'എനിക്ക് ശ്വാസം മുട്ടുന്നു', വംശീയവെറിക്ക് എതിരെ അമേരിക്കയിൽ കലാപം ആളിപ്പടരുന്നു

By Web TeamFirst Published May 30, 2020, 9:08 PM IST
Highlights

മുപ്പതോളം അമേരിക്കൻ നഗരങ്ങൾ കലാപാഗ്നിയ്ക്ക് നടുവിലാണ്. വൈറ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധക്കാരും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിവിധയിടങ്ങളിലെ വെടിവെപ്പുകളിൽ ഒരു പ്രതിഷേധക്കാരനും ഒരു പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിനിയാപോളിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരനെ പൊലീസുദ്യോഗസ്ഥൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിൽ അമേരിക്കയിൽ പ്രതിഷേധപ്രകടനങ്ങളും കലാപവും ആളിപ്പടരുന്നു. വിവിധ സ്റ്റേറ്റുകളിലായി മുപ്പതോളം അമേരിക്കൻ നഗരങ്ങളിപ്പോൾ കലാപാഗ്നിയ്ക്ക് നടുവിലാണ്. വൈറ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധക്കാരും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിവിധയിടങ്ങളിലെ വെടിവെപ്പുകളിൽ ഒരു പ്രതിഷേധക്കാരനും ഒരു പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പലയിടങ്ങളിലും പൊലീസ് സേനയെ കാണാനില്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നത്. ഫ്ലോയ്ഡിനെ കഴുത്തുഞെരിച്ച് കൊന്ന ഡെറക് ഷോവിൻ എന്ന ഉദ്യോഗസ്ഥനെതിരെ കൊലപാതകക്കുറ്റം ചുമത്താത്തതിലും പ്രതിഷേധം കത്തുകയാണ്. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യ മാത്രമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.  

ജോർജ് ഫ്ലോയ്‍ഡിന്‍റെ അവസാനനിമിഷങ്ങൾ (Note: Graphic Content, Viewer Discretion Advised, ദൃശ്യങ്ങൾ അസ്വസ്ഥതയുളവാക്കുന്നതാണ്)

മിന്നസോട്ട സ്റ്റേറ്റിലെ മിനിയാപോളിസിനെ പൊലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ കത്തിച്ചു. കെട്ടിടം പൊളിഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ ഭീതിയോടെയാണ് ലോകം കണ്ടുനിന്നത്. മിനിയാപോളിസിൽ മാത്രമല്ല, മിന്നസോട്ടയിലാകെ ഗവർണർ ടിം വാൽസ് കർഫ്യൂവും നിരോധനാ‍ജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. ദയവ് ചെയ്ത് സമാധാനം പാലിക്കണമെന്നും, ജോർജ് ഫ്ലോയ്ഡിന് എതിരായ ആക്രമണത്തിൽ കർശനനടപടികൾ തന്നെ ഉറപ്പ് നൽകുന്നുവെന്നും ഗവർണർ പറഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. കലാപം കൂടുതൽ പ്രദേശങ്ങളിലേക്ക് ആളിപ്പടരുകയാണ്.

കത്തിക്കപ്പെട്ട പൊലീസ് സ്റ്റേഷന് സമീപത്തും കർഫ്യൂ ലംഘിച്ച് നൂറുകണക്കിനാളുകളാണ് ഇപ്പോഴും തടിച്ചുകൂടുന്നത്. ''ഒരു തലമുറയെന്ന നിലയ്ക്ക് ഞങ്ങൾക്ക് ഇത്തരം വംശീയ അക്രമങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന ബോധ്യമുണ്ട്. ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്. അതിനാണ് പ്രതിഷേധിക്കുന്നത്'', എന്ന് മിനിയാപോളിസിൽ പ്രതിഷേധിക്കുന്ന 25-കാരനും, കറുത്തവർഗക്കാരനുമായ പോൾ സെൽമാൻ സിഎൻഎന്നിനോട് പറയുന്നു. 

ബ്രൂക്ക്‍ലിനിൽ നടന്ന വൻ പ്രതിഷേധപ്രകടനത്തിൽ അണിനിരന്ന ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കൂട്ടത്തോടെ ബസ്സുകളിൽ കയറ്റി ആളുകളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു പൊലീസ്. ഹിപ്ഹോപ് പാട്ടുകളുമായി റയട്ട് തോക്കുകളുമായി നിൽക്കുന്ന പൊലീസുകാരെ നേരിടുന്ന ജനങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമാകുന്നു. പൊലീസിന് നേരെ പലയിടങ്ങളിലും കുപ്പികളിൽ തീ കത്തിച്ച് എറിയുകയും മറ്റും ചെയ്തത് പൊലീസുകാർ ലാത്തികളുമായാണ് നേരിട്ടത്. 

ഇതിനകം കാട്ടുതീ പോലെ അമേരിക്കയിൽ ആളിപ്പടർന്ന ''എനിക്ക് ശ്വാസംമുട്ടുന്നു'', എന്ന മുദ്രാവാക്യങ്ങളുമായി ലോവർ മാൻഹട്ടനിലും ആയിരങ്ങൾ തെരുവിലാണ്. ഇവിടെ വച്ചാണ് 2014-ൽ എറിക് ഗാർനർ എന്ന മറ്റൊരു കറുത്തവർഗക്കാരൻ സിറ്റി പൊലീസുദ്യോഗസ്ഥന്‍റെ അതിക്രമത്തിൽ കൊല്ലപ്പെട്ടത്.

അറ്റ്‍ലാന്‍റയിൽ നടന്ന പ്രതിഷേധപ്രകടനം വൻ അക്രമത്തിലേക്കാണ് വഴിമാറിയത്. അറ്റ്‍ലാന്‍റയിൽ സിഎൻഎൻ ചാനൽ ആസ്ഥാനത്തിന് നേരെ പ്രതിഷേധക്കാർ ചെറുബോംബെറിഞ്ഞു. ചില്ലുകൾ തകർത്തു. പ്രതിഷേധപ്രകടനങ്ങൾക്കെതിരെ വാർത്ത നൽകിയെന്നാരോപിച്ചായിരുന്നു അക്രമം. അറ്റ്‍ലാന്‍റയിൽ പൊലീസ് വാഹനമുൾപ്പടെ നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. 

ഓട്ടോമൊബൈൽ വ്യവസായനഗരം കൂടിയായ ഡിട്രോയിൽ വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധക്കാരും ഇതിനെതിരെയുള്ളവരും തമ്മിലുള്ള സംഘർഷത്തിൽ ഒരു പത്തൊമ്പതുകാരൻ വെടിയേറ്റ് മരിച്ചത്. പ്രതിഷേധത്തിനെതിരെ നിലകൊള്ളുന്ന സംഘടനകളിൽ പ്രവർത്തിക്കുന്നയാളാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. അജ്ഞാതൻ ഒരു എസ്‍യുവി വാഹനത്തിൽ പ്രതിഷേധക്കാർക്ക് ഇടയിലേക്ക് ഇരമ്പിയെത്തി വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. പൊലീസ് പരിസരങ്ങളിലെങ്ങുമുണ്ടായിരുന്നില്ല. ആയിരക്കണക്കിന് പേരാണ് ''പൊലീസ് അതിക്രമത്തിന് എതിരായ പ്രതിഷേധറാലി''യുടെ ഭാഗമായി തെരുവിലിറങ്ങിയത്. ''നീതിയില്ലേ? എങ്കി സമാധാനവുമില്ല'' (No Justice, No Peace) എന്ന് പ്രതിഷേധക്കാർ ആവർത്തിച്ച് മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. ''എല്ലാവർക്കും ശ്വാസംമുട്ടാത്ത കാലത്തോളം പ്രതിഷേധത്തീ അണയില്ല'', എന്ന് മറ്റുചില പ്രതിഷേധപ്ലക്കാർഡുകൾ.

കൊവിഡ് രോഗവ്യാപനം കാട്ടുതീ പോലെ പടരുന്നതിനിടയിലാണ് അമേരിക്കയിൽ പ്രതിഷേധത്തീയും ആളിപ്പടരുന്നത് എന്നതാണ് ശ്രദ്ധേയം. ട്വിറ്ററിനെ നിയന്ത്രിക്കാനും, ഇന്ത്യ- ചൈന അതിർത്തിത്തർക്കത്തിൽ മാധ്യസ്ഥം വഹിക്കാനും തയ്യാറാണെന്ന് ഉടനടി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയാകട്ടെ, ഈ വിഷയത്തിൽ പ്രതികരിക്കാൻ കാണുന്നുമില്ല. ജോർജ് ഫ്ലോയ്‍ഡിനെച്ചൊല്ലിയല്ല, വൈറ്റ് ഹൗസിന് മുന്നിലെ പ്രതിഷേധങ്ങളെന്ന പ്രസ്താവന മാത്രം. 

click me!