
തിരുവനന്തപുരം: അപകട കേസിലെ എഫ്ഐആര്‍ അട്ടിമറി നടത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് റെയ്ഞ്ച് ഡിഐജിയുടെ ശുപാർശ. പത്തനംതിട്ട മുൻ എസ് പി വിനോദ് കുമാർ, തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, എസ്എച്ച്ഒ സന്തോഷ് എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ഐജിക്ക് നൽകിയ ശുപാർശ. തിരുവല്ലയിൽ എഐജിയുടെ സ്വകാര്യവാഹനം ഇടിച്ച് പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. അട്ടിമറിക്ക് കാരണം എസ് പി വിനോദ് കുമാർ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് പത്തനംതിട്ട എസ് പി ആനന്ദ് റിപ്പോട്ട് നൽകി.
എഐജിയുടെ സ്വകാര്യവാഹനം കാൽനട യാത്രക്കാനെ ഇടിച്ചതിലാണ് തിരുവല്ല പൊലീസ് ഒത്തുകളിച്ചത്. വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരമായി പരിക്കേറ്റ നേപ്പാളുകാരനായ ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കിയാണ് സംഭവത്തിൽ കേസെടുത്തത്. ഓഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യവാഹനം കാൽനടയാത്രക്കാരനായ ഹോട്ടൽ തൊഴിലാളിയെ ഇടിച്ചിടുകയായിരുന്നു. എന്നാൽ എഐജിയെ സംരക്ഷിക്കാൻ വിചിത്ര നടപടിയാണ് തിരുവല്ല പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിനോദ് കുമാറിന്റെ സ്വകാര്യ കാർ ഓടിച്ചത് പൊലീസ് ഡ്രൈവർ തന്നെയായിരുന്നു. അയാളെ പ്രതി ചേർക്കാതെ അപകടത്തിൽ പരിക്ക് പറ്റിയ കാൽ നടയാത്രക്കാരനെയാണ് പ്രതിയാക്കിയത്. എഐജി വിനോദ് കുമാറിനായുള്ള ഒത്തുകളി പുറത്ത് വന്നതോടെയാണ് എഫ്ഐആറിൽ മാറ്റം വരുത്തി പൊലീസ് തടി ഊരുകയായിരുന്നു. എഐജിയുടെ സ്വകാര്യവാഹനം ഓടിച്ച പൊലീസ് ഡ്രൈവർ തന്നെ കേസിൽ പിന്നീട് പ്രതിയാക്കി.
റോഡ് അപകടങ്ങളിൽ ഇങ്ങനെ ഒരു കേസ് ഇത് ആദ്യമാണ്. എന്തിനാണ് എഐജിക്കായി തിരുവല്ല പൊലീസ് ഒത്തുകളിച്ചത് എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. മാത്രമല്ല പത്തനംതിട്ട എസ്പി ആർ ആനന്ദ് അവധിയിലുള്ളപ്പോൾ ആയിരുന്നു ഈ വാഹന അപകടവും അട്ടിമറിയും. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പോലും എഐജിയുടെ വാഹനം അപകടത്തിൽപ്പെട്ട കാര്യം എസ്പിയെ അറിയിച്ചില്ല. സംഭവത്തിൽ കടുത്ത അതൃപ്തത്തിയിലാണ് എസ്പി ആനന്ദ്. മാത്രമല്ല, സ്വകാര്യവാഹനം പൊലീസ് ഡ്രൈവറെ കൊണ്ട് ഓടിപ്പിച്ചതും എഐജിയുടെ ചട്ടവിരുദ്ധ നടപടിയാണ്. ഏറെക്കാലമായി പൊലീസ് സേനയിലെ വിവാദനായകനാണ് വി ജി വിനോദ് കുമാർ ഐപിഎസ്.