‘ഒറിജിനലിനെ വെല്ലും വ്യാജൻ‘; ക്യാൻസർ രോഗിയായ ലോട്ടറി കച്ചവടക്കാരനിൽ നിന്നും തട്ടിയെടുത്തത് 4000 രൂപ

By Web TeamFirst Published Oct 7, 2020, 11:07 AM IST
Highlights

കാലടി തോട്ടകം സ്വദേശിയായ സൈമൺ ക്യാൻസർ രോഗിയാണ്. ലോട്ടറി വിൽപനയിലൂടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് കഴിക്കുന്നതിനിടെയാണ് സൈമണിനെ ഒരാൾ ചതിച്ചത്. 

എറണാകുളം: പലർക്കും ഭാഗ്യം കൊണ്ട് തരുന്നവരാണ് ലോട്ടറി കച്ചവടക്കാർ. എന്നാൽ നിർധനരായ ഇവർക്ക് തിരിച്ച് പണി കൊടുക്കുന്നവരുമുണ്ട് നാട്ടിൽ. എറണാകുളം കാലടിയിലെ ലോട്ടറി കച്ചവടക്കാരനായ സൈമണിനെയാണ് വ്യാജലോട്ടറി നൽകി പറ്റിച്ച് നാലായിരം രൂപ കവർന്നത്.

കാലടി തോട്ടകം സ്വദേശിയായ സൈമൺ ക്യാൻസർ രോഗിയാണ്. ലോട്ടറി വിൽപനയിലൂടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് കഴിക്കുന്നതിനിടെയാണ് സൈമണിനെ ഒരാൾ ചതിച്ചത്. വ്യാജ ലോട്ടറി നൽകി ഇയാൾ പറ്റിച്ചത് 4000 രൂപയാണ്. കാലടിയിലെ വിവിധ പ്രദേശങ്ങളിൽ സൈമൺ ലോട്ടറി വിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരാൾ തനിക്ക് 1000 രൂപ വീതം ലോട്ടറി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് 4 ടിക്കറ്റുകൾ മാറാൻ നൽകി. നമ്പർ തിരുത്തിയ ലോട്ടറിയായിരുന്നു അത്. സൈമൺ ലോട്ടറി മാറി പണം നൽകി. ഇത് ഏജൻസിയിൽ നൽകിയപ്പോഴാണ് ചതി സൈമൺ അറിയുന്നത്.

ചുള്ളി സ്വദേശി മോഹനനും സമാനമായ അനുഭവമുണ്ടായി. മോഹനന് നഷ്ടമായത് 1000 രൂപയാണ്. പ്രായമായ ലോട്ടറി വിൽപ്പനക്കാരെയാണ് ഇങ്ങനെ പറഞ്ഞ് പറ്റിച്ച് പണം തട്ടുന്നത്. വ്യാജ ലോട്ടറി പെട്ടെന്ന് കണ്ടെത്താൻ ഇവർക്ക് കഴിയാറില്ല. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കാലടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

click me!