിൽ എത്തി. ഒമ്പത് വർഷം സഖ്യത്തിൻറെ മുഖ്യമന്ത്രിയായി തുടർന്ന നിതീഷ് 2013 ൽ മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തികാട്ടിയതോടെ എൻഡിഎ വിട്ടു. പതിനേഴ് വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് നിതീഷ് അന്ന് പുറത്തിറങ്ങിയത്.
എന്നാൽ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയോടെ മുഖ്യമന്ത്രി സ്ഥാനം ജിതൻ റാം മാഞ്ചിയെ ഏൽപ്പിച്ച് മാറിനിന്നു. പിന്നാലെ 2015 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി , കോൺഗ്രസ്, ഇടതുപാർട്ടികൾക്കൊപ്പം മഹാ സഖ്യം രൂപീകരിച്ച് നാലാം തവണയും മുഖ്യമന്ത്രിയായി. പക്ഷേ സർക്കാരിനെതിരെ അഴിമതി ആരോപങ്ങളുയർന്നതോടെ പ്രതിച്ഛായ സംരക്ഷിക്കാൻ ആർജെഡി സഖ്യം വിട്ട് 2017ൽ ബിജെപിക്ക് ഒപ്പം കൂടി. പതിവ് പോലെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തി. 2020ൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിൽ എത്തിയപ്പോഴും നിതീഷ് തന്നെ മുഖ്യമന്ത്രിയായി. ബിജെപിക്ക് മുപ്പത് സീറ്റ് ജെഡിയുവിനെക്കാൾ കൂടുതലായിരുന്നെങ്കിലും നിതീഷിനെ മുഖ്യമന്ത്രിയാക്കാതെ മറ്റു വഴിയില്ലായിരുന്നു. പുതിയ സർക്കാർ രണ്ടാം വർഷത്തിലേക്ക് എത്തുന്നതിനിടെയാണ് വീണ്ടും ചേരി മാറി ജെഡിയു മഹാഗഡ്ബന്ധനിലേക്ക് ചേക്കേറിയത്.