
വാൽ അറ്റ നിലയിൽ നിസ്സഹായനായി കടലിൽ നീന്തുന്ന കുട്ടി തിമിംഗത്തിന്റെ കരളലിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രാഫറായ ഫ്രാന്‍സിസ് പെറസ് ആണ് കാനറി ദ്വീപിന്‍റെ സമീപത്തുനിന്ന് കുട്ടി തിമിംഗലത്തിന്‍റെ ചിത്രങ്ങൾ പകർത്തിയത്. ക്രിസ്റ്റീന മിറ്റര്‍മീയര്‍ എന്ന സമുദ്രഗവേഷകയാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
ജൂണ്‍ 13-ന് ചിത്രങ്ങൾ ചിത്രം ഞെട്ടലോടെയാണ് ലോകം കണ്ടത്. കടലിനടിയിലെ ചിത്രങ്ങൾ പകർത്തുന്നതിനിടയിലാണ് വാൽ അറ്റ് പോയതിനാൽ നീന്താൻ കഷ്ടപ്പെടുന്ന തിമിംഗലം ഫ്രാന്‍സിസ് പെറസിന്റെ ക്യാമറയിൽ പതിഞ്ഞത്. പിന്നീട് അതിനെ പിടികൂടി മറൈൻ ബയോളജിസ്റ്റിന്റെയും മൃഗ ഡോക്ടറുടേയും സഹായത്തോടെ ചികിത്സിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ വേദനയില്ലാതെ മരിക്കുന്നതിനായി തിമിംഗലത്തിന് ഡോക്ടർമാർ ബോധം കെടുത്താനുള്ള മരുന്ന് കുത്തിവച്ചതായി ഫ്രാന്‍സിസ് പെറസ് പറഞ്ഞു.
സ്രാവിന്റെ കടിയേറ്റാണ് വാലിന്റെ അറ്റം മുറിഞ്ഞതെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ബോട്ടിന്റെ പ്രൊപ്പല്ലര്‍ തട്ടിയാണ് വാൽ മുറിഞ്ഞ് അറ്റം അടർന്നുപോയതെന്ന് കണ്ടെത്തി. പൈലറ്റ് വെയ്ൽ വിഭാഗത്തിൽ പെട്ട തിമിംഗലമാണ് അപകടത്തിൽ പെട്ടത്. പ്രത്യേക സംരക്ഷണം നൽകുന്ന ടേണോ-റസ്ക്ക മേഖലയിൽനിന്നും കാനറി ദ്വീപിലെത്തിയതാകാം തിമിംഗലമെന്നും പെറസ് വ്യക്തമാക്കി.
വേദന കടിച്ച് പിടിച്ച് നീന്തുന്ന തിമിംഗലത്തിന്‍റെ ശബ്ദം ഫ്രാന്‍സിസ് പെറസും സംഘവും മാത്രമേ കേട്ടിരുന്നുള്ളു. അതികഠിനമായ വേദനിലൂടെ കടന്നു പോകുന്ന ആ കുട്ടി തിമിംഗലത്തെ രക്ഷപ്പെടുത്താൻ പെറസും മറൈൻ ബയോളജിസ്റ്റും മൃഗ ഡോക്ടറും ചേർന്ന് കഠിനപരിശ്രമമാണ് നടത്തിയത്. തിമിംഗലത്തിന് ചികിത്സ നല്‍കുകയെന്നത് സാധ്യമല്ലായിരുന്നു. തിമിംഗലത്തിന്‍റെ വേദന കുറയ്ക്കാനോ ആയുസ്സ് നീട്ടാനോ ചികിത്സയിലൂടെ സാധ്യമായിരുന്നില്ല. ഒടുവിൽ രക്ഷപ്പെടുത്താൻ ഒരുവഴിയുമില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ഡോക്ടർമാർ തിമിംഗലത്തെ ദയാവധത്തിന് വിധേയമാക്കാന്‍ തീരുമാനിച്ചതെന്നും ക്രിസ്റ്റീന തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam