എട്ടിനെ മൂന്നാക്കി തിരുത്തി; ലോട്ടറി കച്ചവടക്കാരിക്ക് നഷ്ടമായത് 4600 രൂപ

By Web TeamFirst Published Dec 6, 2020, 4:33 PM IST
Highlights

സംഭവത്തില്‍ ഊന്നുകല്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. സമീപത്തെ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. 

കോതമംഗലം: തിരുത്തിയ ലോട്ടറി നൽകി കച്ചവടക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്തു. തലക്കോട് തടി ഡിപ്പോയുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ലിസി പ്രദീപ് എന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 

നടന്ന് ലോട്ടറി വില്‍ക്കുന്ന ലിസി വെള്ളിയാഴ്ച രാവിലെ ഊന്നുകല്‍ വെള്ളമാകുത്ത് ഭാഗത്തേക്ക് പോകുകയായിരുന്നു. ബൈക്കിലെത്തിയ യുവാവ് രണ്ടായിരം രൂപയുടെ സമ്മാനാര്‍ഹമായ മൂന്ന് ലോട്ടറി ടിക്കറ്റുകളാണ് ലിസിയെ ഏല്‍പ്പിച്ചത്. മൂവായിരം രൂപയും 40 രൂപയുടെ നാല്പത് ലോട്ടറിയും വാങ്ങി. ബാക്കി തുക പിന്നീട് മതിയെന്നും പറഞ്ഞ് യുവാവ് കടന്നുകളയുകയും ചെയ്തു.

മറ്റൊരു നമ്പര്‍ തിരുത്തി സമ്മാനാര്‍ഹമായ നമ്പരാക്കിയതാണെന്ന് പിന്നീടാണ് ലിസി തിരിച്ചറിഞ്ഞത്. ബുധനാഴ്ച നറുക്കെടുപ്പ് നടത്തിയ അക്ഷയ ടിക്കറ്റാണ് തട്ടിപ്പിന് ഉപയോഗിച്ചത്. 3884-ല്‍ അവസാനിക്കുന്ന ടിക്കറ്റിനായിരുന്നു 2000 രൂപ സമ്മാനം. 8884 എന്ന നമ്പരിലെ ആദ്യത്തെ എട്ട് തിരുത്തി മൂന്നാക്കിയാണ് ലിസിയെ പറ്റിച്ചത്. 

സംഭവത്തില്‍ ഊന്നുകല്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. സമീപത്തെ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. 

click me!