
ഡൽഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വൻ കുറവെന്ന് റിപ്പോർട്ട്. വികസിത് ഭാരത് -ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷൻ നടപ്പിലാക്കി ആദ്യ മാസത്തിലാണ് മുൻ വർഷത്തെ സമാന പദ്ധതിയേ അപേക്ഷിച്ച് 49.94 ശതമാനം തൊഴിൽ അവസരത്തിന്റെ കുറവ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ സൃഷ്ടിക്കപ്പെട്ട 15.33 കോടി തൊഴിൽ ദിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ജൂലൈയിൽ അത് 7.67 കോടിയായി കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലവസരങ്ങളിൽ ഏകദേശം 49.94 ശതമാനത്തിന്റെ അഥവാ പകുതിയോളമുള്ള കുറവാണ് ഒറ്റ മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി ജൂലൈ ഒന്നു മുതലാണ് കേന്ദ്ര സർക്കാർ പുതിയ വി.ബി-ജി റാം ജി പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. പുതിയ പദ്ധതി ആരംഭിച്ചതിന് പിന്നാലെ തൊഴിൽ ദിനങ്ങളിൽ ഇത്രയും വലിയൊരു ഇടിവുണ്ടായത് പദ്ധതിയുടെ നടത്തിപ്പിനെയും ഗ്രാമീണ മേഖലയിലെ തൊഴിൽ സൃഷ്ടിയെയും കുറിച്ച് പുതിയ ചോദ്യങ്ങളും ആശങ്കകളും ഉയർത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനം അളക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ് വ്യക്തിഗത തൊഴിൽ ദിനങ്ങൾ.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്കരിച്ച രൂപമായാണ് കേന്ദ്ര സർക്കാർ പുതിയ വി.ബി ജി റാം ജി പദ്ധതിയെ അവതരിപ്പിച്ചത്. പ്രതിവർഷം നൽകുന്ന തൊഴിൽ ദിനങ്ങൾ 100 ദിവസത്തിൽ നിന്ന് 125 ദിവസമായി ഉയർത്തുകയും തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രാമീണ മേഖലയിൽ കൂടുതൽ സുസ്ഥിരമായ സ്വത്തുക്കൾ നിർമ്മിക്കുന്നതിനും ജനങ്ങളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഈ പുതിയ രീതിയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
പുതിയ പദ്ധതിയിലേക്കുള്ള മാറ്റം തൊഴിൽ ലഭ്യതയെ ബാധിച്ചിട്ടില്ലെന്നാണ് ഗ്രാമവികസന മന്ത്രാലയത്തിന്റെ നിലപാട്. തൊഴിൽ ആവശ്യപ്പെട്ട 99.5 ശതമാനത്തിലധികം തൊഴിലാളികൾക്കും ജോലി നൽകിയിട്ടുണ്ടെന്നും ജൂലൈ 22 വരെ 5.2 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുവെന്നും സർക്കാർ അടുത്തിടെ പാർലമെന്റിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചിരുന്നു. എന്നാൽ ജൂലൈ മാസാവസാനത്തോടെ പുറത്തുവന്ന അന്തിമ കണക്കുകൾ തൊഴിൽ സൃഷ്ടി വീണ്ടും മന്ദഗതിയിലായെന്നാണ് വ്യക്തമാക്കുന്നത്. ആദ്യ മാസത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങളിൽ 50 ശതമാനത്തിനടുത്ത് കുറവുണ്ടായതിന്റെ കൃത്യമായ കാരണം കേന്ദ്ര സർക്കാർ ഇതുവരെ വിശദീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam