
ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഗുരുതര ആരോപണവുമായി സ്വാതി മലിവാൾ എംപി. മൻ നിയമസഭയിൽ എത്തിയത് മദ്യപിച്ചാണെന്ന് ആരോപിച്ച സ്വാതി മലിവാൾ, പരിശോധനയ്ക്ക് തയ്യാറാകണമെന്നും തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. സഭയിൽ മൻ സംസാരിക്കുന്ന വീഡിയോ സഹിതം എക്സിൽ പങ്കുവെച്ചാണ് സ്വാതി മലിവാളിൻ്റെ ആരോപണം. എഎപിയുടെ രാജ്യസഭാ എംപിയായിരുന്ന സ്വാതി മലിവാൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എഎപി മുഖ്യമന്ത്രിക്കെതിരെ പുതിയ പോർമുഖം തുറന്ന് സ്വാതി മലിവാൾ രംഗത്തെത്തിയിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ, പഞ്ചാബ് നിയമസഭയിൽ ഇന്നും മദ്യലഹരിയിലാണ് എത്തിയതെന്ന് സ്വാതി മലിവാൾ ആരോപിച്ചു. ഈ മനുഷ്യൻ മദ്യപിച്ചാണ് ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പോകുന്നത്. മദ്യപിച്ചാണ് സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുന്നത്. കൂടുതൽ മദ്യപിച്ചതിനെ തുടർന്ന് വിമാനത്തിൽനിന്ന് വരെ ഇറക്കിവിട്ടിട്ടുണ്ടെന്നും സ്വാതി മലിവാൾ ആരോപണം തുടർന്നു.
"തെരഞ്ഞെടുപ്പിന് മുൻപ്, ഒരിക്കലും മദ്യപിക്കില്ലെന്ന് ഭഗവന്ത് സിങ് മൻ അമ്മയോട് സത്യം ചെയ്തിട്ടുണ്ട്. തന്തപ്രധാന അതിർത്തി സംസ്ഥാനമായ പഞ്ചാബിൻ്റെ മുഖ്യമന്ത്രി എപ്പോഴും ലഹരിക്കടിമയാണ്. ഫയലുകളിൽ ഒപ്പുവെക്കുന്നത് മദ്യപിച്ചാണ്. എന്തൊരു നാണക്കേടാണ്. ഉറക്കത്തിൽ മാത്രം മദ്യം കഴിക്കാത്ത ഒരാൾക്ക് പഞ്ചാബിനെ എങ്ങനെ നയിക്കാനാകും. മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ പരിശോധനയ്ക്ക് തയ്യാറാകണം. കുറ്റക്കാരനെങ്കിൽ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണം"- സ്വാതി മലിവാൾ പറഞ്ഞു. ഇക്കഴിഞ്ഞ മാസമാണ് സ്വാതി മലിവാളും രാഘവ് ഛദ്ദയുമടക്കം ഏഴ് എഎപി രാജ്യസഭാ എംപിമാർ എഎപി വിട്ട് ബിജെപിയിൽ ലയിച്ചത്.
അതേസമയം സ്വാതി മലിവാളിൻ്റെ ആരോപണത്തിൽ പ്രതികരിച്ച പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‍വ ഭഗവന്ത് സിങ് മൻ അടക്കം മുഴുവൻ എംഎൽഎമാരും ആൽകോ മീറ്റർ, ഡോപ് പരിശോധനകൾക്ക് അടിയന്തരമായി വിധേയമാകണമെന്ന് ആവശ്യപ്പെട്ടു. മുൻപും ഭഗവന്ത് സിങ് മന്നിനെതിരെ സമാന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam