ഭാഗ്യമിത്ര ഭാ​ഗ്യാന്വേഷികളിൽ വർധന; ഇത് വരെ വിറ്റത് 44.84 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് നാളെ

By Web TeamFirst Published Dec 5, 2020, 4:13 PM IST
Highlights

ഭാഗ്യമിത്രയുടെ വരവോടെ കൊവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു.

തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യുടെ നറുക്കെടുപ്പ് നാളെ. ഇതുവരെ ഭാ​ഗ്യക്കുറിയുടെ 44.84 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട്, എറണാകുളം ജില്ലകളിലാണെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഭാഗ്യമിത്രയുടെ ആദ്യ നറുക്കെടുപ്പ് നാളെ മൂന്നു മണിയ്ക്ക് നടക്കും.

പാലക്കാട് 3, 16,000 ടിക്കറ്റുകളും എറണാകുളത്ത് 3,04,000 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയത്. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും.

ഭാഗ്യമിത്രയുടെ വരവോടെ കൊവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു.

click me!