
തൊഴിലിന്‍റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ലോകമെങ്ങും മെയ് ദിനം ആചരിക്കുന്നത്. 20 മണിക്കൂര്‍ വരെ ജോലിയും തുച്ഛമായ വേതനവുമുള്ള ദുരിത ജീവിതത്തില്‍ നിന്ന് കരകയറാന്‍ സംഘടിച്ചതിന്‍റെ ഓർമ പുതുക്കൽ. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന അവകാശം ചോര ചിന്തി പൊരുതി നേടുകയായിരുന്നു.
തൊഴിലാളികളുടെ അവകാശ പോരാട്ടത്തിനിടെ 1886ല്‍ ചിക്കാഗോയില്‍ കൊല്ലപ്പെട്ടവരുടെ സ്മരണ പുതുക്കൽ കൂടിയാണ് ഓരോ മെയ് ദിനവും. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനത്തിനായുള്ള മുദ്രാവാക്യം മുഴങ്ങിയ കാലമാണ് 19ആം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങള്‍. എട്ട് മണിക്കൂറിൽ കൂടുതൽ തൊഴിൽ ചെയ്യില്ലെന്ന് തൊഴിലാളികൾ തീരുമാനിച്ചു. അങ്ങനെയാണ് 1886 മെയ് ഒന്നിന് അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍ എന്ന സംഘടനയുടെ നേതൃത്വത്തിൽ ചിക്കാഗോയിൽ എണ്‍പതിനായിരത്തിലധികം തൊഴിലാളികള്‍ ഒത്തുകൂടിയത്. അന്ന് പൊലീസ് വെടിവെപ്പിൽ നാല് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
വെടിവെപ്പില്‍ പ്രതിഷേധിക്കാന്‍ മെയ് 4ന് തൊഴിലാളികള്‍ ഹേ മാര്‍ക്കറ്റ് ജങ്ഷനില്‍ ഒത്തുകൂടി. ആ യോഗത്തിലേക്ക് പൊലീസെത്തി പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പൊട്ടിത്തെറിയുണ്ടായി. ഇതോടെ പൊലീസ് തൊഴിലാളികള്‍ക്ക് നേരെ വെടിവയ്പ്പ് തുടങ്ങി. അന്ന് എത്ര തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന കണക്ക് ലഭ്യമല്ല. ഏഴ് പൊലീസുകാർ കൊല്ലപ്പെട്ട ഹേ മാര്‍ക്കറ്റ് സംഭവത്തിന്റെ പേരില്‍ നാല് തൊഴിലാളി നേതാക്കളെയാണ് തൂക്കിക്കൊന്നത്.
1889 ജൂലൈ 14ന് ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനായി പാരീസില്‍ സംഘടിപ്പിക്കപ്പെട്ട ലോക തൊഴിലാളി കോണ്‍ഗ്രസ്സിലാണ് മെയ് 1 തൊഴിലാളി ദിനമായി ആചരിക്കാനുള്ള നിര്‍ദേശം ഉയരുന്നത്. 1892ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടത്തിയ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തിലാണ് മെയ് 1 ലോകതൊഴിലാളി ദിനമായി പ്രമേയത്തിലൂടെ അംഗീകരിക്കപ്പെട്ടത്. തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിർത്തിവെക്കണമെന്നുള്ള പ്രമേയം പാസ്സാക്കിയത് 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്.
തൊഴില്‍ സമയം, ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍ എന്നിവയെല്ലാം തൊഴിലാളികള്‍ പൊരുതി നേടിയതാണ്. നീണ്ട കാലത്തെ പോരാട്ടങ്ങളിലൂടെ പീഡനങ്ങളെ അതിജീവിച്ച് അവകാശങ്ങള്‍ നേടിയെടുത്തതിന്റെ സ്മരണയിലാണ് സര്‍വ രാജ്യ തൊഴിലാളികള്‍ മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam