
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ വാഹന പരിശോധനക്കിടെ പൊലീസിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തല വെച്ച് വാഹന പരിശോധനക്കിടെയാണ് സംഭവം. പ്രതി സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞു. കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയം ഭാര്യയും കുഞ്ഞും ഇയാൾക്ക് ഉണ്ടായിരുന്നു. ഇവരെ സ്ഥലത്ത് ഉപേക്ഷിച്ചാണ് അതുൽ രക്ഷപ്പെട്ടത്.
രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചു. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന അതുൽ ഉൾപ്പടെ മൂന്ന് പ്രതികൾ പിടിയിലാകാനുണ്ട്. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശി പങ്കജ് മേനോനും ഒളിവിലാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രാജപ്പനെന്ന് വിളിക്കുന്ന രാജീവ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികൾക്ക് വാഹനം തരപ്പെടുത്തി നൽകിയ മേമന സ്വദേശി മനുവിനെയും അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 5 പ്രതികളുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. അതുൽ, ഹരി, പ്യാരി, രാജപ്പൻ എന്നിവരുടെയും ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. രണ്ട് ദിവസം മുന്‍പാണ് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾക്കായുള്ള വിപുലമായ അന്വേഷണത്തിലാണ് പൊലീസ്. ഇപ്പോഴും പ്രതികൾ ഒളിവിൽ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
5 പ്രതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇവരിൽ നാലുപേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്നയാളാണ് പങ്കജ് എന്നയാൾ. പങ്കജിനെ നേരത്തെ കൊല്ലപ്പെട്ട സന്തോഷ് ആക്രമിച്ചിരുന്നു. ഈ കേസിലാണ് വധശ്രമം ഉൾപ്പെടെ ചുമത്തപ്പെട്ട സന്തോഷ് ജയിലിൽ കഴിഞ്ഞത്. പങ്കജിനെ സന്തോഷ് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഇതിന്റെയൊക്കെ പ്രതികാരമായി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാകാമെന്ന് നിഗമനത്തിലാണ് പൊലീസ്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ വർഷങ്ങളായി പക നിലനിൽക്കുന്നുണ്ട്. ഇതും കൊലയ്ക്ക് കാരണമായേക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam