2.60 ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ചു; പിടിവിടാതെ പൊലീസ്, ഒടുവിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

By Web TeamFirst Published Dec 5, 2020, 10:49 AM IST
Highlights

മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറിലധികം  മൊബൈൽ നമ്പറുകളും ടവർ  ലൊക്കേഷനും  പ്രതിയുടെ  കോണ്ടാക്ടുകൾ  പരോശോധിച്ചുമാണ് അന്വേഷണ സംഘം പ്രതിയുടെ അറസ്റ്റിന് കളമൊരുക്കിയത്. 

താനൂർ: താനൂരിൽ സി കെ വി ലോട്ടറി ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ ലോക്ക് പൊട്ടിച്ച് ലോട്ടറിയും പണവും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. തമിഴ്‌നാട് ചിന്ന കാഞ്ചീപുരം വരദരാജപുരം സ്വദേശി ശശികുമാർ(40) ആണ് പിടിയിലായത്.

കഴിഞ്ഞ മാസം 15ന് രാത്രിയിലാണ് സംഭവം. കടയിലെ ഷട്ടറിന്റെ പൂട്ടു പൊളിച്ചു അകത്തു കയറിയ ഇയാൾ മേശ വലിപ്പ്  കുത്തിതുറന്ന് 20000 രൂപയുടെ സമ്മാനത്തുക അടിച്ച  ലോട്ടറി അടക്കം 2.60 ലക്ഷം രൂപയുടെ ലോട്ടറിയും 3000 രൂപയും മോഷ്ടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് താനൂർ സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദിന്റെ നേതൃത്വത്തിൽ  അന്വേഷണസംഘം നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രതിയെ പിടികൂടാനായത്.

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞയാളുടെ ഫോട്ടോ ഉപയോഗിച്ചാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. കളവുപോയ ലോട്ടറികളിൽ സമ്മാനമടിച്ച ലോട്ടറികൾ മാറാൻ വരുന്നവരെ കുറിച്ച് വിവരം നൽകാൻ ലോട്ടറി ഏജൻസികൾക്ക് പൊലീസ് നിർദ്ദേശവും നൽകി. ലോട്ടറികളുടെ സീരിയൽ നമ്പറുകളും പ്രതിയുടെ സിസിടിവി ദൃശ്യവും അടക്കം പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളിലെ ലോട്ടറി ഏജൻസികൾക്ക് പൊലീസ് ഷെയർ ചെയ്തിരുന്നു.

അതിനിടക്ക് പാലക്കാട് ജില്ലയിൽ കളവുപോയ ടിക്കറ്റിലെ 15,000 രൂപ സമ്മാനമുള്ള ടിക്കറ്റ് മാറ്റിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് അന്വേഷണ സംഘം ഇയാളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് വെച്ച് ഇയാൾ പിടിയിലായത്. പിടിയിലാകുന്നതിന് മുൻപ് ഇയാൾ തൃശ്ശൂരിലെത്തി പ്രൈസുള്ള ടിക്കറ്റ് മാറ്റാനും ശ്രമിച്ചിരുന്നു. താനൂർ പൊലീസ് നേരത്തെ വിവരം നൽകിയതിനെ തുടർന്ന് കടയുടമ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു.

പിന്നീട് പ്രതി പുതിയ സിം ഫോൺ കണക്ഷൻ എടുത്ത് കാഞ്ചിപുരത്ത് പോയി. വീട്ടിൽ കിടക്കാതെ ശബരിമലക്കു പോകാൻ മാലയിട്ട പ്രതി അമ്പലങ്ങളിലും മറ്റും ഒളിച്ചു താമസിച്ചുവരികയായിരുന്നു. ഇതിനിടെ പ്രതി മൂന്ന് തവണ സിം കാർഡ് മാറ്റിയെങ്കിലും ഇയാൾ ഉപയോഗിച്ച ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വലയിൽ ആകുകയായിരുന്നു.

മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറിലധികം  മൊബൈൽ നമ്പറുകളും ടവർ  ലൊക്കേഷനും  പ്രതിയുടെ  കോണ്ടാക്ടുകൾ  പരോശോധിച്ചുമാണ് അന്വേഷണ സംഘം പ്രതിയുടെ അറസ്റ്റിന് കളമൊരുക്കിയത്. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ്  കോടതിയിൽ ഹാജരാക്കി. താനൂർ സി ഐ പി പ്രമോദ്, എസ് ഐമാരായ എൻ ശ്രീജിത്ത്, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ സലേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സബറുദ്ധീൻ, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

click me!