വില്ലനായി കൊവിഡ്; രോഗ ദുരിതങ്ങൾക്കിടയിൽ ഡോണൽ നെറ്റോ

By Web TeamFirst Published Jul 7, 2021, 5:50 PM IST
Highlights

അഞ്ച് വർഷമായി ഭാഗ്യക്കുറി വിറ്റ് ജീവിക്കുന്നതിനിടെ ആയിരുന്നു ഡോണലിനെ ഹൃദ്രോഗവും പിടികൂടുന്നത്.

കായംകുളം: കൂട്ടുങ്കൽ കായൽവാരം ഡോണൽ നെറ്റോ പോരാടുന്നത് കാൻസറിനോടും ഹൃദ്രോഗത്തോടുമാണ്. 
19 വർഷത്തിന് മുൻപ് തലയിൽ മുഴ വന്നപ്പോഴാണ് കാൻസറാണെന്ന് കണ്ടെത്തിയത്. രോഗാതുരമായ ജീവിതത്തിനിടയിൽ നാല് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടെ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ജന്മനാ നട്ടെല്ല് മുതൽ താഴോട്ട് തളർച്ചയുള്ള ഡോണൽ ചായക്കട നടത്തിയാണ് ജീവിതം പച്ചപിടിപ്പിച്ചിരുന്നത്. പിന്നീട് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞു. 

അഞ്ച് വർഷമായി ഭാഗ്യക്കുറി വിറ്റ് ജീവിക്കുന്നതിനിടെ ആയിരുന്നു ഡോണലിനെ ഹൃദ്രോഗവും പിടികൂടുന്നത്.
നട്ടെല്ലിനുള്ള ശസ്ത്രക്രിയയും ചികിത്സയും തുടരുന്നതിനിടെ തൊണ്ടയിൽവന്ന മുഴയും കാൻസറാണെന്ന് സ്ഥിരീകരിച്ചു.  ശസ്ത്രക്രിയയും വേണ്ടിവന്നു. പിന്നീട് വയറിൽ നീർക്കെട്ട് മാറുന്നതിനും ശസ്ത്രക്രിയ നടത്തി. ഇനി അപ്പെൻഡിക്സിനും ഹെർണിയയ്ക്കും ശസ്ത്രക്രിയ നിശ്ചിച്ചിരിക്കുകയാണ്. 

ഇതിനിടയിലാണ് വീട് നിർമാണത്തിനായി ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ വായ്പയെടുത്തത്. അത് പലിശയടക്കം 7 ലക്ഷമായി. കുറച്ച് പണമെങ്കിലുമടച്ചില്ലെങ്കിൽ ജപ്തിയുണ്ടാകുമെന്ന് സഹകരണ ബാങ്കിന്റെ നോട്ടീസും വന്നു. മകൻ ബിപിൻ നെറ്റോ ലോട്ടറിക്കടയിൽ ജോലിചെയ്യുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. കൊവിഡ് വ്യാപനത്തോടെ ലോട്ടറി വിൽപ്പനയും മന്ദ​ഗതിയിലാണ്. പഠനത്തിൽ മികവു പുലർത്തിയ ബിപിന് വീട്ടിലെ കഷ്ടപ്പാട് കാരണം പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഭർത്താവിന്റെ ചികിത്സയുമായി പോകേണ്ടതിനാൽ ഭാര്യ ലിസിക്ക് ചിലപ്പോഴെ കൂലിപ്പണിക്ക് പോകാൻ സാധിക്കുകയുള്ളൂ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!