ശുഭ വാർത്ത; കൊവിഡ് ബാധിച്ച രണ്ട് ​ഗർഭിണികൾ ആരോ​ഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

By Web TeamFirst Published Apr 23, 2020, 4:07 PM IST
Highlights

ദക്ഷിണ മുംബൈയിൽ നിന്നുള്ള 35കാരി പെൺകുഞ്ഞിനും 25കാരി ഒരു ആൺകുഞ്ഞിനുമാണ് ജന്മം നൽകിയത്.

മുംബൈ: കൊറോണ വൈറസ് ബാധിച്ച രണ്ട് ​ഗർഭിണികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മുംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുപ്പത്തി അഞ്ചും, ഇരുപത്തി അഞ്ചും വയസുള്ള യുവതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

ദക്ഷിണ മുംബൈയിൽ നിന്നുള്ള 35കാരി പെൺകുഞ്ഞിനും 25കാരി ഒരു ആൺകുഞ്ഞിനുമാണ് ജന്മം നൽകിയത്. കുഞ്ഞുങ്ങളുടെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്തോഷം പകരുന്ന വാർത്തയായി മാറി. ​

അമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഉള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി ആയിരുന്നു പ്രസവം. രണ്ട് കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണ്. മൂന്നാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ കുഞ്ഞുങ്ങളുടെ കൊവിഡ് പരിശോധന നടത്തുമെന്നും പ്രസവം നടത്തിയ ഡോക്ടർ അറിയിച്ചു. 

click me!