വട്ടിയൂര്‍ക്കാവില്‍ പോരാട്ടം വിഐപി എംഎല്‍എയാവാന്‍: രണ്ടും, മൂന്നും സ്ഥാനങ്ങളും പ്രസക്തം

By Web TeamFirst Published Oct 19, 2019, 5:08 PM IST
Highlights

42 ശതമാനം നായര്‍ വോട്ടുകളുള്ള മണ്ഡലത്തില്‍ എന്‍എസ്എസിനുള്ളത് നിര്‍ണായക സ്വാധീനമാണ്. എന്നാല്‍,രാഷ്ട്രീയച്ചിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനും തുല്യശക്തിയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. രാഷ്ട്രീയത്തിനപ്പുറം ജാതിവോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനംകൂടിയുള്ള മണ്ഡലമാണിത്. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമായിരുന്നപ്പോഴും ജാതിവോട്ടുകളായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കരുത്തേകിയതും വെല്ലുവിളിയായതും. നായര്‍ സമുദായത്തിന് മണ്ഡലത്തിലുള്ള ശക്തിയും ബിജെപിയുടെ വര്‍ധിക്കുന്ന സ്വാധീനവുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വട്ടിയൂര്‍ക്കാവില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫിന് പിന്നില്ലെത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്നാംസ്ഥാനത്തെത്തിയ എൽഡിഎഫ് വോട്ട് നിലയിലും മറ്റ് സ്ഥാനാർത്ഥികളെക്കാളും പിന്നിലായി. ശക്തമായ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ ഇത്തവണ ആര് ജയിക്കുമെന്ന് ഒരുപോലെ ഉറ്റുനോക്കുകയാണ് നേതാക്കളും ജനങ്ങളും.

മണ്ഡലച്ചിത്രം

ഗ്രാമങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഒരു നഗരമണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പണ്ട് തിരുവനന്തപുരം നോര്‍ത്ത് ആയിരുന്ന മണ്ഡലമാണ് 2011-ല്‍ വട്ടിയൂര്‍ക്കാവായി രൂപം മാറിയത്. തലസ്ഥാനനഗരിയിലെ ഈ മണ്ഡലം ഒരുപാട് സവിശേഷതകളും കൗതുകങ്ങളും ശിരസേറ്റിയിട്ടുണ്ട്.

കേരള നിയമസഭയും സെക്രട്ടേറിയറ്റും തിരുവനന്തപുരം നഗരസഭയും സ്ഥിതി ചെയ്യുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. കേരള ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും പ്രതിപക്ഷനേതാവ് താമസിക്കുന്ന കന്‍റോണ്‍മെന്‍റ് ഹൗസും തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ കൊട്ടാരവുമെല്ലാം സ്ഥിതി ചെയ്യുന്നത് വട്ടിയൂര്‍ക്കാവില്‍ തന്നെ.

എംഎല്‍എമാര്‍ താമസിക്കുന്ന നിയമസഭാ ഹോസ്റ്റല്‍ കൂടി ചേര്‍ത്താല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിഐപികള്‍ താമസിക്കുന്ന മണ്ഡലം എന്ന വിശേഷണം വട്ടിയൂര്‍ക്കാവിന് സ്വന്തം. അതിനാല്‍ തന്നെ എംഎല്‍എമാരുടെ എംഎല്‍എ എന്നൊരു വിശേഷണവും വട്ടിയൂര്‍ക്കാവിലെ  എംഎല്‍എയ്ക്കുണ്ട്. തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടികളിലെല്ലാം അധ്യക്ഷനായോ അതിഥിയായോ  വട്ടിയൂര്‍ക്കാവ് എംഎല്‍എ വേദിയിലുണ്ടാവും. അധികാരത്തിലുള്ള പാര്‍ട്ടി ഏതായാലും പ്രോട്ടോകോള്‍ അനുസരിച്ച് വട്ടിയൂര്‍ക്കാവ് എംഎല്‍എയ്ക്ക് വേദിയില്‍ സീറ്റുണ്ടാവും എന്നു ചുരുക്കം.

പതിനാറ് മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവില്‍ തന്നെയാണ് സിപിഎം ആസ്ഥാനമായ എകെജി സെന്‍ററും സ്ഥിതി ചെയ്യുന്നത്. പാർട്ടി ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഈ മണ്ണ് പിടിച്ചെടുക്കുക എന്നത് അതിനാല്‍ തന്നെ സിപിഎമ്മിന് അഭിമാന പ്രശ്നം കൂടിയാണ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ വട്ടിയൂര്‍ക്കാവില്‍ അല്ലെങ്കിലും ഇന്ദിരാഭവന് മുന്നില്‍ നിന്നും പത്തടി നടന്ന് ശാസ്തമംഗലം- വെള്ളയമ്പലം റോഡ് മുറിച്ചു കടന്നാല്‍ വട്ടിയൂര്‍ക്കാവായി. തമ്പാനൂരിലെ മരാര്‍ജി ഭവന്‍ പുതുക്കിപണിയുന്നതിനാല്‍ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് താത്കാലികമായി മാറ്റി സ്ഥാപിച്ചതും വട്ടിയൂര്‍ക്കാവിലേക്കാണ്.

കേരള സർവ്വകലാശാല മുതൽ പിഎസ്‍സി വരെ...നഗരസഭാ കാര്യാലയം മുതൽ ജില്ലാ പ‍ഞ്ചായത്ത് ആസ്ഥാനം വരെ...വിക്രംസാരാഭായ് സ്പെസ് സെന്‍റർ,മ്യൂസിയം,കനകക്കുന്ന് അങ്ങനെ എത്രഎത്ര സ്ഥാപനങ്ങൾ സ്ഥലങ്ങൾ. മത സാമുദായിക രംഗമെടുത്താൽ ലത്തീൻ സഭയുടെയും,മലങ്കര കത്തോലിക്കാ സഭയുടെയും, സിഎസ്ഐ സഭയുടെ ആസ്ഥാനം.ഒട്ടനവധി പ്രശസ്തമായ മുസ്ലീംപള്ളികളും ക്ഷേത്രങ്ങളും.അങ്ങനെ ഭരണ രാഷ്ട്രീയ സാമുദായിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഈ നഗരത്തിന്‍റെ ‘തല’ സ്ഥാനം തന്നെയാണ് ഈ മണ്ഡ‍ലം.

വട്ടിയൂര്‍ക്കാവിന്‍റെ രാഷ്ട്രീയം

42 ശതമാനം നായര്‍ വോട്ടുകളുള്ള മണ്ഡലത്തില്‍ എന്‍എസ്എസിനുള്ളത് നിര്‍ണായക സ്വാധീനമാണ്. വോട്ടര്‍മാരിലേറെയും ഇടത്തരക്കാര്‍. ആയിരത്തിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വോട്ടര്‍ പട്ടികയിലുണ്ട്. ഇതോടൊപ്പം ന്യൂനപക്ഷത്തിനും ശക്തമായ സാന്നിധ്യം. രാഷ്ട്രീയച്ചിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനും തുല്യശക്തിയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അതാണ് വട്ടിയൂര്‍ക്കാവിനെ തെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നതും.

വട്ടിയൂര്‍ക്കാവിന്‍റെ പാതിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത് സിപിഎമ്മും പ്രതിപക്ഷത്ത് ബിജെപിയുമാണ്. അതേസമയം വട്ടിയൂര്‍ക്കാവ് എംഎല്‍എ സ്ഥാനം കെ മുരളീധരനിലൂടെ കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് കൈയടക്കി വച്ചിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ബിജെപിയുടെ എ പ്ലസ് മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറിയിട്ടുണ്ട്.

എന്നാൽ, വട്ടിയൂര്‍ക്കാവെന്ന മണ്ഡലം രൂപീകൃതമായതിനുശേഷം കോണ്‍ഗ്രസിനെ മാത്രം ജയിപ്പിച്ച മണ്ഡലമാണെങ്കിലും പഴയ രൂപമായ തിരുവനന്തപുരം നോര്‍ത്തില്‍ ആധിപത്യം ഇടതിനായിരുന്നു. പിന്നീട് ബിജെപിയുടെ വളര്‍ച്ചയാണ് സിപിഎമ്മിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയത്. 1977 ല്‍ രൂപീകൃതമായ തിരുവനന്തപുരം നോര്‍ത്തില്‍ 2011 ന് ഇടയില്‍ നടന്ന എട്ട് തെരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ഇടതുപക്ഷമായിരുന്നു ജയിച്ചുകയറിയത്. യുഡിഎഫി ജയിച്ചത് മൂന്ന് തവണ മാത്രമാണ്. എല്‍ഡിഎഫിന്‍റെ അഞ്ച് വിജയങ്ങളില്‍ നാല് സീറ്റും സ്വന്തമാക്കിയത് സിപിഎം നേതാവ് എം വിജയകുമാറാണ്. 1987 മുതല്‍ 1996 വരെ ഹാട്രിക് ജയം നേടിയ വിജയകുമാറിന് പിഴച്ചത് 2001 ല്‍ നിലവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിനോട് മത്സരിച്ചപ്പോള്‍‍ മാത്രമായിരുന്നു. എന്നാല്‍ 2006 ല്‍ വിജയകുമാര്‍ മണ്ഡലം തിരിച്ച് പിടിച്ചിരുന്നു.

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>

click me!