ബഫർസോണിൽ വാക്ക്പോര്, പ്രതിഷേധം, സമരം; ശബരിമല, മാർപാപ്പയെ ക്ഷണിച്ച മോദി, കനകകിരീടം ആർക്ക്? ഇന്നത്തെ 10 വാർത്തകൾ

By Web TeamFirst Published Dec 18, 2022, 6:16 PM IST
Highlights

ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമാണെന്നും എന്നാൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതൊരു അന്തിമ രേഖയല്ലെന്നും കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു

1 ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപ്പോര്‍ട്ട് അന്തിമ രേഖയല്ല: മുഖ്യമന്ത്രി

ബഫര്‍സോണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമാണെന്നും എന്നാൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതൊരു അന്തിമ രേഖയല്ലെന്നും കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. ഓരോ  പ്രദേശത്തെയും പ്രത്യേകത മനസിലാക്കാൻ വിദഗ്ദ സമിതിയെ വച്ചു. അതിന്‍റെ  തലപ്പത്ത് ആർക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തിലിനെയാണ് വച്ചത്.നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങൾ പൂർണമായി കണ്ടെത്തുമെന്നും പിണറായി കൂട്ടിച്ചേർത്തു.

2 'ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു', തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം

ബഫര്‍സോണ്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സി പി എം നേതൃത്വം രംഗത്തെത്തി എന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്ന്. ബഫർസോണിൽ ആർക്കും ആശങ്ക വേണ്ടെന്നും തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു എന്നും സി പി എം ഉറപ്പ് നൽകിയിട്ടുണ്ട്. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ തന്നെ സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സി പി എം ആവശ്യപ്പെട്ടിട്ടുണ്ട്.

3 ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം മാപ്പർഹിക്കാത്ത കുറ്റമെന്ന് വി ഡി സതീശൻ

ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം മാപ്പർഹിക്കാത്ത കുറ്റമെന്ന് അഭിപ്രായപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രംഗത്തെത്തിയിരുന്നു. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണ്ടയെന്ന് തീരുമാനിച്ചത് പിണറായി സർക്കാറെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വനമുണ്ട്. കൂടുതൽ ജനവാസ മേഖലയാണ് കേരളം. ഈ പ്രാധാന്യത്തോടെ വിഷയങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിക്കണം. അതിന് മാന്വൽ സർവേ നടത്തണം. ഉപഗ്രഹ സർവേയാണ് സുപ്രീം കോടതിക്ക് നൽകുന്നതെങ്കിൽ കോടതിയിൽ നിന്ന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു.

4 'ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ മാപ്പ് അബദ്ധജടിലം, പിന്‍വലിക്കണം'; സമരം പ്രഖ്യാപിച്ച് താമരശ്ശേരി രൂപത

ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമര പ്രഖ്യാപനവുമായി താമരശേരി രൂപത രംഗത്തെത്തിയതാണ് മറ്റൊരു പ്രധാന സംഭവം. പുറത്തുവന്നത് അബദ്ധങ്ങൾ നിറഞ്ഞ റിപ്പോർട്ടാണെന്ന് ചൂണ്ടികാട്ടിയാണ് താമരശേരി രൂപത നാളെ കോഴിക്കോട്ടെ മലയോര മേഖലകളിൽ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ  തയ്യാറായില്ലെന്ന് താമരശേരി രൂപത ബിഷപ്പ്  മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. ഇതിന് പിന്നിൽ ഗുഡാലോചന സംശയിക്കുന്നു. കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍  അതിര്‍ത്തി നിശ്ചയിക്കണം എന്നാണ് സഭയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളൂ. ആര്‍ക്കും മനസ്സിലാകാത്ത ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇവിടെ പുറത്ത് വിട്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

5 ശബരിമലയിൽ മുതിര്‍ന്നവര്‍ക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തി

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികൾക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം ഞായറാഴ്ച അവധി ദിനമായിട്ടും ശബരിമല സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തെങ്കിലും തിരക്കില്ലാത്തതിനാൽ രാവിലെ എട്ട് മണിക്ക് ശേഷം നടപ്പന്തൽ മതലുള്ള നിയന്ത്രണം ഒഴിവാക്കി. തിരക്കുള്ള സമയങ്ങളിൽ കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും പതിനെട്ടാം പടി യിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ  തുടരുകയാണ്.  

6 ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി ദിവ്യാ നായര്‍ പൊലീസ് കസ്റ്റഡിയിൽ, 29 പേരിൽ നിന്ന് 1.85 കോടി തട്ടി

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. വെഞ്ഞാറമൂട് പൊലീസ് ആണ് ദിവ്യ നായരെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിൽ എത്തിയാണ് പൊലീസ് സംഘം ഇവരെ കസ്റ്റ‍ഡിയിലെടുത്തത്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. 29 പേരിൽ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പൊലീസിന്‍റെ  പ്രാഥമിക വിലയിരുത്തൽ. ഇക്കഴിഞ്ഞ ഒക്ടോബർ 6 നാണ് കേസ് രജിസ്റ്റർ ചെയ്തതത്. ടൈറ്റാനിയം ലീഗൽ  എജിഎം ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. പണം നേരിട്ട് വാങ്ങിയ ദിവ്യാജ്യോതി എന്ന ദിവ്യാ നായരാണ്  ഒന്നാം പ്രതി, ദിവ്യാജ്യോതിയുടെ ഭർത്താവ് രാജേഷും പ്രതിയാണ്. പ്രേം കുമാർ, ശ്യാം ലാൽ എന്നിവരാണ് മറ്റുപ്രതികൾ.

7 'ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, രാഷ്ട്രീയ പ്രവർത്തനം തുടരും'; വിശദീകരിച്ച് സുരേഷ് കുറുപ്പ്

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് മുൻ കോട്ടയം എം പിയും സി പി എം നേതാവുമായ സുരേഷ് കുറുപ്പ് പ്രഖ്യാപിച്ചതാണ് മറ്റൊരു പ്രധാന സംഭവം. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറുകയാണെന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ സുരേഷ് കുറുപ്പ് വിശദീകരിച്ചു.

8 മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി, ക്ഷണിച്ചത് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. വത്തിക്കാനിൽ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചതെന്നും മോദി വെളിപ്പെടുത്തി. സ്നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെ കുറിച്ച് സംസാരിച്ചുവെന്നും മോദി പറഞ്ഞു. മാത്രമല്ല ലോകകപ്പിനെ കുറിച്ചും മോദി പരാമർശിച്ചു. വികസന തടസ്സത്തിന് ചുവപ്പ് കാർഡ് കാണിച്ചുവെന്നും ഫുട്ബോൾ ജ്വരം പടരുമ്പോൾ എന്തു കൊണ്ട് ഫുട്ബോൾ പദം ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ യുവാക്കളിൽ വിശ്വാസമുണ്ട്. ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. മേഘാലയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

9 'ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കൂ'; ഇറക്കുമതി കുറയ്ക്കാൻ ബിജെപി സർക്കാർ തയ്യാറാകണമെന്നും കെജ്രിവാൾ

ഇന്ത്യ - ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയതാണ് മറ്റൊരു പ്രധാനസംഭവം. ഇരട്ടി വില കൊടുത്തും ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങൾ വാങ്ങരുതെന്നാണ് ആംആദ്മി ദേശീയ കൗൺസിൽ യോഗത്തിൽ കെജ്‌രിവാൾ പറഞ്ഞത്. 90 ബില്യൺ ഡോളറിന്‍റെ ഉത്പന്നങ്ങൾ ആണ് രണ്ട് വർഷം മുമ്പ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്തത്. ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ ബിജെപി സർക്കാർ തയാറാകണം എന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

10 ആരും കൊതിക്കുന്ന കനകകിരീടം, ആരാകും മുത്തമിടുക, മെസിയോ എംബാപ്പെയോ? രാത്രി അറിയാം

ലോകമാകെ ആവേശം പരത്തിയ ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെയും എംബാപ്പെയെയും കാത്തിരിക്കുന്നത്.

click me!