Latest Videos

ലഡാക്ക് സംഘർഷത്തിന്റെ പരിണിത ഫലങ്ങൾ

By Web TeamFirst Published Jun 14, 2021, 2:11 PM IST
Highlights

അതിർത്തിയിൽ നമുക്ക് പൊരുതാനുള്ളത് ചൈനയോട് മാത്രമല്ല, അവരുമായി സജീവമായ അന്തർധാര നിലനിർത്തുന്ന പാകിസ്താനോട് കൂടിയാണ്. 

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതുന്നു 

രണ്ടാഴ്ച മുമ്പ് ലഡാക്കിലെ സംഘർഷങ്ങളെ അവലോകനം ചെയ്തുകൊണ്ട് പ്രസിദ്ധപ്പെടുത്തപ്പെട്ട എന്റെ ലേഖനത്തിന്റെ തുടർച്ചയെന്നോണം, അന്നത്തെ സംഘർഷങ്ങളിലേക്ക് കാര്യങ്ങളെ നയിച്ചതും,  അതിൽ നിന്ന് പുതുതായി ഉരുത്തിരിഞ്ഞു വന്നതുമായ ജിയോ-പൊളിറ്റിക്കൽ പ്രശ്നങ്ങളെക്കൂടി വിശകലനം ചെയ്യേണ്ടതുണ്ട് എന്ന് കരുതുന്നു. ലഡാക്കിൽ ഭാഗികമായ സൈനിക പിന്മാറ്റങ്ങൾ ഉണ്ടായി എങ്കിലും സംഘർഷാവസ്ഥയ്ക്ക് തെല്ലും അയവുണ്ടായിട്ടില്ല. ലഡാക്കിനെ നമുക്ക് വേണമെങ്കിൽ ലോകത്തിന്റെ മേൽക്കൂര എന്നൊക്കെ ആലങ്കാരികമായി വിളിക്കാമെങ്കിലും, അവിടെ ഉടലെടുത്തിട്ടുള്ള പ്രക്ഷുബ്ധത ലോകമെമ്പാടുമുള്ള സമതലങ്ങളിലേക്കും, സമുദ്രങ്ങളിലേക്കും വ്യാപിക്കാനും മാത്രം ശക്തിയുള്ള ഒന്നാണ്. 

ചൈന ഏറെ നിർണായകമെന്നു കരുതുന്ന ടിബറ്റിനോടും സിൻജിയാങ്ങിനോടുമുള്ള ലഡാക്കിന്റെ സാമീപ്യം,  അതുപോലെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മാർഗ്ഗത്തേക്കാൾ സുരക്ഷിതമായി ഇന്ത്യൻ മഹാസമുദ്രവുമായി കരമാർഗം ചെന്നുചേരാനുള്ള സൗകര്യം, അതൊക്കെയും ഈ പ്രദേശത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ വടക്കൻ പർവതപ്രദേശങ്ങൾ, വിശിഷ്യാ അതിന്റെ തുമ്പത്തിരിക്കുന്ന ലഡാക്ക് ഇന്ത്യയുടെ സമതലങ്ങളിൽ നിന്ന് ഒരു പരിധിവരെ ഒറ്റപ്പെട്ടതാണ് എന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ട്. ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്താൻ വേണ്ടി ഒരു ബലപ്രയോഗം നടത്തണം എന്നുണ്ടെങ്കിൽ, ഏറ്റവും അനുയോജ്യമായ ഇടമായിട്ടാണ് ചൈന ലഡാക്കിനെ കാണുന്നത്. എന്നിരുന്നാലും, വടക്കൻ പർവതങ്ങൾക്ക് ഇന്ത്യൻ മഹാസമുദ്രവുമായി ഒരു നേർബന്ധമുണ്ട്. വടക്ക്, പർവത ശിഖരങ്ങളിൽ ചൈനയ്ക്ക് ഇന്ത്യയെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ സാധിച്ചേക്കാം. എന്നാൽ, ചൈനയുടെ സാമ്പത്തികാരോഗ്യത്തിന്റെ അവിഭാജ്യ ഘടകം എന്നത്  ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള എണ്ണകപ്പലുകളുടെയും ലോകമെമ്പാടുമുള്ള വിവിധ വിപണികളിലേക്ക് പൂർത്തിയായ ഉൽ‌പന്നങ്ങൾ വഹിച്ചുകൊണ്ടുള്ള കണ്ടെയ്നറുകളുടെയും അനുസ്യൂതമായ പ്രയാണമാണ്. അതിന്റെ ഗതിയിന്മേൽ വേണമെങ്കിൽ, ഇന്ത്യക്ക് സ്വാധീനം ചെലുത്താനാകും എന്ന ബോധ്യം,  ചൈനയെ അസ്വസ്ഥമാക്കാൻ പോന്നതാണ്. 

ഇന്ത്യയുടെ സുരക്ഷാ പദ്ധതികൾ മിക്കതും കര കേന്ദ്രീകരിച്ചുള്ളതാണ് എങ്കിലും, നമ്മുടെ യഥാർത്ഥ മുൻതൂക്കം ഇന്ത്യൻ മഹാസമുദ്രത്തിനുമേൽ നമുക്ക് കൈവരിക്കാൻ കഴിയുന്ന നിയന്ത്രണ ശേഷി തന്നെയാണ്. അത് ബെയ്ജിങിന് നല്ല നിശ്ചയമുള്ള ഒരു കാര്യമാണ്. സ്വന്തം നാവികസേനയെക്കുറിച്ചും വേണമെങ്കിൽ തിരിച്ചടിക്കാനുള്ള അതിന്റെ ശേഷിയെക്കുറിച്ചും ഉള്ള ഇന്ത്യക്കുള്ള ആത്മവിശ്വാസം തുലോം തുച്ഛമാണ്. ഇന്ത്യൻ നാവികസേനയ്ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടെന്നല്ല ആ പറഞ്ഞതിനർത്ഥം, നമ്മുടെ നയതന്ത്ര സമൂഹത്തിനു പൊതുവെ അത് ഒരല്പം പിന്നാക്കമാണ്.   ലോകം മുഴുവൻ ജിയോ പൊളിറ്റിക്കൽ സാദ്ധ്യതകൾ പുനഃ പരിശോധിക്കുമ്പോൾ, അമേരിക്ക അടക്കം ഇൻഡോ പസിഫിക് പ്രവിശ്യയിലെ തങ്ങളുടെ സൈനികതാത്പര്യങ്ങൾ പുനർവിചിന്തനത്തിനു വിധേയമാക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ, പ്രസ്തുത മനോഭാവം അടിയന്തരമായി മാറേണ്ടതുണ്ട്.


മധ്യപൂർവേഷ്യയിൽ നിന്ന് ഇന്തോ-പസഫിക്കിലേക്ക് സമുദ്രത്തിലെ സൈനിക സാന്നിധ്യത്തിന്റെ ഫോക്കസ് മാറ്റുന്നതുൾപ്പെടെയുള്ള പുനഃക്രമീകരണങ്ങളെപ്പറ്റിയാണ് അമേരിക്ക നിലവിൽ ചിന്തിക്കുന്നത്. ഈ സാഹചര്യത്തിൽ, ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പരസ്പര നേട്ടത്തിനായി യുഎസുമായി വിവിധ സുരക്ഷാ ഉടമ്പടികൾ ഇതിനകം ഒപ്പിട്ടുകഴിഞ്ഞു. നിലവിൽ, യുഎസിന്റെ ഒരേയൊരു പ്രധാന പ്രതിരോധ പങ്കാളി ഇന്ത്യയാണ്. ഇന്തോ-പസഫിക് പ്രതിരോധ മെട്രിക്സിന്റെ ഭാഗമാവുമ്പോഴും, ഇന്ത്യ തന്ത്രപരമായ സ്വയംഭരണാധികാരം നിലനിർത്തുന്നുണ്ട്. കിഴക്കിന്റെ നാറ്റോ, എന്നറിയപ്പെടുന്ന 'ക്വാഡ്'(QUAD)ന്റെ ഭാഗമാവാനുള്ള പരിശ്രമം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ട്. ഇതുവരെ ശ്രദ്ധമുഴുവൻ മധ്യപൂർവേഷ്യയിലേക്കും, അഫ്ഗാനിസ്ഥാനില്ക്കും ആയിരുന്നപ്പോൾ, ചൈന ഇന്ത്യയിൽ നിന്നുള്ള ഭീഷണി തിരിച്ചറിഞ്ഞില്ല എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാൽ, അടുത്ത കാലത്തായി, ഇന്തോ-യുഎസ് ബന്ധങ്ങൾ സാമൂഹിക-സാമ്പത്തിക രംഗത്തിനും ഉപരിയായി തന്ത്രപരമായ കാര്യങ്ങയിലേക്ക് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അമേരിക്കയുമായി ഒരു സ്ട്രാറ്റജിക് ബന്ധം സ്ഥാപിക്കാൻ ഇന്ത്യ വിമുഖത കാണിക്കുകയും, അതേസമയം റഷ്യയും ചൈനയുമായി ഊഷ്മളമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നിടത്തോളം ചൈനയ്ക്ക് ആകുലതകൾ ഏതുമില്ലായിരുന്നു. ഇന്തോ-യുഎസ്-ജപ്പാൻ ചർച്ചകൾ, സമുദ്രങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള  കൃത്യമായ ധാരണയിലേക്ക് വഴിമാറുമോ എന്ന ഭയമാണ് ഇന്ന് ചൈനയെ വല്ലാതെ അലട്ടുന്നത്.  ക്വാഡിന്റെ കാര്യത്തിൽ നേരത്തെ വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതുപോലെ,  ഓസ്‌ട്രേലിയയുമായുള്ള സൈനികസഹകരണവും അത്ര പെട്ടെന്നൊന്നും ഉണ്ടാവാനിടയില്ല എന്നും ചൈനയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 2017 -ൽ ഡോക്ലാം സംഘർഷം ഉണ്ടായപ്പോൾ തന്നെ ചൈനക്കു കാര്യമായ അവ്യക്തത ഉണ്ടായിരുന്നു. തങ്ങൾക്കു സംഭവിച്ച നയതന്ത്രപാളിച്ച എങ്ങനെ കൈകാര്യം ചെയ്യണം അതിന്റെ തന്ത്രപരമായ വീഴ്ച എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പില്ലെങ്കിലും ഇന്ത്യയുടെ ക്രമേണ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസം അത് തിരിച്ചറിഞ്ഞു.


ഒരു സൂപ്പർ പവർ എന്ന ഉയരത്തിലേക്കുള്ള തങ്ങളുടെ മുന്നേറ്റത്തിന്റെ വേഗം കൂട്ടുക എന്ന തങ്ങളുടെ കുറേക്കൂടി വിശാലമായ ഉദ്ദേശ്യത്തെക്കുറിച്ച് ലോകത്തെ അറിയിക്കാൻ വഴി തിരഞ്ഞെടുക്കുമ്പോൾ, ചൈനയുടെ സമീപനം തികച്ചും പ്രായോഗികമായിരുന്നു. പസഫിക് പ്രവിശ്യയിലെ മറ്റു രാജ്യങ്ങൾക്കെതിരെ ‘Wolf Warrior' ഡിപ്ലോമസി എന്നതായിരുന്നു. കാരണം, മറ്റു രാജ്യങ്ങൾക്കെതിരായി സൈനിക പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ പേരിൽ യുഎസുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് കാര്യങ്ങളെ നയിച്ചേക്കാം അതേസമയം, ഇന്ത്യയുമായി കോർത്താലും അത്, യുഎസിന്റെ പരോക്ഷമായ ഇടപെടൽ മാത്രമേ അതുണ്ടാക്കൂ. ഹിമാലയസാനുക്കളിൽ ഇന്ത്യക്ക്  തീർത്തും ഒറ്റപ്പെട്ട ഒരു അവസ്ഥയാണുള്ളത് എന്നും, പാകിസ്ഥാനുമായി രഹസ്യധാരണയുണ്ടാക്കി ഇന്ത്യയെ സമർദ്ദത്തിലാക്കിയാൽ, ആ തർക്കത്തിൽ അത്ര എളുപ്പത്തിൽ മറ്റു ലോക ശക്തികൾ ഒന്നും തന്നെ നേരിട്ട് ഇടപെടില്ല എന്നും ചൈന തിരിച്ചറിഞ്ഞിട്ടുണ്ട്.  അതുകൊണ്ടുതന്നെ, വലിയൊരു സംഘട്ടന സാധ്യത താരതമ്യേന കുറവാണ് എന്നും അവർക്ക് മനസ്സിലായി. അങ്ങനെ ഒരു സംഘർഷം ഉണ്ടാവുന്ന സാഹചര്യം വന്നാൽ തന്നെ വിഷയത്തെ ലഘൂകരിക്കാൻ വേണ്ടിപ്പോലും മറ്റൊരു രാജ്യവും ഇടപെടലുമായി മുന്നോട്ടുവരാണ് സാധ്യത തുലോം തുച്ഛമാണ്. ക്വാഡിനും അതിലൂടെ ഉണ്ടായിവരാണ് സാധ്യതയുള്ള ക്വാഡ് രാഷ്ട്രങ്ങൾക്കും ഒന്നും ഹിമാലയത്തിലെ സംഘർഷങ്ങളിൽ താത്പര്യമില്ല. അവർക്ക് ചിന്തയുള്ളത് ഇന്ത്യൻ മഹാസമുദ്രത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമാണ്. 

കൊവിഡ് മഹാമാരിയെ  ചൈന മനഃപൂർവം സൃഷ്‌ടിച്ച ഒരു വിപത്തായി കാണാതെ തന്നെ, കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്‌ട്രേലിയയ്‌ക്കെതിരെയും ചൈന സൃഷ്ടിക്കുന്ന തുടർച്ചയായ പ്രകോപനങ്ങൾ, 2020 ൽ അവരുടെ 'Wolf Warrior' ഡിപ്ലോമസിയുടെ ലക്ഷണമായി വായിച്ചെടുക്കാവുന്നതാണ്. അപ്രകോപിതമായിത്തന്നെ വാക്പോരുകളിലേക്ക് കടക്കാനുള്ള, വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കാനുള്ള, അഭിമുഖങ്ങളിലും സാമൂഹിക മാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകളിലും നയതന്ത്ര ചർച്ചകളിലുമൊക്കെ മനഃപൂർവം വിവാദാസ്പദമായ പരാമർശങ്ങൾ നടത്താനുള്ള ചൈനയുടെ വർധിച്ചു വരുന്ന ത്വരയെ സൂചിപ്പിക്കാൻ പൊതുവായി ഉപയോഗിച്ചുവരുന്ന ഒരു പദമാണ് 'വുൾഫ് വാറിയർ' ഡിപ്ലോമസി എന്നത്. വേണ്ടത്ര സൈനിക ശേഷി ഇല്ലാത്ത തായ്‌വാനെപ്പോലുള്ള രാജ്യങ്ങൾക്ക് ചൈനയുടെ ഈ തിണ്ണമിടുക്ക് വളരെ ആശങ്കാജനകമായ ഒന്നായിരുന്നു. അതുകൊണ്ട് തങ്ങൾക്ക് ഒരു തരത്തിലുള്ള സുരക്ഷാ ഭീഷണികളും ഉണ്ടാവില്ല എന്ന് ചൈനയ്ക്ക് ഉറപ്പുണ്ട്. എന്നാൽ, ഇപ്പോൾ ഷി ജിൻ‌പിംഗ് ഈ അക്രമോത്സുകമായ നയതന്ത്രത്തിനെതിരെ പ്രതികരിക്കുകയും കുറേക്കൂടി ക്രിയാത്മകമായ രീതിയിൽ നയതന്ത്രജ്ഞർ ഇടപെടണം എന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്തോ പസിഫിക് പ്രവിശ്യയുടെ ഇന്ത്യൻ ഭാഗവുമായി ബന്ധപ്പെട്ട ഷി ജിൻ പിങ്ങിന്റെ ഭാവി നിങ്ങൾ എന്താവും എന്നത് കാത്തിരുന്നു തന്നെ കാണ്ടേണ്ടി വരും.

അമേരിക്കയുടെ ഇന്തോ-പസഫിക് പ്രതിരോധ മെട്രിക്സിൽ ഇന്ത്യ പങ്കു ചേരുന്നത് ചൈനയെ അസ്വസ്ഥമാക്കിയേക്കാം. സമുദ്രാതിർത്തികളിൽ പല ദിശകളിൽ നിന്നുള്ള ആക്രമണങ്ങൾക്ക് വഴിവെക്കുന്ന ഇത്തരമൊരു ഉടമ്പടിയിൽ ചേരുന്നതിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യം വെച്ചാണ് ചൈന   ഇപ്പോൾ പാക്സിതാനുമായി ചേർന്ന് വടക്കൻ അതിർത്തികളിൽ ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന സംഘർഷമെന്ന ഡാമോക്ലിസിന്റെ വാൾ തലക്കുമീതെ തൂക്കിയിട്ട് സമ്മർദ്ദമുണ്ടാക്കാൻ നോക്കുന്നത്. ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, മ്യാൻമർ എന്നിങ്ങനെ ഇന്തയയുടെ സമുദ്രാതിർത്തികളിലും സമാനമായ പ്രകോപനങ്ങൾ ഭാവിയിൽ പ്രതീക്ഷികാം. ക്വാഡിൽ നിർണായക ശക്തിയാകാൻ ഭാവിയിൽ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ നാവിക മേഖലയിൽ നമ്മുടെ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതേസമയം, വടക്കൻ അതിർത്തികളിലും വേണ്ടിവന്നാൽ ഒരു സംഘർഷത്തെ നേരിടാൻ നമ്മൾ തയ്യാറാകണം. കാരണം, അത്തരമൊരു നീക്കം ചൈനയുടെ ഭാഗത്തു നിന്ന് എപ്പോഴുണ്ടാകുമെന്നു പ്രവചിക്കുക സാധ്യമല്ല.

തങ്ങളുടെ രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ചൈന ഏതുനിമിഷമാണ് ഒരു സൈനിക ആക്രമണം നടത്തുക എന്ന് പറയുക അസാധ്യമാണ്. 2020 ഏപ്രിലിൽ പ്രവർത്തിച്ച പോലെ ഒരു മഹാബദ്ധം ഇനിയും ചൈനയുടെ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമുക്ക് മുന്നിലുള്ള വെല്ലുവിളികൾ സുവ്യക്തമാണ്. ക്വാഡിലെ നിർണായക ശക്തിയായി നിലനിൽക്കാൻ ഇന്ത്യക്ക് സാധിക്കണം. അതേ സമയം അതിന്റെ പേരിൽ ചൈന മുന്നോട്ടുവെക്കുന്ന ഏതൊരു സൈനിക നടപടിയെയും നേരിടാനുള്ള ആർജവവും ഇന്ത്യൻ സൈന്യത്തിനും, നമ്മുടെ നയതന്ത്ര പ്രതിനിധികൾക്കും ഉണ്ടാവണം. അതിനു വേണ്ടി എല്ലാ സാധ്യതകളും പരിഗണിച്ചു കൊണ്ടുള്ള ഒരു തയ്യാറെടുപ്പ് നമ്മുടെ പ്രതിരോധസംവിധാനത്തിൽ നിന്നും ഉണ്ടാവേണ്ടതുണ്ട്. കാരണം, അതിർത്തിയിൽ നമുക്ക് പൊരുതാനുള്ളത് ചൈനയോട് മാത്രമല്ല, അവരുമായി സജീവമായ അന്തർധാര നിലനിർത്തുന്ന പാകിസ്താനോട് കൂടിയാണ്. 

click me!