കടയുടെ ഷട്ടർ തകർത്ത് മോഷണം; അടിച്ചുമാറ്റിയത് രണ്ട് ലക്ഷത്തിലേറെ രൂപയുടെ ലോട്ടറി ടിക്കറ്റുകൾ

By Web TeamFirst Published Nov 16, 2020, 10:26 PM IST
Highlights

രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ഭാ​ഗ്യമിത്ര ടിക്കറ്റുകളുടെ അൻപതിലേറെ ബുക്കുകളാണ് നഷ്ടപ്പെട്ടതിൽ കൂടുതലും. 

താനൂർ: ലോട്ടറി കടയിൽ കയറിയ മോഷ്ടാവ് കവർന്നത് രണ്ട് ലക്ഷത്തിലേറെ രൂപയുടെ ലോട്ടറി ടിക്കറ്റുകൾ. താനൂർ ജംഗ്ഷനിലെ സികെവി ഹോൾ സൈയിൽ ആന്റ് റിട്ടേയിൽ ഷോപ്പിലാണ് ഷട്ടർ തകർത്ത് അകത്ത് കടന്ന് പണവും വിന്നിംഗ് ലോട്ടറിയും ബംബർ ലോട്ടറി ടിക്കറ്റുകളും മോഷണം നടത്തിയത്. 

ബുധനാഴ്ച നറുക്കെടുക്കുന്ന അക്ഷയ, വെള്ളിയാഴ്ച നറുക്കെടുക്കുന്ന നിർമ്മൽ, കേരള സർക്കാർ പുതിയതായി ഇറക്കിയ ഭാ​ഗ്യമിത്ര എന്നീ ടിക്കറ്റുകൾ, നറുക്കെടുപ്പ് കഴിഞ്ഞ് സമ്മാനം ലഭിച്ച ടിക്കറ്റുകൾ എന്നിവയാണ് മോഷണം പോയിട്ടുള്ളത്. രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ഭാ​ഗ്യമിത്ര ടിക്കറ്റുകളുടെ അൻപതിലേറെ ബുക്കുകളാണ് നഷ്ടപ്പെട്ടതിൽ കൂടുതലും. 

താനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും എത്തിയിരുന്നു. താനൂർ സിഐപി പ്രമോദിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മോഷ്ടവിന്റെ ചിത്രം കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

click me!