Asianet News MalayalamAsianet News Malayalam

'ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യിൽ വന്ന സാമ്രാജ്യം...'; ലോകം ജയിക്കുക ആര്? ഫ്രാന്‍സും അര്‍ജന്‍റീനയും നേര്‍ക്കുനേർ

ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്

fifa world cup 2022 final today argentina vs france
Author
First Published Dec 18, 2022, 9:33 AM IST

ദോഹ: ലോകമാകെ ആവേശം പരത്തിയ ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്.

ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്. പരസ്പരമുള്ള വാക്പോരുകള്‍ മത്സരത്തിന് മുമ്പേ ശ്രദ്ധനേടി കഴിഞ്ഞു.

ലോകകപ്പ് ഫൈനല്‍ എന്നാല്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹ്യഗോ ലോറിസ് തുറന്നു പറഞ്ഞു. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ ലോറിസ് പറഞ്ഞു. ലോകകപ്പ് ഫൈനല്‍ എന്നത് ഫുട്ബോളില്‍ മഹത്തായ പാരമ്പര്യമുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ്. അത് മെസിയിലേക്ക് മാത്രമായി ചുരുക്കരുത്. മെസിയെപ്പോലൊരു കളിക്കാരന്‍ ഫൈനല്‍ കളിക്കുമ്പോള്‍ സ്വാഭാവികമായും ശ്രദ്ധ മുഴുവന്‍ അദ്ദേഹത്തെ പോലൊരു കളിക്കാരനിലാവും.

പക്ഷെ മെസി മാത്രമല്ല ഫൈനലിലുള്ളത്. ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ വ്യക്തമാ ഗെയിം പ്ലാനോടെയാവും ഫ്രാന്‍സ് ഇറങ്ങുക എന്നും അദ്ദേഹം വ്യക്തമാക്കി. കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും തമ്മിലുള്ള പോരാട്ടത്തിനൊപ്പം മധ്യനിര പിടിച്ചടിക്കാന്‍ അന്‍റോണിയോ ഗ്രീസ്‌മാനും എന്‍സോ ഫെര്‍ണാണ്ടസും തമ്മിലുള്ള പോരാട്ടം കൂടിയായി ഇന്നത്തെ മത്സരം മാറും. തന്ത്രങ്ങളുടെ ആശാനായ ദെഷാമും അര്‍ജന്‍റീനയെ കൈ പിടിച്ചുയര്‍ത്തിയ ലിയോണല്‍ സ്കലോണിയും തമ്മിലുള്ള മികവിന്‍റെ മാറ്റുരയ്ക്കല്‍ കൂടിയാണ് ഇന്നത്തെ ലോക പോരാട്ടം. 

അര്‍ജന്റീന- ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ആരെ പിന്തുണയ്ക്കുമെന്ന് ആരാധകന്റെ ചോദ്യം; ഷാരൂഖിന്റെ മറുപടി ഇങ്ങനെ

Follow Us:
Download App:
  • android
  • ios