45 വർഷം മുമ്പുള്ള വോട്ട‌ർ പട്ടികയുമായി ബിജെപി, പൗരത്വമെടുക്കും മുമ്പ് സോണിയ ഗാന്ധി ഉൾപ്പെട്ടുവെന്ന് ആരോപണം

Published : Aug 13, 2025, 02:46 PM IST
sonia gandhi

Synopsis

സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നു എന്ന ആരോപണവുമായി ബിജെപി. 1980 മുതൽ 1982 വരെയുള്ള കാലഘട്ടത്തിൽ പട്ടികയിൽ സോണിയയുടെ പേരുണ്ടായിരുന്നുവെന്നും 1983-ലാണ് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും ബിജെപി.

ദില്ലി: 45 വർഷം മുമ്പ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വമെടുക്കുന്നതിന് മുൻപ് തന്നെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നു എന്ന ആരോപണവുമായി ബിജെപി. വോട്ടർ തട്ടിപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപി ഒത്തുകളിക്കുന്നു എന്ന കോൺഗ്രസിൻ്റെ ആരോപണത്തിന് മറുപടിയായാണ് ഇത്തരമൊരു ആക്ഷേപം ഉയർത്തിയിട്ടുള്ളത്. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധി 1980 മുതൽ 1982 വരെയുള്ള കാലഘട്ടത്തിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നുവെന്നും, അവർക്ക് 1983-ലാണ് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു.

ബിജെപി നേതാവ് അമിത് മാളവ്യ നേരത്തെ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ 1980-ലെ വോട്ടർ പട്ടികയുടെ പകർപ്പ് എന്ന പേരിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. "ഇതൊരു തെരഞ്ഞെടുപ്പ് തട്ടിപ്പല്ലെങ്കിൽ പിന്നെന്താണ്?" എന്നും അദ്ദേഹം ചോദിച്ചു. 1968-ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുമ്പോൾ 1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്തതാണെന്നും മാളവ്യ ആരോപിച്ചു.

ഒരു ഇന്ത്യൻ പൗരന് മാത്രമേ വോട്ടർ ആകാൻ സാധിക്കൂ എന്ന നിയമത്തിൻ്റെ വ്യക്തമായ ലംഘനമായിരുന്നു ഈ നടപടി. പിന്നീട് 1982-ൽ പ്രതിഷേധത്തെ തുടർന്ന് അവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിക്കുന്നു. 1983-ൽ ഇന്ത്യൻ പൗരത്വം നേടിയതിന് ശേഷം വീണ്ടും പേര് വോട്ടർ പട്ടികയിൽ ചേർത്തതും തട്ടിപ്പാണെന്ന് മാളവ്യ ആരോപിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് ജനുവരി ഒന്നിന് മുമ്പായിരിക്കണം, എന്നാൽ സോണിയക്ക് പൗരത്വം ലഭിച്ചത് ഏപ്രിലിൽ ആയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനുരാഗ് താക്കൂർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ചു. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലും കർണാടകയിലും നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടർ തട്ടിപ്പുകളെക്കുറിച്ചുള്ള രാഹുലിൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും താക്കൂർ ആരോപിച്ചു.

കോൺഗ്രസിൻ്റെ പ്രതികരണം

അമിത് മാളവ്യയുടെ ആരോപണങ്ങളോട് പ്രതികരിച്ച കോൺഗ്രസ്, നിലവിലെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് തിരിച്ചടിച്ചത്. "ഇന്നത്തെ ചോദ്യങ്ങൾ ഒഴിവാക്കാൻ, 45 വർഷം പഴക്കമുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ബിജെപി ഉയർത്തുന്നു, ഇത് അനാവശ്യമാണ്" എന്നും കോൺഗ്രസ് വൃത്തങ്ങൾ എൻഡിടിവിയോട് പ്രതികരിച്ചു. അനുരാഗ് താക്കൂറിൻ്റെ ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കർണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ടർ തട്ടിപ്പ് ആരോപണങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്നാണ് ഈ തട്ടിപ്പുകൾ നടത്തിയതെന്നും ലക്ഷക്കണക്കിന് വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. ബെംഗളൂരുവിലെ മഹാദേവപുരയിൽ ഒരു മുറിയിലുള്ള വീട്ടിൽ നിന്ന് 80 വോട്ടുകൾ ഉൾപ്പെടെ 1.02 ലക്ഷം അനധികൃത വോട്ടുകൾ എണ്ണിയെന്നും ഇത് തങ്ങൾക്ക് ഒരു ലോക്സഭാ സീറ്റ് നഷ്ടപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ