കശ്മീരിലേക്ക് അന്വേഷണക്കമ്മീഷൻ വരണമെന്ന് പാകിസ്ഥാൻ, യുഎന്നിൽ ഇന്ത്യയുടെ മറുപടി ഉടൻ

By Web TeamFirst Published Sep 10, 2019, 5:39 PM IST
Highlights

ജനീവയിൽ നടക്കുന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഷാ മഹ്മൂദ് ഖുറേഷി കശ്മീരിനെ വിശേഷിപ്പിച്ചത് 'ഇന്ത്യൻ സംസ്ഥാന'മെന്നാണ്. 

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ വിഷയം ഉന്നയിച്ചുകൊണ്ടുള്ള പാക് പ്രമേയത്തിന് ഇന്ത്യയുടെ മറുപടി വൈകിട്ട് ആറ് മണിക്ക്. കശ്മീരിനെക്കുറിച്ച് കൗൺസിലിൽ സംസാരിച്ച പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇന്ത്യക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. പക്ഷേ പ്രസംഗത്തിനൊടുവിൽ മാധ്യമങ്ങളെ കണ്ട ഖുറേഷി കശ്മീരിനെ വിശേഷിപ്പിച്ചത് ''ഇന്ത്യൻ സംസ്ഥാനം'' എന്നാണ്. 

വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂർ സിംഗും പാകിസ്ഥാൻ പുറത്താക്കിയ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയും ഉൾപ്പടെയുള്ള ഉന്നതതല സംഘമാണ് യുഎൻ മനുഷ്യാവകാശകൗൺസിലിൽ പങ്കെടുക്കുന്നത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും, ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണെന്നുമാണ് ഷാ മഹ്മൂദ് ഖുറേഷി കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ പറ‌ഞ്ഞത്. തീവ്രവാദത്തെ അടിച്ചമർത്താനെന്ന പേരിൽ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണെന്നും ഖുറേഷി ആരോപിച്ചു. 

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിലവിൽ 47 അംഗങ്ങളാണുള്ളത്. ഏഷ്യാ - പസിഫിക് എന്ന ഗ്രൂപ്പിലാണ് ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനുമുള്ളത്. കൗൺസിലിൽ ഇന്ത്യക്ക് 2021 വരെ അംഗത്വമുണ്ട്. പാകിസ്ഥാന്‍റെ അംഗത്വം 2020-ൽ അവസാനിക്കും.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പാക് വിദേശകാര്യമന്ത്രിയുടെ പ്രസംഗം നടക്കവെ, പുറത്ത് പാകിസ്ഥാനെതിരെ സിന്ധ് വംശജർ പ്രതിഷേധിച്ചു. സിന്ധ് മേഖലയിൽ സിന്ധികൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

: Pakistan Foreign Minister Shah Mehmood Qureshi mentions Kashmir as “Indian State of Jammu and Kashmir” in Geneva pic.twitter.com/kCc3VDzVuN

— ANI (@ANI)

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ അധ്യക്ഷൻ മിഷേൽ ബാച്ചലെ പറഞ്ഞതിന് പിന്നാലെയാണ് ഇന്ന് കശ്മീർ വിഷയം മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാൻ ഉന്നയിക്കുന്നത്. ഇന്ത്യ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ബാച്ചലെ ആവശ്യപ്പെട്ടിരുന്നു. 

ഇന്ത്യയുടെ മറുപടി എങ്ങനെയാകും?

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ആഭ്യന്തരവിഷയം മാത്രമാണെന്ന് തന്നെ ഊന്നിപ്പറഞ്ഞുകൊണ്ടാകും ഇന്ത്യയുടെ മറുപടി. നിലവിൽ ഇന്‍റർനെറ്റ്, ടെലിഫോൺ ബന്ധം വിച്ഛേദിച്ചതും, സഞ്ചാരസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതടക്കമുള്ളവയിൽ ഇളവുകൾ വരുത്തുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കും. 

പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ കശ്മീർ താഴ്‍വരയിൽ അക്രമം അഴിച്ചുവിടാൻ കാത്തിരിക്കുകയാണെന്നും, കശ്മീരിലെ യുവാക്കളെ സ്വാധീനിച്ച് സ്വപക്ഷത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടും. 370 അനുച്ഛേദം നിലനിന്ന കാലത്ത് കേന്ദ്രപദ്ധതികളൊന്നും കശ്മീരിൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇതിലൂടെ, ഇന്ത്യയുടെ അവിഭാജ്യഘടകമായി മാറുന്ന കശ്മീരിന് രാജ്യത്തെ മറ്റേത് സംസ്ഥാനത്തെയും പോലെ അവകാശങ്ങൾ ലഭിക്കുമെന്നും ഇന്ത്യ വ്യക്തമാക്കും. 

click me!